

ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന രക്തപരിശോധന വികസിപ്പിച്ച് യുകെയിൽ നിന്നുള്ള ഗവേഷകർ. രോഗനിർണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ മെച്ചപ്പെടുത്താനും ലങ്‌കാൻസീക്ക് എന്ന് വിളിക്കുന്ന എഐ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
ഫ്യൂറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യയാണ് ഈ പരിശോധനയിൽ ഉപയോഗിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്‌എസ് ട്രസ്റ്റ് (യുഎച്ച്‌എൻഎം), കീലെ സർവകലാശാല, ലോഫ്ബറോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് കണ്ടുപിടിത്തതിന് പിന്നിൽ.
ട്യൂമറിൽ നിന്ന് വേർപെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാൻസർ കോശങ്ങളെ (CTC) കണ്ടെത്തുന്നതിനുള്ള നിലവിലെ രീതികൾ സങ്കീർണ്ണവും ചെലവേറിയതുമാണ്. ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും വരില്ല. കാരണം രക്തത്തിലാകുമ്പോൾ അവയുടെ ആകൃതിയും സ്വഭാവത്തിലും മാറ്റം വരുന്നു. എന്നാൽ രക്തത്തിലെ ഓരോ കോശത്തിനും ഒരു കെമിക്കൽ ഫിംഗർപ്രിന്റുണ്ട്. ഇത് പുതിയ പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും.
ശ്വാസകോശ അർബുദ കോശങ്ങൾക്ക് സാധാരണ കോശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫിംഗർപ്രിന്റാണെന്ന് ഗവേഷകർ കണ്ടെത്തി. ഇത് ഡിജിറ്റലായി വിശകലനം ചെയ്യുമ്പോൾ ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങളിൽ നിന്ന് ഒരു കാൻസർ കോശത്തെ പോലും കണ്ടെത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
1,814 പേരാണ് പഠന വിധേയമായത്. ഇതിൽ 1,095 പേർ ശ്വാസകോശ അർബുദബാധിതരും 719 പേർ കാൻസർ ഇല്ലാത്തവരുമാണ്. എഐയുടെ സഹായത്തോടെ ലങ്‌കാൻസീക്ക് പരിശോധനയിൽ പോസിറ്റീവ് ആയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാൻ (LDCT) ഉപയോഗിച്ച് രോഗം സ്ഥിരീകരിച്ചു. ഈ നൂതന സമീപനം ഡോക്ടർമാരെ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താനും അനാവശ്യ സ്കാനുകൾ കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates