

ഉറക്കം കുറയുന്നത് ആയുർദൈർഘ്യം ചുരുങ്ങാൻ കാരണമാകുമെന്ന് പുതിയ പഠനം. അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആന്റ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആയുർദൈർഘ്യവുമായി ബന്ധപ്പെട്ട് നടത്തിയ സർവേകളാണ് പഠനവിധേയമാക്കിയത്.
2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ സിഡിസി (Centers for Disease Control and Prevention) നടത്തിയ സർവേകളുമായി താരതമ്യം നടത്തുകയും ചെയ്തു. നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കുകയും ഉറക്കം കുറയുന്നവരുടെ ആയുർദൈർഘ്യം കുറയുകയും ചെയ്യുന്ന പ്രവണത പഠനത്തിൽ കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.
ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിനാണ് പ്രഥമസ്ഥാനം. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കം എന്നിവ അതിന് ശേഷമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ആയുസ്സിന്റെ കാര്യത്തിൽ ഉറക്കത്തേക്കാൾ സ്വാധീനം ചെലുത്തുന്ന ഒരു ഘടകം പുകവലി മാത്രമാണെന്നും ഗവേഷകർ പറയുന്നു.
ആരോഗ്യത്തിന് ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും ആയുസ്സുമായുള്ള ഉറക്കത്തിന്റെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ആദ്യ പഠനമാണിതെന്നും ഗവേഷകർ പറയുന്നു. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണമെന്നും ഗവേഷകർ പറയുന്നു.
ഹൃദയാരോഗ്യം കാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമൊക്കെ ഉറക്കം കൂടിയേതീരൂ എന്നും ഇതുവഴി ആയുസ്സ് കൂട്ടാമെന്നും ഗവേഷകർ പറയുന്നു. ഭക്ഷണം, വ്യായാമം എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യത്തോടെ ഉറക്കത്തേയും സമീപിക്കണം. നല്ല ഉറക്കം ലഭിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങൾ എത്രകാലം ജീവിക്കും എന്നതിനേക്കൂടി നിശ്ചയിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു. സ്ലീപ് അഡ്വാൻസസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും. ഇത് മെലാടോണിൻ്റെ ഉൽപാദനം കുറയ്ക്കും. രാത്രി ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക.
ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക.
ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക.
ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്.
ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
അത്താഴത്തിന് ദഹനം പെട്ടെന്ന് നടക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates