

പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് വ്യാപകമായി കൂടിവരികയാണ്. പലപ്പോഴും ആർത്തവ തകരാറെന്ന് നിസാരവൽക്കരിക്കുന്ന പിസിഒഎസ്സിന്റെ ഗൗരവം കൂടുതൽ മനസ്സിലാക്കുന്നതിന് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന രോഗത്തിന്റെ പേര് ആഗോളതലത്തിൽ പരിഷ്കരിച്ചു. ഇനി മുതൽ ഇത് 'പോളിസിസ്റ്റിക് മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം' (PMOS) എന്നാണ് അറിയപ്പെടുക.
ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഇൻസുലിൻ സംബന്ധമായ പ്രശ്നങ്ങളും അമിതവണ്ണവും കൃത്യമായി മനസ്സിലാക്കാൻ ഇത് സ്ത്രീകൾക്ക് ഏറെ സഹായകമാകും. രോഗനിർണ്ണയത്തിലും ചികിത്സയിലും ഇതൊരു വലിയ ചുവടുവെപ്പാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതു സംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകമെമ്പാടും ഏകദേശം എട്ടിൽ ഒരു സ്ത്രീക്ക് പിസിഒഎസ് ബാധിക്കുന്നു. ഇത് കൂടുതൽ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചതിലാണ് പേരുമാറ്റത്തിനുള്ള നിർദേശം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന പേര് കേൾക്കുമ്പോൾ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും.
എന്നാൽ പല സ്ത്രീകളിലും പിസിഒഎസ് രോഗനിർണയം നടത്തിയപ്പോഴും അണ്ഡാശയത്തിൽ അസാധാരണമായ സിസ്റ്റുകൾ കണ്ടെത്തിയില്ല. അണ്ഡാശയങ്ങൾക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നം എന്നതു കൊണ്ടു കൂടിയാണ് ആ രീതിയിൽ പേരു മാറ്റണമെന്ന വാദമുയർന്നത്.
രോഗാവസ്ഥ നിസ്സാരമായി കാണുന്നതു കൊണ്ട് തന്നെ രോഗനിർണയം വൈകാനും ആരോഗ്യസങ്കീർണതകൾക്കും കാരണമാകാറുണ്ട്. ആർത്തവ തകരാറുകൾക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചർമം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവിൽ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഹോർമോണൽ, മെറ്റബോളിക് ഡിസോർഡർ ആണിതെന്നും ആ രീതിയിൽ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ശരീരത്തിലെ ഒന്നിലധികം ഹോർമോണുകളെ ബാധിക്കുന്ന അവസ്ഥ എന്നതാണ് പോളിഎൻഡോക്രൈൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റബോളിക് എന്നത് ശരീരഭാരം, ഇൻസുലിൻ, രക്തത്തിലെ പഞ്ചസാര, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഓവറി എന്നത് പ്രത്യുത്പാദന ആരോഗ്യം, അണ്ഡോത്പാദനം എന്നിവയേക്കുറിച്ചും സിൻഡ്രോം എന്നാൽ ഒരുമിച്ച് സംഭവിക്കുന്ന ലക്ഷണങ്ങളുടെ ഒരു കൂട്ടത്തേയും സൂചിപ്പിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായാണ് പിഎംഒഎസിനെ കണക്കാക്കേണ്ടതെന്ന് ഗവേഷകർ പറയുന്നു.
ആഗോളതലത്തിൽ നടത്തിയ 22,000-ൽ അധികം സർവേ പ്രതികരണങ്ങൾ ആധാരമാക്കിയാണ് 14 വർഷം നീണ്ട വിലയിരുത്തലിനൊടുവിൽ പേരുമാറ്റുന്നതാണ് അഭികാമ്യമെന്ന് കണ്ടെത്തിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ പേര് ലോകമെമ്പാടും ക്രമേണ അവതരിപ്പിക്കുമെന്നും 2028- ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ പൂർണ്ണമായി നടപ്പാക്കുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ യുവതികൾക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നതിന്റെ നിരക്ക് വ്യാപകമായി കൂടുന്നുവെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ഏകദേശം 44 ദശലക്ഷം സ്ത്രീകൾ പിസിഒഎസുമായി ജീവിക്കുന്നവരാണ്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മെറ്റബോളിക് സിൻഡ്രോം തുടങ്ങി നിരവധി അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും പിസിഒഎസ് കാരണമാകുന്നുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിന് കീഴിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates