

ഭക്ഷണത്തിന്റെ രുചിയുടെ രഹസ്യം അവയുടെ ചേരുവയിലാണെന്നാണ് നമ്മളുടെ വിശ്വസം, എന്നാൽ അങ്ങനെയല്ല. ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതിനും കുറയ്ക്കുന്നതിനും മനഃശാസ്ത്രത്തിനും ചെറുതല്ലാത്ത റോൾ ഉണ്ട്. ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് അല്ലെങ്കിൽ നെറ്റ്ഫ്ലിക്സിൽ സീരിസും കണ്ടു കൊണ്ട്, എത്ര മികച്ച ഭക്ഷണം കഴിച്ചാലും അവയ്ക്ക് അത്ര രുചിയുള്ളതായോ, ഒരുപക്ഷെ അവയുടെ രുചിയെ കുറിച്ചു തന്നെയോ ചിന്തിക്കണമെന്നില്ല.
ഇതേ ഭക്ഷണം നല്ലതു പോലെ വിശന്ന ശേഷം അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കൊപ്പം കഴിക്കുമ്പോൾ നല്ല രുചിയുള്ളതായി തോന്നാറില്ലേ? അതു തന്നെയാണ് അതിന്റെ മനഃശാസ്ത്രം. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോൾ നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും സജീവമാകും. ഭക്ഷണത്തിന്റെ രുചിയും മണവും ഘടനയും നമ്മൾ തിരിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശ്രദ്ധ പലവഴിക്ക് പോവുകയും ഇന്ദ്രിയങ്ങൾ ക്ഷീണിക്കുകയും ചെയ്യും. അങ്ങനെ നമ്മടെ ഇന്ദ്രിയങ്ങൾ ഓട്ടോപൈലറ്റ് മോഡിലേക്ക് പോവും. ഇത് ഭക്ഷണത്തിൻ്റെ രുചി അറിയുന്നതിൽ നിന്ന് നമ്മെ തടസപ്പെടുത്തുന്നു.
നമ്മുടെ വികാരങ്ങളും പ്രതീക്ഷകളും നമുക്കൊപ്പമുള്ളവരുടെ സാന്നിധ്യം പോലും മുന്നിലിരിക്കുന്ന ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കും. അതായത്, നമ്മുടെ മാനസികാവസ്ഥയും തലച്ചോറും ഇന്ദ്രിയങ്ങളും ചേർന്നാണ് നമ്മുടെ ഭക്ഷാണാനുഭവം രൂപപ്പെടുത്തുന്നത്. ഇത് പിടികിട്ടിയാൽ ലളിതമായ ചേരുവകൾ ആണെങ്കിലും പോലും നമ്മുടെ ഭക്ഷണാനുഭവം കൂടുതല്‍ തൃപ്തികരമാക്കാന്‍ സാധിക്കും.
ഭക്ഷണത്തിന്റെ ഒരോ പിടിയും ആസ്വദിച്ചു കഴിക്കുന്നതാണ് മൈന്റ്ഫുൾ ഈറ്റിങ് എന്ന് പറയുന്നത്. തിരക്കിട്ട് അല്ലെങ്കിൽ ഫോൺ സ്ക്രോൾ ചെയ്തു കൊണ്ടൊക്കെ ഭക്ഷണം കഴിക്കുമ്പോൾ അവ ശരിയായ രീതിയിൽ ചവയ്ക്കാതെ വിഴുങ്ങുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ രുചി അറിയണമെന്നില്ല. ഇത് മാത്രമല്ല, നമ്മുടെ ശരീരം നല്‍കുന്ന വിശപ്പിന്റെ സൂചനകള്‍ ക്രമേണ മനസിലാകാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.
സാധാരണ വിശപ്പ് കൂട്ടുന്ന ഹോർമോൺ ആയ Ghrelin പുറപ്പെടുന്നതോടെ ആമാശയം ചുരുങ്ങാൻ തുടങ്ങും. അത് തലച്ചോറിലേക്ക് സിഗ്നൽ നൽകുകയും, തലച്ചോർ 'ഭക്ഷണം കഴിക്കാനുള്ള തോന്നൽ' ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആമാശയം വലിയുകയും തലച്ചോറിന് വീണ്ടും സിഗ്നൽ നൽകുകയും ചെയ്യുന്നു. തുടർന്ന് തലച്ചോർ 'വയറു നിറഞ്ഞുവെന്ന തോന്നൽ' ഉണ്ടാക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ ലെപ്റ്റിന്‍, കോളിസിറ്റോക്കിനിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറത്തുവിടുകയും ഭക്ഷണം കഴിക്കുന്നതിനിടെ സാവധാനം സംതൃപ്തിയെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്നാൽ തിരക്കു പിടിച്ച് കഴിക്കുന്ന രീതി ഈ സ്വാഭാവിക ഹോർമോൺ പ്രക്രിയയെ തടസപ്പെടുത്തുന്നു. അതു കൊണ്ട് വിശപ്പും സംതൃപ്തിയും ശരീരം തിരിച്ചറിയില്ല. മാത്രമല്ല, ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് കഴിക്കുന്നത് സംതൃപ്തിയുടെ തോന്നൽ ഉണ്ടാക്കാത്തതു കൊണ്ട് തന്നെ, ഭക്ഷണം കഴിച്ചത് മറന്നു പോകാനും വീണ്ടും ഭക്ഷണം കഴിക്കാനും ഇടയാക്കും.
പതിയെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് ഇന്ദ്രിയങ്ങളെ സജീവമാക്കാൻ സഹായിക്കുന്നു. ആ സമയം കഴിക്കുന്ന തക്കാളി വെറും തക്കാളിയായി തോന്നില്ല, അത് മധുരവും പുളിയും മൃദുവുമാണെന്ന് തോന്നാം. അതിൻ്റെ മുഴുവൻ രുചിയും നമ്മൾക്ക് ആസ്വദിക്കാൻ കഴിയും. മൈന്റ്ഫുൾ ഈറ്റിങ് നമ്മുടെ രസമുകുളങ്ങളെ കൂടുതൽ സജീവമാക്കും. അതേസമയം സമ്മർദം, ഉത്കണ്ഠ, നിരാശ തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ഭക്ഷണത്തിന്റെ രുചികളോടുള്ള നമ്മുടെ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യും.
നമ്മൾ സമ്മർദത്തിലായിരിക്കുമ്പോൾ അല്ലെങ്കിൽ പിരിമുറക്കത്തിലായിരിക്കുമ്പോൾ ശരീരം ഭക്ഷണം ആസ്വദിക്കാനാല്ല, അതിജീവനത്തിനാണ് മുൻഗണന നൽകുന്നത്. സ്ട്രെസ് ഹോർമോണുകൾ നമ്മുടെ ശ്രദ്ധ ചുരുക്കുന്നു, രുചി ആസ്വാദനം കുറയ്ക്കുന്നു. അതുകൊണ്ടാണ് നമ്മൾ അസ്വസ്ഥരാകുമ്പോൾ ഭക്ഷണത്തിന് രുചി കുറയുന്നത്. സന്തോഷ വേളകളിൽ, ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കൾ നമ്മുടെ മസ്തിഷ്കം പുറത്തുവിടുന്നു, ഇത് ഭക്ഷണം കൂടുതൽ ആസ്വദ്യകരമാക്കുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ രുചി എത്ര നല്ലതാണെന്ന് ചിന്തിച്ചിട്ടില്ലേ.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ മസ്തിഷ്കം അവയുടെ രുചി, ഘടന, മണം എന്നിവ പ്രവചിക്കും. ആ പ്രതീക്ഷകൾ നമ്മൾ യഥാർത്ഥത്തിൽ എന്താണ് ആസ്വദിക്കേണ്ടതെന്ന് രൂപപ്പെടുത്തുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങൾ മധുരമുള്ളതായിരിക്കുമെന്നും, പച്ച നിറത്തിലുള്ള ഭക്ഷണങ്ങൾ കയ്പ്പുള്ളതോ പുളിയുള്ളതോ ആയിരിക്കുമെന്നും നമ്മൾ ചിന്തിക്കുന്നത് ഇതുകൊണ്ടാണ്. ഭക്ഷണത്തിൻ്റെ ദൃശാനുഭവവും ഗന്ധവുമെല്ലാം ഭക്ഷണം ആസ്വദിക്കുന്നതിന് ഘടകമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates