

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. രുചിയിൽ കോംപ്രമൈസ് ചെയ്യാതെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് അടുക്കള ഉപകരണങ്ങളാണ് എയർഫ്രൈയറും ഓവനും. കൊഴുപ്പ് കുറയ്ക്കാൻ ഇവ രണ്ടും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്.
വേഗം പാകം ചെയ്യാൻ എയർഫ്രൈയർ
കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ചൂടിൽ ഭക്ഷണം ഫ്രൈ ചെയ്തെടുക്കുകയാണ് എയർ ഫ്രൈയർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ, വളരെ പെട്ടെന്ന് കുറഞ്ഞ അളവിൽ ഭക്ഷണം തയ്യാറാക്കാനും, ഫ്രോസൺ ഫുഡ്സ് വീണ്ടും മൊരിയിച്ചെടുക്കാനും ഏറ്റവും മികച്ച ഓപ്ഷൻ എയർ ഫ്രൈയർ ആണ്. മറ്റൊരു ഗുണം, എണ്ണയുടെ അളവു വളരെ കുറവു മതിയെന്നതാണ്.
ഇത് സാധാരണ ഫ്രൈ ചെയ്യാമെടുക്കുന്നതിനെക്കാൾ 70 മുതൽ 80 ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒന്നോ രണ്ടോ ടീസ്പൂൺ എണ്ണ ഉപയോഗിക്കാം, അല്ലെങ്കിൽ എണ്ണയില്ലാതെയും ഭക്ഷണങ്ങൾ ഉണ്ടാക്കിയെടുക്കാം. വൈദ്യുതിയുടെ ഉപയോഗവും കുറവായിരിക്കും. അതേപോലെ, മിക്ക എയർ ഫ്രൈയർ ബാസ്കറ്റുകളും നോൺ സ്റ്റിക്ക് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. അതിനാൽ, പാചകത്തിന് ശേഷം വൃത്തിയാക്കാനും വളരെ എളുപ്പമാണ്.
ബേക്കിങ്ങിനും റോസ്റ്റിങ്ങിനും ഓവന്‍
വലിയൊരു അളവിൽ ഭക്ഷണം തയ്യാറാക്കേണ്ടതുണ്ടെങ്കിൽ ഓവനാണ് നല്ലത്. കൂടുതൽ അളവിൽ പച്ചക്കറികൾ ഒന്നിച്ച് റോസ്റ്റ് ചെയ്യാനോ ഓരേ സമയം ഒന്നിലധികം ഇറച്ചി വിഭവങ്ങൾ തയ്യാറാക്കാനോ അല്ലെങ്കിൽ വലിയ കേക്കുകൾ ബേക്ക് ചെയ്യാനോ ഒക്കെ ഓവനാണ് കൂടുതൽ അനുയോജ്യം.
ബേക്കിങ്, റോസ്റ്റിങ്, ഗ്രില്ലിങ്, സ്ലോ കുക്കിങ് തുടങ്ങിയ നിരവധി പാചക രീതികൾ ഒരുമിച്ച് പരീക്ഷിക്കാൻ ഓവനിൽ സാധിക്കുന്നു. എയർ ഫ്രൈയറുകൾ മൊരിയിച്ചെടുക്കാന്‍ സഹായിക്കുമ്പോൾ, ഓവനുകൾ ഭക്ഷണത്തിൻ്റെ മയം നിലനിർത്തിക്കൊണ്ടുള്ള പാചകത്തിന് സഹായിക്കും.
ഒറ്റയ്ക്ക് അല്ലെങ്കില്‍ നാല് പേരടങ്ങുന്ന കുടുംബമാണെങ്കിൽ എയർ ഫ്രൈയറാണ് ഉചിതം. അതല്ല, വലിയ കുടുംബമാണെങ്കിലോ ബേക്കിങ് ഹോബിയായിട്ടുള്ളവരോ ആണെങ്കിൽ ഓവനാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates