തലച്ചോറിനൊരു പേസ്‌മേക്കർ; പാർക്കിൻസൺസിന് മരുന്ന് മാത്രമല്ല പ്രതിവിധി, ഡിബിഎസ് ചികിത്സ; അറിയേണ്ടതെല്ലാം

പാർക്കിൻസൺസ് രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ ശസ്ത്രക്രിയ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ലച്ചോറിനെ ബാധിക്കുന്ന ഒരു തേയ്മാന രോഗമാണ് പാർക്കിൻസൺസ്. ഒരിക്കൽ രോഗത്തിന്റെ പിടിയിലായാൽ പിന്നെ ജീവിതത്തിലുടനീളം അത് രോഗികളെ ഏറെ പ്രയാസപ്പെടുത്തും. അതുകൊണ്ടാണ് പാർക്കിൻസൺസ് രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന ശസ്ത്രക്രിയാ ചികിത്സയ്ക്ക് ഇപ്പോൾ പ്രാചരമേറുന്നത്. ഡിബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷനാണ് അതിനൂനതമായ ശസ്ത്രക്രിയാ ചികിത്സ. തലച്ചോറിന് ഒരു പേസ്‌മേക്കർ എന്നു വേണമെങ്കിൽ ഡിബിഎസിനെ ലളിതമായി വിശേഷിപ്പിക്കാം. 

ചലന സംബന്ധമായ പ്രശ്‌നങ്ങളാണ് പ്രധാനമായും പാർക്കിൻസൺസ് രോഗികളിൽ കാണുന്നത്. പ്രായം കൂടുന്തോറും രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കും. വിറയൽ, പേശികളുടെ മുറുക്കം, പ്രവർത്തന മന്ദത, വീഴുമെന്ന് തോന്നൽ തുടങ്ങിയ രോഗ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്തുകയാണ് പാർക്കിൻസൺസ് ചികിത്സയിൽ ചെയ്യുന്നത്. പക്ഷെ മരുന്നുകൾ നൽകിയുള്ള ചികിത്സയ്ക്ക് രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിൽ പലപ്പോഴും പരിമിതികൾ നേരിടാറുണ്ട്. 

എന്താണ് ഡിബിഎസ്സിന്റെ ​ഗുണം?

വിറയൽ, മാംസപേശികളുടെ മുറുക്കം, പ്രവൃത്തികൾ ചെയ്യാനുള്ള കാലതാമസം തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പാർക്കിൻസൺസ് രോഗികളിൽ സാധാരണ കണ്ടുവരുന്നത്. ഈ ലക്ഷണങ്ങളെ 50-70 ശതമാനം വരെ മെച്ചപ്പെടുത്താൻ ഡിബിഎസ് സഹായിക്കും. ചലന സംബന്ധമായ രോഗലക്ഷണങ്ങൾ കുറയുന്നതോടെ ദൈനംദിന പ്രവൃത്തികൾ സ്വന്തമായി ചെയ്യാൻ കഴിയുമെന്നത് രോ​ഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ഇതുതന്നെയാണ് ഡിബിഎസ് ശസ്ത്രക്രിയാ ചികിത്സയുടെ ഏറ്റവും വലിയ ഗുണം. പക്ഷെ ബാലൻസില്ലായ്മ, നടത്ത സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിൽ ഡിബിഎസിലൂടെ ലഭിക്കുന്ന ഗുണം കുറവായിരിക്കും. 

