

കൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഉയര്‍ന്നതായതിനാല്‍ നിപയുടെ ആവര്‍ത്തനസാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസിന്റെ വാഹകരായ പഴംതീനി വവ്വാലുകളില്‍ ഇപ്പോള്‍ 50 ശതമാനത്തോളം വൈറസ് ബാധയുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്സ്' അഭിമുഖത്തിലാണ് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ലോകബാങ്കിന്റെ പാന്‍ഡെമിക് ഫണ്ടിന്റെ സാങ്കേതിക ഉപദേശക സമിതി അംഗവുമായ രാജീവ് സദാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിപ വൈറസ് ബാധയുടെ പ്രധാന വാഹകര്‍ Pteropus medius വിഭാഗത്തില്‍പ്പെട്ട പഴംതീനി വവ്വാലുകളാണ്. ഇവ പരസ്പരം സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ വൈറസ് പകരും. എന്നാല്‍ വൈറസ് ബാധയുണ്ടായാലും വവ്വാലുകള്‍ ചത്തുപോകില്ല. പകരം വൈറസിന്റെ വാഹകരായി തുടരുകയും മറ്റുള്ളവരിലേക്ക് രോഗാണു വ്യാപിപ്പിക്കുകയും ചെയ്യും. നിപ ബാധയുടെ ആദ്യഘട്ടത്തില്‍ വവ്വാലുകളില്‍ ഏകദേശം 22 ശതമാനത്തോളം വൈറസ് ബാധയുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. അതിനാല്‍ ഈ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ബംഗ്ലാദേശില്‍ എല്ലാ വര്‍ഷവും നിപ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും എല്ലാ വര്‍ഷവും രോഗബാധ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് രാജീവ് സദാനന്ദന്‍ പറഞ്ഞു.
കേരളത്തില്‍ നിപ കേസുകള്‍ കൂടുതലായി കോഴിക്കോട് ജില്ലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 2019ല്‍ ഇടുക്കിയിലും നിപ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തെവിടെയും രോഗബാധയുണ്ടാകാം. കേസുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്നതിലെ സുതാര്യതയാണ് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018ലെ നിപ വ്യാപനസമയത്ത് രോഗവ്യാപ്തി തിരിച്ചറിയാന്‍ വൈകിയിരുന്നുവെന്ന് രാജീവ് സദാനന്ദന്‍ പറഞ്ഞു. ഏകദേശം 18 ദിവസത്തെ കാലതാമസമുണ്ടായി. നിപ ബാധിച്ചാല്‍ മരണനിരക്ക് 70 മുതല്‍ 100 ശതമാനം വരെയാകാമെന്ന ആശങ്കയുണ്ടായിരുന്നു. മലബാര്‍ മേഖലയില്‍ 254 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നായിരുന്നു അന്നത്തെ കണക്കുകൂട്ടല്‍. 300 പേരെ ചികിത്സിക്കാനുള്ള മുന്നൊരുക്കം നടത്തിയെങ്കിലും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ (PPE Kit) കുറവുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിട്ടു. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഗവേഷണ സമിതിക്ക് രൂപം നല്‍കുകയും രോഗവ്യാപനത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ ചട്ടങ്ങള്‍ക്കപ്പുറം ചില നടപടികള്‍ സ്വീകരിക്കേണ്ടിവന്നതായും അദ്ദേഹം വെളിപ്പെടുത്തി.
നിപ വ്യാപനത്തെക്കുറിച്ചുള്ള അവലോകനത്തില്‍ രണ്ട് പ്രധാന വീഴ്ചകളാണ് കണ്ടെത്തിയത്. രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും സര്‍ക്കാര്‍ ആശുപത്രികളിലെ അണുബാധ നിയന്ത്രണ നടപടികള്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ചെറുപ്പക്കാരില്‍ മസ്തിഷ്‌കസംബന്ധമായ ലക്ഷണങ്ങളോടെ രോഗം കണ്ടെത്തിയാല്‍ നിപ പരിശോധനയ്ക്കായി സാംപിളുകള്‍ അയക്കണമെന്നായിരുന്നു മാര്‍ഗനിര്‍ദേശം. എന്നാല്‍ ഇത് കൃത്യമായി പാലിക്കാത്തതിനെത്തുടര്‍ന്ന് അന്ന് 13 പേര്‍ക്ക് അണുബാധയുണ്ടായി. ആശുപത്രികളിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്നത്. ആശുപത്രികളിലെ അണുബാധ നിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
നിപ കാലത്ത് നേടിയ കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഏറെ സഹായകമായി. വുഹാനില്‍നിന്ന് എത്തിയവരെ നിരീക്ഷിക്കുകയും സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തത് മികച്ച നടപടിയായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പുറത്തുനിന്നുള്ള രോഗവ്യാപനം തടയാനും സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാല്‍ കോവിഡ് മരണങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതില്‍ ചില വിവരങ്ങള്‍ മറച്ചുവെച്ചത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു. ആരോഗ്യരംഗത്തെ മുന്‍കാല നേട്ടങ്ങളില്‍ മാത്രം അഭിമാനിച്ച് മുന്നോട്ടുപോകാനാകില്ലെന്നും പുതിയ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് നയങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിനും ആരോഗ്യകരമായ വാര്‍ധക്യത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഭാവിയില്‍ മറ്റൊരു മഹാമാരിയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അത് എപ്പോള്‍ സംഭവിക്കുമെന്നതാണ് ചോദ്യം. കാലാവസ്ഥാ വ്യതിയാനവും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വര്‍ധിച്ച സമ്പര്‍ക്കവും പുതിയ വൈറസുകള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates