ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുകള്‍

ലോകത്തിൽ ഏറ്റവും അപകടകാരികളായ 6 വൈറസുകൾ
virus

​ഗോളതലത്തിൽ ഭീഷണിയായി പല കാലങ്ങളിലായി നിരവധി വൈറസുകൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഓരോ വര്‍ഷവും മരിക്കുന്നത്. വാക്സിന്‍റെ സഹായത്തോടെ നിരവധി വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇന്നും മനുഷ്യ ജീവന് ഭീഷണിയായി വൈറസുകള്‍ നിലനില്‍ക്കുന്നു. ലോകത്തിൽ ഏറ്റവും അപകടകാരികളായ 6 വൈറസുകൾ.

1. എച്ച്‌ഐവി (ഹ്യൂമണ്‍ ഇന്‍മ്യുണോ ഡെഫിഷന്‍സി വൈറസ്)

hiv

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്ന എയ്ഡ് എന്ന രോഗത്തിന് കാരണക്കാരായ വൈറസ് ആണ് എച്ച്‌ഐവി. 1981 ഡിസംബർ ഒന്നിന് എച്ച്ഐവി ആദ്യമായി തിരിച്ചറിയുന്നത്. 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. ശ്വേതരക്താണുക്കളെയാണ്‌ എച്ച്ഐവി ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നിങ്ങനെയാണ് എച്ച്ഐവി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. ലോകത്ത് ഇതുവരെ ഏതാണ് 25 ദശലക്ഷക്കണക്കിന് ആളുകൾ എച്ച്ഐവി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനുടെ കണക്ക്. നിലവിൽ എച്ച്‌ഐവിക്ക് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.

2. എബോള വൈറസ് (ഇവിഡി)

ebola

1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ബണ്ടിബുഗ്യോ വൈറസ്(BDBV), എബോള വൈറസ്(EBOV), സുഡാൻ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നീ വൈറസുകളാണ് എബോള രോ​ഗബാധയ്ക്ക് കാരണമാകുന്നത്. മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരും. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

3. മാർബർഗ് വൈറസ്

virus
മാർബർഗ് വൈറസ്

ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണ് മാർബർ​ഗ് വൈറസ്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും.

ഉയര്‍ന്ന പനി, അസഹ്യമായ തലവേദന, പേശിവേദന, ശരീരവേദന, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്.

4. കൊറോണ വൈറസ്

covid
കൊറോണ വൈറസ്

2020ൽ ലോകത്തെ മുഴുവൻ ഭീതിയിലാക്കി പടർന്നു പിടിച്ച കോവിഡ് ദശലക്ഷണക്കിന് ജീവനാണെടുത്തത്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ കോവ്-2 ( SARS-CoV-2) വൈറസ് ആണ് കോവിഡ് 19ന് കാരണമാകുന്നത്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി പൊട്ടിപുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം.

5. സിക്ക വൈറസ്

virus
സിക്ക വൈറസ്

ഈഡിസ് (ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ ബോപിക്റ്റസ്) കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് സിക്ക. 1952ലാണ് സിക്ക വൈറസ് ബാധ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്‍ഡയിലെ വാക്കിസോ ജില്ലയിലെ എന്റേബേ നഗരത്തോടു ചേര്‍ന്നുകിടക്കുന്ന ഒരു വനപ്രദേശമാണ് സിക്ക. 1947 ഈ വനമേഖലയില്‍ കുരങ്ങുകളിലാണ് ആദ്യമായി സിക്കാ വൈറസിനെ സ്ഥിരീകരിക്കുന്നത്. ഈ കാടിന്റെ പേരാണ് പിന്നീട് വൈറസിന് നൽകിയിരിക്കുന്നത്. 2015-ല്‍ ബ്രസീലില്‍ രോഗവ്യാപനം ഉണ്ടായപ്പോഴാണ് ഗര്‍ഭിണികളില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് രോഗം പടരുന്നതു കണ്ടെത്തിയത്.

6. ഡെങ്കി പനി

dengu
ഡെങ്കി പനി

ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ആർത്രോപോടകൾ പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി രോഗ ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com