തലച്ചോറിനൊരു പേസ്‌മേക്കർ

ഇലക്ട്രോഡും ന്യൂറോസ്റ്റിമുലേറ്ററും തമ്മിൽ ബന്ധിപ്പിക്കുന്ന വൈദ്യുത തന്ത്രിയുമാണ് ഡിബിഎസ് ഉപകരണങ്ങൾ. ഇവ ശരീരത്തിനുള്ളിലാണ് സ്ഥാപിക്കുക. വളരെ സൂക്ഷ്മമായ ഒരു ഇലക്ട്രോഡ് ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ഘടിപ്പിക്കുകയാണ് ഡിബിഎസിൽ ചെയ്യുന്നത്. തലച്ചോറിലെ ഉത്തേജിപ്പിക്കേണ്ട ഭാഗത്തേക്ക് ഈ ഇലക്ട്രോഡ് ഇറക്കിവയ്ക്കും. വൈദ്യുത തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ന്യൂറോസ്റ്റിമുലേറ്റർ രോഗിയുടെ നെഞ്ചിന്റെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. പിന്നെ വൈദ്യുത തന്ത്രി ഉപയോഗിച്ച് തലച്ചോറിലെ ഇലക്ട്രോഡിനെ ന്യൂറോസ്റ്റിമുലേറ്ററുമായി ബന്ധിപ്പിക്കുന്നു. ഇവയിലൂടെയാണ് വൈദ്യുത തരംഗങ്ങൾ തലച്ചോറിലെത്തിക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ തലച്ചോറിൽ ഇലക്ട്രോഡ് ഘടിപ്പിക്കുന്ന സ്റ്റീരിയോടാക്ടിക് സർജറിയാണ് നടക്കുക. തലച്ചോർ എംആർഐ സ്‌കാൻ ചെയ്തതിനു ശേഷം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ന്യൂറോ നേവിഗേഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ന്യൂറോസ്റ്റിമുലേറ്ററിനേയും ഇതിനെ തലച്ചോറിലെ ഇലക്ട്രോഡുമായി ബന്ധിപ്പിക്കുന്ന വൈദ്യുത തന്ത്രികളേയും രോഗിയുടെ ശരീരത്തിൽ സ്ഥാപിക്കും. ശേഷം തലച്ചോർ സ്‌കാൻ ചെയ്ത് ഇലക്ട്രോഡ് കൃത്യസ്ഥാനത്താണെന്ന് ഉറപ്പാക്കും.

ഈ ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയാണ്. ഇതുവഴി പാർക്കിൻസൺസ് രോഗികൾക്ക് അവരുടെ ജീവിത നിലവാരം നല്ല തോതിൽ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോ. ശ്രീറാം പ്രസാദ് എ വി പറഞ്ഞു. ലൂർദിൽ മാത്രം രണ്ടു വർഷത്തിനിടെ 25 ഡിബിഎസ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

എല്ലാ പാർക്കിൻസൺസ് രോഗികൾക്കും പറ്റില്ല

എല്ലാ പാർക്കിൻസൺസ് രോഗികൾക്കും ഡിബിഎസ് ചികിത്സ ചെയ്യാൻ കഴിയില്ല. കണിശമായ മാനദണ്ഡങ്ങൾ പ്രകാരമാണ് രോഗിക്ക് ഡിബിഎസ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. മറവി രോഗം സാരമായി ബാധിച്ച പാർക്കിൻസൺസ് രോഗികൾക്ക് ഡിബിഎസ് ചെയ്യാൻ പാടില്ല. വിഷാദം, ചിത്തഭ്രമം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കിയതിനു ശേഷം മാത്രമെ ഡിബിഎസ് ചെയ്യാൻ പാടുള്ളൂ. ഡിബിഎസ് കൊണ്ട് രോഗിക്ക് ഗുണം ലഭിക്കുമോ എന്നറിയാൻ ശസ്ത്രക്രിയയ്ക്ക് മുൻപ് വിശദമായ പരിശോധനകളും നടത്തും. 

സങ്കീർണതകൾ

ഡിബിഎസ് ശസ്ത്രക്രിയയിൽ ചില സങ്കീർണ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയയുടെ സമയത്ത് തലച്ചോറിൽ ഉണ്ടായേക്കാവുന്ന രക്തസ്രാവമാണ് ഇതിൽ പ്രധാനം. ഡിബിഎസ് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ 1-2 ശതമാനം പേരിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ചെറിയ രക്തസ്രാവമാണെങ്കിൽ മറ്റു കുഴപ്പങ്ങളുണ്ടാകാറില്ല. എന്നാൽ വലിയതോതിലുള്ള രക്തസ്രാവം ശരീരത്തിന്റെ ഒരു വശത്തിന്റെ ബലക്ഷയത്തിന് കാരണമാകും. 250ൽ ഒരാൾക്കാണ് ഇത് കാണുന്നത്.

മറ്റൊരു സങ്കീർണത അണുബാധയാണ്. 2-3 ശതമാനം രോഗികളിലും ഇത് കാണാറുണ്ട്. ആന്റിബയോട്ടിക്‌സിനോട് പ്രതികരിക്കാത്ത ശക്തമായ അണുബാധയാണെങ്കിൽ ഡിബിഎസ് ഉപകരണം രോഗിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ അണുബാധ ചികിത്സിച്ചു ഭേദമാക്കിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് വീണ്ടും ഡിബിഎസ് ചെയ്യാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com