sleep divorce

ഇന്ത്യൻ ദമ്പതിമാരിൽ 70 ശതമാനവും സ്ലീപ് ഡിവോഴ്സിൽ, കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം

ഇന്ത്യയിൽ 78 ശതമാനത്തോളം ആളുകളാണ് പങ്കാളികളില്ലാതെ ഒറ്റയ്ക്ക് ഉറങ്ങാൻ ആ​ഗ്ര​ഹിക്കുന്നതെന്ന് ഉറക്കവുമായി ബന്ധപ്പെട്ട ആ​ഗോള പഠനത്തിൽ പറയുന്നു.
Published on

ങ്കാളിയോട് സ്നേഹമുണ്ടെങ്കിലും ഒന്നു സ്വസ്ഥമായി ഉറങ്ങണമെങ്കിൽ തനിച്ചു കിടക്കണമെന്നാണ് ഇന്ത്യയിലെ 70 ശതമാനത്തോളം ദമ്പതികളുടെയും അഭിപ്രായം. 'സ്ലീപ് ഡിവോഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തല്‍ ട്രെന്‍ഡ് മോഡേണ്‍ ജീവിതശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റെസ്‌മെഡ്‌സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയിൽ പങ്കാളികളിൽ നിന്ന് വേർപെട്ട് തനിച്ചു ഉറങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ 78 ശതമാനത്തോളം ആളുകളാണെന്ന് കണ്ടെത്തി.

67 ശതമാനവുമായി ചൈനയും 65 ശതമാനവുമായി ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നില്‍. ആഗോള തലത്തിൽ 30,000 ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. സ്ലീപ് ഡിവോഴ്സ് പ്രവണത വ്യക്തികളുടെ ഉറക്കവും മെച്ചപ്പെടുത്താനും പേഴ്സണല്‍ സ്പേയിസ് നല്‍കാനും സഹായിക്കുമെന്ന് തിരുവനന്തപുരം മെഡി. കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

ഷിഫ്റ്റ് സംവിധാനത്തിൽ അല്ലെങ്കിൽ ഐടി പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കിടയിലാണ് ഈ പ്രവണത വർധിച്ചു വരുന്നത്. ഭാര്യയും ഭര്‍ത്താവും ഇത്തരം മേഖലകളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇരുവരുടെയും ഉറക്കം ഒരേ സമയത്ത് ആകണമെന്നത് വാശിപിടിക്കുന്നത് വ്യക്തികളുടെ ഉറക്കത്തിന്‍റെ ഗുണനിലവാരം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് അവര്‍ക്കിടയിലെ ബന്ധത്തില്‍ ഒരുപക്ഷേ വിള്ളല്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു.

വിവാഹ ജീവിതത്തിൽ പങ്കാളികൾ ഒരുമിച്ച് ഉറങ്ങുക എന്നത് അവർ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒന്നാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം ഒരുമിച്ചു കിടക്കുകയും ബാക്കി ദിവസങ്ങളില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു കിടക്കുകയും ചെയ്യുന്ന രീതിയുണ്ട്. അത് ആരോഗ്യകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പങ്കാളിയുടെ കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം ആളുകളാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ 12 ശതമാനം ആളുകൾ മറ്റു അസ്വസ്ഥതകൾ കൊണ്ട് മാറി കിടക്കുന്നു. 10 ശതമാനം ആളുകൾ ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് മാറിക്കിടക്കുന്നു. എട്ട് ശതാമാനം ആളുകൾ മൊബൈൽ ഫോൺ അടക്കമുള്ള സ്ക്രീൻ ഉപയോ​ഗം മൂലം മാറിക്കിടക്കുന്നുവെന്നും സർവേയിൽ പറയുന്നു.

എന്നാല്‍ പങ്കാളികള്‍ ഒരുമിച്ച് ഉറങ്ങുമ്പോള്‍ അതിന്‍റെതായ ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് കൊല്ലം, ഗവ. മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫ. ഡോ മോഹന്‍ റോയ് ജി സമകാലിക മലയാളത്തോട് പറയുന്നു. ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് 10 ശതമാനം ആളുകള്‍ പങ്കാളികളില്‍ നിന്ന് മാറിക്കിടക്കുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ 32 ശതമാനം ആളുകള്‍ കൂര്‍ക്കംവലി പോലുള്ള ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് പങ്കാളികളില്‍ നിന്ന് മാറിക്കിടക്കുന്നത്. അത് ഗുണകരമായ കണക്കല്ലെന്ന് ഡോ മോഹന്‍ റോയ് ജി പറയുന്നു. പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം കൂര്‍ക്കംവലി. പങ്കാളികള്‍ മാറിക്കിടക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ മാറില്ലെന്നും അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദമ്പതികള്‍ മാറിക്കിടക്കുന്നത് പങ്കാളികളെ സാമൂഹ്യമായും വൈകാരികമായും അവഗണിക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉറക്ക ഹൈജീന്‍ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. രാത്രി ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം. ഉറങ്ങുന്നതിന് മുന്‍പ് ക്രൈം പോലുള്ള മനസിനെ പ്രയാസപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണരുതെന്നും അദ്ദേഹം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com