

ചിലർക്ക് വിവാഹം മൊത്തത്തില്‍ ഒരു അഡ്ജസ്റ്റുമെന്റാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്പില് അതീവ സന്തുഷ്ടരാണെന്ന് അവതരിപ്പിക്കുകയും വീട്ടിലെത്തിയാല്‍ കട്ടിലിന്റെ രണ്ട് മൂലയിലായി മൊബൈലും നോക്കി അവരവരുടെ കാര്യങ്ങളില്‍ മുഴുകുകയും ചെയ്യുന്നു. വഴക്കോ ചോദ്യങ്ങളോ ഇല്ല. മൊത്തത്തില്‍ ഒരു സൈലന്റ് മോഡ്. ദമ്പതികൾക്കിടയിലെ ഈ സൈലന്റ് മോഡിനെ മാനസികാരോഗ്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത് സൈലന്റ് ഡിവോഴ്സ് എന്നാണ്.
എന്താണ് സൈലന്റ് ഡിവോഴ്സ്
നിയമപരമായി വേരിപിരിയാതെ തന്നെ ദമ്പതികൾ തമ്മിൽ ബോധപൂർവമോ അല്ലാതെയോ സൈലന്റ് ഡിവോഴ്സിലേക്ക് നീങ്ങാം. വൈകാരികമായും, മാനസികമായും, ഒരു പരിധി വരെ ശാരീരികമായും പങ്കാളിയിൽ നിന്ന് അകന്നിരിക്കുന്ന അവസ്ഥയാണ് സൈലന്റ് ഡിവോഴ്സ്. സാമ്പത്തികമോ, മക്കൾക്ക് വേണ്ടിയോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ ഒരുമിച്ചുള്ള താമസം തുടരുന്നവരാണ് സൈലന്റ് ഡിവോഴ്സിലൂടെ കടന്നു പോകുന്ന മിക്ക ദമ്പതികളും.
പുറമേ എല്ലാം ഓക്കെ, പക്ഷെ
ചിലർ ദമ്പതികളാകട്ടെ, പുറമെ എല്ലാം വളരെ സന്തോഷകരമെന്ന് പ്രകടിപ്പിക്കുന്നു. എന്നാൽ അവർക്കിടയിലെ വൈകാരികമായ അടുപ്പമില്ലായ്മ വീടിനുള്ളിൽ പ്രകടമായിരിക്കും.
ദമ്പതികൾ സൈലന്റ് ഡിവോഴ്സിലേക്ക് നീങ്ങുന്നതിന്റെ പ്രധാന ലക്ഷണം പങ്കാളികള്‍ എന്നതിനെക്കാൾ ദമ്പതികള്‍ റൂം മേറ്റ്സ് എന്ന നിലയിലേക്കും കുട്ടികളുടെ അച്ഛൻ-അമ്മ എന്ന തലത്തിലേക്കും നീങ്ങുന്നു.
പൊതുവായ ലക്ഷ്യങ്ങളോ, അതിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കണമെന്ന താൽപര്യമോ ഇരുവർക്കും ഉണ്ടാകില്ല.
പൊതു ചടങ്ങുകളിൽ ഒരുമിച്ചു എത്തുന്ന സാഹചര്യം കുറവായിരിക്കും. ഒരുമിച്ചുള്ള അവധി ആഘോഷങ്ങളും ഉണ്ടായിരിക്കില്ല.
പങ്കാളിയുമായുള്ള ശാരീരിക അടുപ്പത്തിന്റെ അഭാവം
ദമ്പതികൾ തമ്മിലുള്ള വൈകാരികമായ വേർപിരിയൽ ഒറ്റപ്പെടൽ, ഏകാന്തത, നീരസം എന്നിവയിലേക്ക് നയിച്ചേക്കാം. കാലക്രമേണ, ആ വികാരങ്ങൾ വളരുകയും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. ഇത് പലരീതികളിൽ പുറത്തേക്ക് പ്രകടമാകാം. വിഷാദം, ഉത്കണ്ഠ പോലുള്ള അവസ്ഥയിലേക്ക് നയിക്കാനും ഇത് കാരണമാകുന്നു.
ദമ്പതികള്‍ക്കിടയിലെ ഈ വൈകാരിക വേര്‍പിരിയല്‍ ഏറ്റവും ബാധിക്കുക കുട്ടികളെയാണ്. ഒരു പക്ഷം പിടിക്കേണ്ടിവരുമെന്ന് തോന്നല്‍ അവരില്‍ ഉണ്ടാക്കാം. അല്ലെങ്കില്‍ നിരന്തരമായി അവഗണിക്കപ്പെടുന്നവെന്നും കുട്ടികളില്‍ മാതാപിതാക്കളുടെ സൈലന്റ് ഡിവോഴ്സ് തോന്നിപ്പിക്കും.
സൈലന്റെ ഡിവോഴ്സും സ്ലീപ് സിവോഴ്സും
ശാരീരിക അടുപ്പത്തിന്റെ അഭാവം സൈലന്റ് ഡിവോഴ്സിന്റെ വ്യക്തമായ ലക്ഷണമാണെങ്കിലും സ്ലീപ് ഡിവോഴ്സിനെ സൈലന്റ് ഡിവോഴ്സ് ആയി തെറ്റിദ്ധരിക്കരുത്. പങ്കാളിയുടെ കൂർക്കംവലി, തൊഴിൽസമയക്രമം തുടങ്ങിയ കാരണങ്ങളാണ് സ്ലീപ് ഡിവോഴ്സിന് പിന്നിൽ. സ്ലീപ് ഡിവോഴ്സ് പ്രവണത ദമ്പതികള്‍ക്കിടയില്‍ വളരെ അധികം വര്‍ധിച്ചു വരുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം ദമ്പതികള്‍ സ്ലീപ് ഡിവോഴ്സ് താല്പര്യപ്പെടുന്നുവെന്നാണ് അടുത്തിടെ നടത്തിയ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates