

ഒരു നേരമെങ്കിലും ചോറുണ്ണാത്ത മലാളികൾ കുറവായിരിക്കും. അത്രത്തോളം ചോറ് നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മില്ലറ്റ് എന്ന ചെറുധാന്യങ്ങളും ജനപ്രിയമാകുന്നുണ്ട്. മലയാളികൾക്കിടയിൽ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവ വർധിച്ചതോടെ ആളുകൾ കൂടുതൽ ആരോഗ്യകരമായ ഭക്ഷണശീലമാണ് അന്വേഷിക്കുന്നത്.
അപ്പോൾ, ഉയരാവുന്ന ഒരു പ്രധാന ചോദ്യമാണ് ദിവസവും കഴിക്കാൻ ചോറ് ആണോ മില്ലറ്റണോ നല്ലതെന്ന്! രണ്ടിലും ഗുണങ്ങളും പരിമിതികളുമുണ്ട്. നമ്മുടെ ശരീരാവസ്ഥക്കും ജീവിതശൈലിക്കും അനുസരിച്ചാണ് ശരിയായ തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇന്ത്യയിലെ പ്രധാന ഭക്ഷ്യധാന്യമാണ് അരി. വെള്ളയരി, കുത്തരി, ബ്രൗൺ റൈസ് തുടങ്ങിയ പല ഇനത്തിൽ അരി ലഭ്യമാണ്. അതേസമയം റാഗി, ചാമ, തിന പോലുള്ള ചെറുധാന്യങ്ങളെ മൊത്തത്തിൽ വിളിക്കുന്നതാണ് മില്ലറ്റ്. പണ്ടു കാലങ്ങളിൽ ചെറുധാന്യങ്ങൾ പ്രധാന ഭക്ഷണമായിരുന്നെങ്കിലും അരിയുടെ വരവോടെയാണ് ഈ ശീലം മാറിയത്.
ഫൈബർ കൂടുതലാണ്
ദഹനം മന്ദഗതിയിലാകുന്നതിനാൽ വിശപ്പ് വേഗം തോന്നില്ല
രക്തത്തിലെ ഷുഗർ പെട്ടെന്ന് ഉയരുന്നത് കുറയ്ക്കാം
ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം പോലുള്ള ധാതുക്കൾ കൂടുതലായി ലഭിക്കും
ചില മില്ലറ്റുകളിൽ പ്രോട്ടീനും കൂടുതലാണ്
ശരീരത്തിന് വേഗത്തിൽ ഊർജം നൽകും
എളുപ്പം ദഹിക്കും
കുട്ടികൾക്കും വയോധികർക്കും അനുയോജമാണ്
മട്ട റൈസിൽ ഫൈബറും പോഷകങ്ങളും വെളുത്തരിയെക്കാൾ കൂടുതലുണ്ട്
മില്ലറ്റുകൾക്ക് സാധാരണയായി ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള കയറ്റം നിയന്ത്രിക്കാൻ ഇത് സഹായിക്കും. അതുകൊണ്ടു തന്നെ പ്രമേഹമുള്ളവർക്കും പ്രീഡയബറ്റിക് അവസ്ഥയിലുള്ളവർക്കും മില്ലറ്റ് നല്ലൊരു ഓപ്ഷനാണ്. എന്നാൽ മില്ലറ്റ് എന്നാൽ എല്ലാം ആരോഗ്യകരമെന്ന് കരുതരുത്. അമിതമായി കഴിച്ചാൽ കലോറി കൂടും. ശരിയായ അളവിലും സമതുലിതമായ ഭക്ഷണത്തോടൊപ്പം മാത്രമേ ഗുണം ലഭിക്കൂ.
മില്ലറ്റിൽ ഫൈബർ കൂടുതലായതിനാൽ കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇത് അമിതവിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മില്ലറ്റ് ഗുണം ചെയ്യും. എന്നാൽ മില്ലറ്റ് മാത്രം കഴിച്ചതു കൊണ്ട് ശരീരഭാരം കുറയണമെന്നില്ല. അതിനൊപ്പം വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്.
ചിലർക്ക് മില്ലറ്റ് വയറുവേദന, ഗ്യാസ്ട്രബിൾ, ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. തൈറോയ്ഡ് പ്രശ്നമുള്ളവർ ചില മില്ലറ്റുകൾ അധികമായി കഴിക്കുന്നത് ശ്രദ്ധിക്കണം. അതിനാൽ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടുന്നത് നല്ലതാണ്.
നമ്മുടെ പരമ്പരാഗത ഭക്ഷണത്തിന്റെ ഭാഗമാണ് ചോറ്. പ്രത്യേകിച്ച് മട്ട റൈസ് പോലുള്ള കുറച്ച് പ്രോസസ് ചെയ്തവ. ഇത് ആരോഗ്യകരവുമാണ്. അമിതമായി പ്രോസസ് ചെയ്ത വെള്ളയരി കഴിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്നതാണ് കുഴപ്പത്തിലാക്കുന്നത്.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മില്ലറ്റ് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാം.
മില്ലറ്റ് ദോശ, ഉപ്പുമാവ്, പായസം, കഞ്ഞി തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്.
അരിയോടൊപ്പവും മില്ലറ്റ് റെസിപ്പികൾ പരീക്ഷിക്കാം.
പച്ചക്കറികളും പ്രോട്ടീനും ചേർത്ത് സമതുലിത ഭക്ഷണമാക്കാം.
ആരോഗ്യാവസ്ഥ, പ്രായം, ജീവിതശൈലി, ശരീരത്തിന്റെ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ശരിയായ ഭക്ഷണരീതി തീരുമാനിക്കേണ്ടത്. മില്ലറ്റ് ആരോഗ്യകരമായൊരു ഓപ്ഷനാണെങ്കിലും അരി പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. അളവും സമതുലിതത്വവുമാണ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ യഥാർത്ഥ രഹസ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates