

പുറത്തെ തിരക്കിലേക്കിറങ്ങുമ്പോൾ മനുഷ്യരുടെ പലതരം നടത്തം ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ ചുറ്റുമുള്ള കാഴ്ചകളിൽ സന്തോഷിച്ചും പരിഭവിച്ചും സാവധാനം നടക്കും, മറ്റുചിലർ ചെവിയിൽ ഇയർഫോണുകൾ തിരുകി തന്റെ ലോകത്തായിരിക്കും. ഇനി ചിലരുണ്ട്, സമയത്തോട് മല്ലടിച്ച് പായുന്നവർ. തിരക്കുണ്ടായിട്ടോ കഠിനാധ്വാനമോ അല്ല, സമയം എന്തിന് വെറുതെ കളയണമെന്നതാണ് അവരുടെ ഒരു ലൈൻ. മനഃശാസ്ത്രത്തിൽ ഇക്കൂട്ടർക്ക് ചില സ്വഭാവസവിശേഷതകളുണ്ട്.
സാവകാശം, ക്ഷമ എന്നത് ഇവർക്ക് അത്ര പരിചിതമല്ല, വേഗത്തിലുള്ള നടത്തമാണ് ഇവരുടെ ഹൈലൈറ്റ്. കാലതാമസങ്ങളിൽ അക്ഷമരായ ഇവർ ഉയർന്ന ലക്ഷ്യബോധമുള്ളവരായിരിക്കുമെന്ന് മനഃശാസ്ത്രം പറയുന്നു. തീരുമാനങ്ങൾ പെട്ടെന്നായിരിക്കും. വാ തുറക്കുന്നതിന് മുൻപ് അവരുടെ കാലുകൾ ഓടിട്ടുണ്ടാവും.
JAMA യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശരാശരിയെക്കാൾ വേഗത്തിൽ നടക്കുന്നവർ സദാസമയവും ഭാവിയെ കുറിച്ച് അധികമായി ചിന്തിക്കുന്നവരായിരിക്കും. ലക്ഷ്യം നേടണമെന്ന് അഭിലാഷവും വിശ്വാസ്യതയുടെയും കാര്യത്തിൽ ഇവർക്ക് എപ്പോഴും ഉയർന്ന സ്കോറായിരിക്കും. സമയം കൃത്യമായി പാലിക്കുന്നവരായിരിക്കും ഇവർ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, പറഞ്ഞ സമയത്തിനും ഒരു അഞ്ച് മിനിറ്റ് മുൻപ് ഹാജരാകും.
കാത്തിരിപ്പ് ഇവർക്ക് അരോചകമാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ അവരുടെ മസ്തിഷ്കം അവരെ സദാ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. അത് അവരുടെ മെസേജ് അയക്കുന്ന രീതിയിലും സംഭഷണങ്ങളിലും റോഡ് മുറിച്ചു കടക്കുന്നതിൽ പോലും പ്രതിഭലിക്കാം. ഇത് ഇവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണോ എന്ന് സംശയം ഉണ്ടാകാം. എന്നാൽ വളരെ സ്വഭാവികമായി ഉണ്ടാകുന്ന ഒരു രീതിയാണ്.
സൂപ്പർമാർക്കറ്റിൽ പോയാൽ ഏറ്റവും ചെറിയ നിര നോക്കി പിന്നിൽ നിൽക്കും. ഓഫീസിൽ മറ്റുള്ളവർ ബാഗ് പാക്ക് ചെയ്യുമ്പോഴേക്കും ഇവർ പകുതി ദൂരം പിന്നിട്ടിട്ടുണ്ടാവും. ഇത് മാത്രമല്ല, നടത്തത്തിനിടെ ഒന്നിലധികം കാര്യങ്ങളും ചെയ്യും. ഉദ്ദാ. ഫോൺ വിളിക്കുക, ദിവസം മാനസികമായി ആസൂത്രണം ചെയ്യുക, ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ പരിശീലിക്കുക തുടങ്ങിയ കാര്യങ്ങൾ.
ഫാസ്റ്റ് വാക്കേഴ്സ് ഉയർന്ന ആത്മനിയന്ത്രണവും ശക്തമായ അടിയന്തിരബോധവും പ്രകടിപ്പിക്കുന്നവരാണ്. ദീർഘകാല ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുകയും അത് കൃത്യമായി ട്രാക്ക് ചെയ്യാനും അവർ മറക്കാറില്ല. എന്നാൽ പലപ്പോഴും ഈ അനാവശ്യ തിടുക്കം അവരെ ജീവിതം സജീവമാക്കി വയ്ക്കുന്നതിൽ സമ്മർദവും ഞെരുക്കവും ഉണ്ടാക്കുന്നു.
ഇനി ഇതിന്റെ ബയോളജിക്കൽ സൈഡ് കൂടി നോക്കാം. വേഗത്തിലുള്ള നടത്തം അവരെ ആരോഗ്യമുള്ളവരാക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ ആരോഗ്യമുള്ളവർക്ക് കുറഞ്ഞ പരിശ്രമത്തിൽ തന്നെ വേഗത്തിൽ നീങ്ങാൻ കഴിയും. ഇത് ഹൃദയം ആരോഗ്യമുള്ളതാക്കാനും തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം മികച്ചതാക്കാനും സഹായിക്കും.
പതുക്കെ നടക്കുന്നവർ പലപ്പോഴും ഒരേ സമയം വ്യത്യസ്തമായി ജീവിക്കുന്നവരാണ്. ശ്രദ്ധിക്കുന്നതിനും നീങ്ങുന്നതിനും കൂടുതൽ ഇടമുണ്ടാകും. വളരെ വേഗത്തിൽ നടക്കുന്നതും വളരെ പതുക്കെ നടക്കുന്ന രീതിയും ശരിയല്ല. ബിഹേവിയർ സയൻസ് പ്രകാരം നിങ്ങളുടെ വേഗതയെ കുറിച്ച് ബോധവാന്മാരായി നടക്കുക എന്നതാണ് പ്രധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates