

പുറത്തെ കൊടുംചൂട് ശാരീരികവും മാനസികവുമായും നമ്മെ തളർത്തുന്നതാണ്. ചൂട് ശമിക്കാൻ പലതും പരീക്ഷിക്കാറുണ്ട്. എന്നാൽ ശാസ്ത്രീയമല്ലെങ്കിൽ തിരിച്ചടിയാകാവും സാധ്യതയുണ്ട്. വെയിലത്തു നിന്നും കയറി വന്നാലുടൻ ഫ്രിജിൽ നിന്നും തണുത്ത വെള്ളം അതേപോലെ കുടിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. നിർജലീകരണം ഉണ്ടാകാതിരിക്കാനും ഉള്ളം തണുപ്പിക്കാനായി വേനൽകാലത്ത് ചെയ്യേണ്ട ചില കാര്യങ്ങള്‍.
ദാഹമില്ലെങ്കിൽ കൂടി അര മണിക്കൂർ കൂടുമ്പോൾ ഒരു കവിൾ വെള്ളമെങ്കിലും കുടിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
വേനൽക്കാലത്തും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടു മാത്രമല്ല, ജലസാംക്രമിക രോഗങ്ങളും അധികരിക്കുന്ന കാലമാണ് വേനൽ. 15 മിനിറ്റ് അടുപ്പത്തു വച്ചു വെട്ടിത്തിളപ്പിച്ച വെള്ളം ചൂടാറ്റിയ ശേഷം കുടിക്കുക.
ഉള്ളം തണുപ്പിക്കാൻ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. അതെല്ലെങ്കില്‍ തലേദിവസം ഉലുവയിട്ടു വച്ച വെള്ളം രാവിലെ കുടിച്ചാലും മതി.
പച്ചമാങ്ങയും ചുവന്നുള്ളിയും കാന്താരിമുളകും ഉപ്പും ചതച്ചു കഞ്ഞിവെള്ളത്തിൽ ചേർത്തു കുടിക്കാം. വേനൽച്ചൂടകറ്റാൻ നല്ലതാണിത്.
ചൂടു പ്രതിരോധിക്കാന്‍ മികച്ചതാണ് കരിക്കിൻ വെള്ളം. ദിവസവും കുടിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലതാണ്.
ഒരു ഗ്ലാസ് കരിമ്പിൻ നീരിൽ ഒരു വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു കുടിക്കാം. വെയിലത്തു പുറത്തു പോയി വരുമ്പോൾ ഇതു കുടിച്ചാൽ ഉള്ളം തണുക്കും.
തണ്ണിമത്തൻ, മാതളനാരങ്ങ പോലുള്ള പുളിപ്പ് കുറവും ജലാംശം കൂടുതലുമുള്ള പഴങ്ങൾ കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും നല്ലതാണ്. വെള്ളരിക്ക, കുമ്പളങ്ങ എന്നിവയുടെ ജ്യൂസും കുടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates