

തനിക്ക് മൈലോമ സ്ഥിരീകരിച്ചെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻപ്രസിഡന്റും കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം മുൻമേധാവിയുമായ ഡോ. കെ പി അരവിന്ദൻ. അസഹ്യമായ പുറംവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗനിർണ്ണയം. കഴിഞ്ഞ നാല് പതിറ്റാണ് ആയിരക്കണക്കിന് കാൻസർ രോഗനിർണയം നടത്തിയ താൻ ഇപ്പോഴിതാ കാൻസർ രോഗനിർണയ റീപ്പോർട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നെന്ന് കുറിച്ചാണ് രോഗത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത്.
എന്താണ് മൈലോമ എന്നതിനെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. "ശരീരത്തിൽ ആൻ്റിബോഡികൾ നിർമ്മിക്കുന്ന ഫാക്ടറികളാണ് പ്ളാസ്മാ കോശങ്ങൾ (Plasma cells). എൻ്റെ ശരീരത്തിലെ ഒരു കൂട്ടം പ്ളാസ്മാ കോശങ്ങൾ എല്ലാ നിയന്ത്രണങ്ങളേയും നിയമങ്ങളേയും ധിക്കരിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ അവയുടേതായ പ്രത്യേക ബ്രാൻഡ് ആൻ്റിബോഡി തന്മാത്രകൾ (ഇമ്മ്യൂണോഗ്ളോബിനുകൾ) ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അസഹ്യമായ പുറംവേദന കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഈ പ്രത്യേക ഇമ്മ്യൂണോഗ്ളൊബുലിനുകൾ വർദ്ധിച്ചതായി കണ്ടെത്തിയതു വഴിയാണ് രോഗനിർണയം സാധ്യമായത്. പിന്നീട് മജ്ജ പരിശോധിച്ച് പ്ളാസ്മാ കോശങ്ങൾ വളരെയേറെ വർദ്ധിച്ചതായി കണ്ടതോടെ രോഗം സ്ഥിരീകരിച്ചു", അദ്ദേഹം കുറിച്ചു.
ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ നാൽപ്പതു വർഷക്കാലത്ത് ആയിരക്കണക്കിന് കാൻസർ രോഗനിർണയം നടത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളിലൂടെ, നൂതന വർഗീകരണങ്ങളിലൂടെ, പുതുപുത്തൻ ചികിത്സാ രീതികളിലൂടെ സഞ്ചരിച്ച് സയൻസിൻ്റെ അപാര കഴിവുകളിൽ അത്ഭുതം കൂറിയിട്ടുണ്ട്. കാൻസറിൻ്റെ സ്വാഭാവിക ഫലം മരണമെന്ന സ്ഥിതി മാറി, മിക്ക കാൻസറുകളേയും കീഴടക്കാമെന്ന സ്ഥിതി സംജാതമായതും ഇക്കാലത്താണ്. കൃത്യതയോടെയുള്ള രോഗനിർണയം ഇതിൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നതു കൊണ്ടു തന്നെ മാറ്റത്തിൻ്റെ പ്രതിനിധികളിൽ പെട്ടവൻ എന്ന് അഭിമാനം തോന്നിയിട്ടുണ്ട്.
പലപ്പോഴും രോഗനിർണയം കഴിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കിക്കഴിഞ്ഞാൽ, അതു കിട്ടുന്ന ആളിനെ പറ്റി ആലോചിക്കാറുണ്ട്. എന്തായിരിക്കും അവരുടെ മാനസികാവസ്ഥ? അമ്പരപ്പ്? നിരാശ? ഭാവിയെപറ്റിയുള്ള ആശങ്ക? പേടി? നേരിട്ട് ചെന്ന് കൃത്യമായി രോഗാവസ്ഥയെ പറ്റി പറഞ്ഞു കൊടുത്ത് ആശ്വാസവും ധൈര്യവും നൽകാൻ സാധാരണയായി ഒരു പത്തോളജിസ്റ്റിനു കഴിയാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്.
ഇപ്പോഴിതാ കാൻസർ രോഗനിർണയ റീപ്പോർട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നു! എനിക്ക് മൈലോമ (Myeloma) എന്ന രോഗം ബാധിച്ചിരിക്കുന്നതായ റിപ്പോർട്ട് രണ്ടു ദിവസം മുൻപ് കൈപ്പറ്റി. ശരീരത്തിൽ ആൻ്റിബോഡികൾ നിർമ്മിക്കുന്ന ഫാക്ടറികളാണ് പ്ളാസ്മാ കോശങ്ങൾ (Plasma cells). എൻ്റെ ശരീരത്തിലെ ഒരു കൂട്ടം പ്ളാസ്മാ കോശങ്ങൾ എല്ലാ നിയന്ത്രണങ്ങളേയും നിയമങ്ങളേയും ധിക്കരിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ അവയുടേതായ പ്രത്യേക ബ്രാൻഡ് ആൻ്റിബോഡി തന്മാത്രകൾ (ഇമ്മ്യൂണോഗ്ളോബിനുകൾ) ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അസഹ്യമായ പുറംവേദന കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഈ പ്രത്യേക ഇമ്മ്യൂണോഗ്ളൊബുലിനുകൾ വർദ്ധിച്ചതായി കണ്ടെത്തിയതു വഴിയാണ് രോഗനിർണയം സാധ്യമായത്. പിന്നീട് മജ്ജ പരിശോധിച്ച് പ്ളാസ്മാ കോശങ്ങൾ വളരെയേറെ വർദ്ധിച്ചതായി കണ്ടതോടെ രോഗം സ്ഥിരീകരിച്ചു. PET സ്കാനും, മറ്റു ചില ടെസ്റ്റുകളും വഴി രോഗം എത്രത്തോളം പുരോഗമിച്ചെന്ന് തിട്ടപ്പെടുത്തി. ഭാഗ്യവശാൽ ഒന്നാംസ്റ്റേജിൽ തന്നെയാണ്.
വൈകിക്കാതെ ഇന്നു തന്നെ ചികിത്സ തുടങ്ങി. സാധാരണ കീമോതെറാപ്പിക്കു ബദലായി മൈലോമ ബാധിച്ച കോശങ്ങളിലെ ചില തന്മാത്രക്കൂട്ടങ്ങളെ 'ടാർഗെറ്റ്' ചെയ്യുന്ന ചികിത്സയാണ് പ്രധാനം. കൂടെ മറ്റ് ചില അനുബന്ധ മരുന്നുകളും. പുതിയതരം Targeted therapy വഴി ചികിത്സയുടെ ഫലപ്രാപ്തി അടുത്ത കാലത്തായി വളരെയേറെ വർധിച്ചിട്ടുണ്ട്.
കോഴിക്കോടുള്ള എം.വി.ആർ കാൻസർ സെൻ്ററിലാണ് ചികിത്സ. അടുത്ത ഏതാനും മാസങ്ങളിൽ പൂർണമാവും. ആദ്യമാസം ആശുപത്രിയിൽ വന്ന് ആഴ്ചയിൽ രണ്ടു ദിവസം ഇൻജക്ഷനുകൾ എടുക്കുന്നതൊഴിച്ചാൽ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടാനാണ് ഉപദേശം. പിന്നെ പതുക്കെ പുറത്തിറങ്ങാമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിൽ മൈക്രോസ്കോപ്പും സൂമുമായി ജോലി തുടരാനാവുമെന്ന് കരുതുന്നു. കൂടെ കുറച്ച് എഴുത്തും പഠനവും.
മൈലോമ രോഗത്തെ തോൽപ്പിക്കാനാവുമെന്നാണ് ഇപ്പോഴത്തെ ദൃഢപ്രതീക്ഷ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates