

സീസൺ ആയതോടെ വഴിയോര കച്ചവടത്തിൽ മാമ്പഴം കളം നിറഞ്ഞു കഴിഞ്ഞു. കണ്ണിമാങ്ങ മുതൽ മധുരമൂറുന്ന മാമ്പഴങ്ങൾ വരെ അച്ചാറാക്കിയും പുളിശ്ശേരി വച്ചും ഷേയ്ക്ക് ആക്കിയും ജ്യൂസ് ആക്കിയുമൊക്കെ നമ്മൾ മാമ്പഴരുചി ആസ്വദിക്കാറുണ്ട്. ഒരു സീസണൽ ഫ്രൂട്ട് എന്നതിനുപരി രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉദരാരോഗ്യത്തിനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ചിലർക്ക് പഴുത്ത മാമ്പഴങ്ങളാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർച്ച് പച്ചമാങ്ങയോടാണ് പ്രിയം. മാങ്ങയുടെ വളർച്ചയുടെ ഘട്ടങ്ങൾ മാറുന്നതനുസരിച്ച് ആരോഗ്യഗുണത്തിലും വ്യത്യാസം വരാം. പച്ചമാങ്ങയാണോ പഴുത്ത മാങ്ങയാണോ പോഷകഗുണങ്ങളിൽ മുന്നിലെന്ന് ചോദിച്ചാൽ, വ്യക്തിഗത ഭക്ഷണ മുൻഗണനകൾ, ആരോഗ്യ ലക്ഷ്യങ്ങൾ, പോഷകാഹാര ആവശ്യകതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് ഉത്തരം.
പച്ചമാങ്ങയുടെ ഗുണങ്ങൾ
പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങയിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതലാണ് അതുകൊണ്ട് തന്നെ ദഹനപ്രക്രീയ അത് മെച്ചപ്പെടുത്തുന്നു. കൂടാതെ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്.
മാമ്പഴത്തിന്റെ ഗുണങ്ങൾ
ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്.
പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, കാഴ്ച ശക്തി, രോഗപ്രതിരോധ പ്രവർത്തനം, ചർമത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും.
പച്ചമാങ്ങയോ പഴുത്ത മാങ്ങയോ?
രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്ർ വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പച്ചമാങ്ങയാണ് നല്ലത്.
ആന്റിഓക്സിഡന്റ് ഗുണങ്ങൾ ലഭിക്കുന്നതിന് ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴുത്ത മാങ്ങ കഴിക്കുന്നതാണ് നല്ലത്.
പച്ചമാങ്ങയിലാണ് പഴുത്തമാങ്ങയെ അപേക്ഷിച്ച് നാരുകൾ കൂടുതൽ. അതിനാൽ ദഹനത്തിന് പച്ചമാങ്ങയാണ് നല്ലത്.
മധുരമുള്ളതു കൊണ്ട് തന്നെ പഴുത്ത മാങ്ങയെ പലരും സ്നാക് ആയും ഉപയോഗിക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates