ന്യൂഡല്‍ഹി: ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്ന് പഠനം. പുകവലിക്കാര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്നാണ് 2026-ല്‍ ജേണല്‍ ഓഫ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ പുകവലി അടിയന്തരമായി നിര്‍ത്തണം എന്നാണ് വിദഗ്ധരുടെ നിലപാട്.
നിലവിലുള്ള പുകവലിക്കാരെ അപേക്ഷിച്ച് നേരത്തെ പുകവലി ഉപേക്ഷിച്ചവരില്‍ മരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹ ബാധിതര്‍ പുകവലി പൂര്‍ണമായും ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ഇന്ത്യയില്‍ പ്രമേഹ രോഗികളോട് പുകവലി നിര്‍ത്തല്‍ ഉപദേശം നല്‍കുന്ന പതിവില്ലെന്ന് പഠനത്തിന്റെ ഭാഗമായ പ്രൊഫ. അനൂപ് മിശ്ര ചൂണ്ടിക്കാട്ടുന്നു. ടൈപ് 2 പ്രമേഹമുള്ളവര്‍ പുകവലി ശീലമാക്കുമ്പോള്‍ 'ഇത് ഹൃദയാഘാതത്തിനും കൈകാലുകള്‍ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് നയിക്കുന്നതിനുമുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യം രോഗികളോട് വ്യക്തമായി പങ്കുവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ഫോര്‍ട്ടിസ് സി-ഡിഒസി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡയബറ്റിസിന്റെ ചെയര്‍മാനും വ്യക്തമാക്കുന്നു.
പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. 2022-ല്‍, ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 828 ദശലക്ഷം പേര്‍ പ്രമേഹ ബാധിതരാണെന്നാണ് കണക്കുകള്‍. 1990 മുതല്‍ പരിശോധിച്ചാല്‍ ഏകദേശം 630 ദശലക്ഷം പേരുടെ വര്‍ധനയാണിത്.
2023-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-ഇന്ത്യയുടെ പഠനമനുസരിച്ച്, 2021-ല്‍ ഇന്ത്യയില്‍ ഏകദേശം 101 ദശലക്ഷം പ്രമേഹ രോഗികളും 136 ദശലക്ഷം പ്രീ ഡയബറ്റിക് ബാധിതരും 315 ദശലക്ഷം രക്താതിമര്‍ദ്ദമുള്ളവരുമുണ്ട്. ലോകമെമ്പാടും ഏകദേശം 1.3 ബില്യണ്‍ ആളുകള്‍ പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കൂടാതെ പുകയില ഓരോ വര്‍ഷവും 7 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നു, അവരില്‍ ഭൂരിഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. ഇതിന് സമാന്തരമായാണ് ടൈപ് 2 പ്രമേഹ രോഗികളുടെ വളര്‍ച്ച.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates