

എത്ര ശമ്പളം ലഭിച്ചാലും പണം കൈയിൽ നിൽക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരാണ് നമ്മളിൽ പലരും. ഭക്ഷണം, യാത്ര, വീട്ടുവാടക, ബില്ലുകൾ തുടങ്ങിയവയ്ക്കൊപ്പം ഓൺലൈൻ ഷോപ്പിങ്ങും കൂടി കഴിയുമ്പോൾ കീശ കാലിയാകും. മാസത്തിന്റെ അവസാനം എത്തുമ്പോൾ കടം വാങ്ങാനും തുടങ്ങും. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം വേണ്ടേ? അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും പണം സമ്പാദിക്കുന്ന ശീലം വളർത്താനും സഹായിക്കുന്ന ഒരു രീതിയാണ് 'നോ സ്പെൻഡ് ചലഞ്ച്'.
എന്താണ് നോ സ്പെൻഡ് ചലഞ്ച്?
'നോ സ്പെൻഡ് ചലഞ്ച്' എന്നതുകൊണ്ട് എല്ലാ ചെലവുകളും പൂർണമായി ഒഴിവാക്കണമെന്നല്ല അർഥം. ഭക്ഷണം, മരുന്ന്, വാടക, വൈദ്യുതി ബിൽ, യാത്ര തുടങ്ങിയ അത്യാവശ്യ ചെലവുകൾ തുടർന്നും നടത്താം. എന്നാൽ പുതിയ വസ്ത്രങ്ങൾ വാങ്ങുക, ആവശ്യമില്ലാത്ത ഗാഡ്ജറ്റുകൾ സ്വന്തമാക്കുക, ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങുക, പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ ചെലവുകൾ ഒരു മാസത്തേക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ചലഞ്ച് തുടങ്ങുന്നതിന് മുമ്പ് സ്വന്തം വരുമാനവും ചെലവുകളും വിലയിരുത്തണം. കഴിഞ്ഞ മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും UPI ഇടപാടുകളും പരിശോധിച്ചാൽ പണം കൂടുതലായി ചെലവാകുന്ന മേഖലകൾ കണ്ടെത്താനാകും. അതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ചെലവുകൾ ഒഴിവാക്കണമെന്ന് തീരുമാനിക്കാം.
ചെലവ് കുറയ്ക്കാൻ ചെയ്യേണ്ടത്
ഓൺലൈൻ ഷോപ്പിങ് ആപ്പുകളിൽ നിന്നുള്ള ഓഫർ അറിയിപ്പുകളും പരസ്യങ്ങളും പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കാറുണ്ട്. ഇത്തരം അറിയിപ്പുകൾ ഓഫ് ചെയ്യുന്നത് സഹായകരമാണ്. ഒരു സാധനം വാങ്ങണമെന്ന് തോന്നിയാൽ ഉടൻ ഓർഡർ ചെയ്യാതെ കുറച്ച് ദിവസം കാത്തിരിക്കുക. അത്യാവശ്യമാണോ അതോ താൽക്കാലികമായ ആഗ്രഹം മാത്രമാണോ എന്ന് ചിന്തിച്ചശേഷം തീരുമാനിക്കാം.
പുറത്തുനിന്നുള്ള ഭക്ഷണത്തിനായി ചെലവാകുന്ന തുക കുറയ്ക്കാനും ശ്രമിക്കാം. ആഴ്ചയിലെ ഭക്ഷണക്രമം മുൻകൂട്ടി തീരുമാനിച്ച് വീട്ടിൽ പാചകം ചെയ്യുന്നത് ചെലവ് നിയന്ത്രിക്കാൻ സഹായിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുമ്പോൾ വിലകൂടിയ റെസ്റ്റോറന്റുകൾക്ക് പകരം പാർക്കുകൾ പോലുള്ള ചെലവ് കുറഞ്ഞ ഇടങ്ങൾ തിരഞ്ഞെടുക്കാം.
പുതിയ വസ്ത്രങ്ങളോ ചെരുപ്പുകളോ വാങ്ങുന്നതിനുപകരം കൈവശമുള്ളവ വീണ്ടും ഉപയോഗിക്കാം. വീട്ടിലുള്ള സാധനങ്ങൾ പരിശോധിക്കാതെ പുതിയവ വാങ്ങുന്ന ശീലം ഒഴിവാക്കുന്നതും പ്രധാനമാണ്. അതുപോലെ, ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ ഉണ്ടെങ്കിൽ അവ റദ്ദാക്കുന്നതും പ്രതിമാസ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ലാഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കാം?
ചലഞ്ചിലൂടെ ലാഭിക്കുന്ന പണം പ്രത്യേകം മാറ്റിവയ്ക്കണം. അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ട് രൂപീകരിക്കാനോ കടബാധ്യത കുറയ്ക്കാനോ ഭാവിയിലെ ലക്ഷ്യങ്ങൾക്കായി സമ്പാദിക്കാനോ ഈ തുക ഉപയോഗിക്കാം. ഓരോ ആഴ്ചയും എത്ര രൂപ ലാഭിച്ചുവെന്ന് രേഖപ്പെടുത്തുന്നത് ചെലവുകളിൽ വന്ന മാറ്റം മനസ്സിലാക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നോ സ്പെൻഡ് ചലഞ്ചിന്റെ ഭാഗമായി എല്ലാ സന്തോഷങ്ങളും ഉപേക്ഷിക്കേണ്ടതില്ല. ആരോഗ്യം, ജോലി, കുടുംബത്തിന്റെ ആവശ്യങ്ങൾ എന്നിവയെ ബാധിക്കാതെ ചെലവുകൾ നിയന്ത്രിക്കുകയാണ് വേണ്ടത്. ഒരു ദിവസം ചലഞ്ച് പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും നിരാശപ്പെടാതെ വീണ്ടും തുടരാം. ചെറിയ ചെലവുകൾ പോലും മാസാവസാനം വലിയ തുകയാകാമെന്നതിനാൽ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ് പണം ചെലവഴിക്കാൻ ശ്രദ്ധിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates