

രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ തന്നെ ഉത്കണ്ഠയാണ്. എന്തിനാണെന്ന് പോലും അറിയാതെ ഉള്ളിൽ ആശങ്കയും സമ്മർദ്ദവും നിറയുന്നു. ഈ അവസ്ഥയെ മോണിങ് ആങ്‌സൈറ്റി എന്നാണ് പറയുന്നത്. ഉറക്കം എഴുന്നേറ്റയുടൻ അസ്വസ്ഥത അനുഭവപ്പെടുക, ക്ഷീണം, പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ തോന്നുക, ഏകാഗ്രത ഇല്ലാതാവുക എന്നിവയൊക്കെ മോണിങ് ആങ്‌സൈറ്റിയുടെ ലക്ഷണങ്ങളാണ്.
എന്താണ് മോണിങ് ആങ്‌സൈറ്റി
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ആശങ്കയും സമ്മർദ്ദവും തോന്നുന്നതിനെയാണ് മോണിങ് ആങ്‌സൈറ്റി എന്ന് പറയുന്നത്.
ചില പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടും പാരമ്പര്യമായ പ്രശ്‌നങ്ങൾ കാരണവും മോണിങ് ആങ്‌സൈറ്റി ഉണ്ടാവാം. കൂടാതെ മുമ്പ് അനുഭവിച്ചിട്ടുള്ള ട്രോമയെ അതിജീവിക്കാൻ കഴിയാത്തതും ദിവസം എങ്ങനെ കടന്നു പോകുമെന്ന അമിതമായ ചിന്തയും മോണിങ് ആങ്സൈറ്റിക്ക് കാരണമാകാം. സമ്മർദ്ദം വധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, പഞ്ചസാര-കഫീൻ എന്നിവയുടെ അമിത ഉപയോഗവും രാവിലെ ഉത്കണ്ഠയ്ക്ക് കാരണമാണ്.
ലക്ഷണങ്ങൾ
വിശ്രമരഹിതമായി അനുഭവപ്പെടുക
അസ്വസ്ഥതയും നിരാശയും
അമിതക്ഷീണം
നെഞ്ചിൽ കനം തോന്നുന്നതുപോലെയും പേശികൾ വലിഞ്ഞുമുറുകുന്നതു പോലെയും തോന്നുക
ഹൃദയമിടിപ്പും ശ്വസനനിരക്കും വേഗത്തിലാവുക
മനസ്സിനെ ശാന്തമാക്കാൻ കഴിയാതിരിക്കുക
ആശങ്കകളെ നിയന്ത്രിക്കാൻ കഴിയാതാവുക
ഉറക്കക്കുറവ്
ദഹനക്കുറവ്
തലവേദന
എങ്ങനെ പരിഹരിക്കാം
വ്യായാമവും യോഗയും
ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ഈ അവസ്ഥയെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. വ്യായാമം, യോഗ എന്നിവ ശീലമാക്കുന്നത് ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ഉത്കണ്ഠാ ലക്ഷണങ്ങളെ കുറയ്ക്കുമെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ആങ്സൈറ്റി ആന്റ് ഡിപ്രഷൻ വ്യക്തമാക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ശ്വസനവ്യായാമങ്ങൾ ചെയ്യണം. ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ നെഗറ്റീവ് ചിന്തകൾ ഇല്ലാതാവുകയും ഉത്കണ്ഠയെ അകറ്റുകയും ചെയ്യും.
നല്ല ഉറക്കം നല്ല ആരോഗ്യം നൽകും
ഉറക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ല. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മദ്യത്തിന്റെ ഉപഭോഗവും കഫീൻ ശീലവും കുറയ്ക്കണം. ഭക്ഷണം പോഷകസമ്പന്നവും മിതവുമായിരിക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരപലഹാരങ്ങളും കുറയ്ക്കണം. അതിനുപകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates