

വീട്ടിലെ ഈച്ചശല്യം മിക്കയാളുകൾക്കും ഒരു തലവേദനയാണ്. ഈച്ചശല്യം ഒഴിവാക്കാൻ പലരും ഉപയോഗിക്കുന്നത് രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകളും മറ്റും ആയിരിക്കും. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. എന്നാൽ ഇതിന് പ്രകൃതിദത്തമായ ഒരു പരിഹാരമുണ്ട്. ചില ചെടികൾ നട്ടുവളർത്തുന്നതിലൂടെ ഈച്ചശല്യം ഒഴിവാക്കാനും വീടിനുള്ളിൽ സുഗന്ധവും അഴകും നൽകാൻ സാധിക്കും.
ഈച്ചകളെയും മറ്റ് കീടങ്ങളെയും സ്വാഭാവികമായി അകറ്റിനിർത്താൻ സഹായിക്കുന്ന ഏഴ് ചെടികൾ ഇതാ.
ബേസിൽ ഇലകളുടെ ശക്തമായ ഗന്ധം ഈച്ചകളെ അകറ്റാൻ സഹായിക്കും. വീടിൻ്റെ മുൻവാതിലുകൾക്ക് സമീപത്തോ, ഉമ്മറത്തോ, അടുക്കളയിലെ ജനലരികിലോ ഇവ നട്ടുവളർത്തുന്നത് ഈച്ചകൾ അകത്തു കടക്കാതിരിക്കാൻ സഹായിക്കും.
ലാവെൻഡറിൻ്റെ ശാന്തവും സുഖകരവുമായ സുഗന്ധം ഈച്ചകളെയും കൊതുകിനെയും തുരത്താൻ നല്ലതാണ്. ലാവെൻഡറിലടങ്ങിയിരിക്കുന്ന എസെൻഷ്യൽ ഓയിലുകളാണ് കീടങ്ങളെ അകറ്റുന്നത്. നല്ല വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇവ വളർത്തുന്നത് കാറ്റിലൂടെ സുഗന്ധം പടരാൻ സഹായിക്കും.
വളരെ പെട്ടെന്ന് പടർന്നുപന്തലിക്കുന്ന ഒരു സസ്യമാണ് പുതീന. ഇതിൻ്റെ രൂക്ഷമായ മണം ഈച്ചകൾക്ക് പുറമെ ഉറുമ്പ്, എലി എന്നിവയെയും അകറ്റിനിർത്തും. നിലത്ത് നട്ടാൽ വേഗത്തിൽ പടരുന്നതിനാൽ, ജനലുകൾക്കോ ഇരിപ്പിടങ്ങൾക്കോ സമീപം ചട്ടികളിൽ വളർത്തുന്നതാണ് കൂടുതൽ അനുയോജ്യം.
റോസ്മേരി, ഈച്ചകൾ തീരെ അടുക്കാത്ത ഒരു സസ്യമാണ്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ ഇവ നന്നായി വളരും. കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഈ ചെടി മുറ്റത്തോ ചെടിച്ചട്ടികളിലോ വളർത്താവുന്നതാണ്.
ചെണ്ടുമല്ലിയിൽ കീടനാശിനികളിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ പ്രത്യേക മണം ഈച്ചകളെയും തോട്ടത്തിലെ മറ്റ് കീടങ്ങളെയും അകറ്റി നിർത്തുന്ന ഒരു കവചമായി പ്രവർത്തിക്കുന്നു.
നാരങ്ങയുടെ മണമുള്ള സിട്രോനെല്ല കീടങ്ങളെ അകറ്റാൻ ഏറ്റവും നല്ലതാണ്. ഈച്ചകളെയും കൊതുകുകളെയും ആകർഷിക്കുന്ന മണം മറയ്ക്കാൻ ഈ ചെടിക്ക് സാധിക്കും. വീടിന് വെളിയിലെ ഇരിപ്പിടങ്ങൾക്ക് സമീപം വലിയ അലങ്കാരച്ചട്ടികളിൽ ഇവ വളർത്താം.
എസെൻഷ്യൽ ഓയിലുകൾ ലെമൺഗ്രാസിലും (Lemongrass) അടങ്ങിയിട്ടുണ്ട്. ഉയരത്തിൽ പച്ചപ്പോടെ വളരുന്ന ഈ ചെടി തോട്ടത്തിന് ഭംഗി നൽകുന്നതോടൊപ്പം ഈച്ചകളെ അകറ്റി നിർത്തി സുഗന്ധപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates