

ആഗോളതലത്തിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. വേൾഡ് ഹാർട്ട് ഫെഡറേഷൻ്റെ കണക്ക് പ്രകാരം, ലോകമെമ്പാടുമായി ഏതാണ്ട് 64 ദശലക്ഷത്തോളം ആളുകൾ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ അത് 60 ആണ്.
ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭനം വളരെ പെട്ടെന്ന് സംഭവിക്കുന്നതല്ല. അതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ ശരീരം വളരെ നേരത്തെ തന്നെ സൂചിപ്പിക്കുമെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാവുന്നത്.
ഹൃദയസ്തംഭനത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ പ്രധാനം, ശാരീരിക പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവ് ക്രമേണ കുറയുന്നുവെന്നതാണ്. വാർദ്ധക്യത്തിന്റെ സാധാരണ ലക്ഷണമായി ഇതിനെ പലപ്പോഴും ആളുകൾ തള്ളിക്കളയാറുണ്ട്. പുറം അല്ലെങ്കിൽ കാലു വേദന വരുമ്പോൾ പലരും ശരീരം അനക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ല. ഇത് ഹൃദയസ്തംഭനം കൂടുതൽ ഗുരുതരമാകുന്നതുവരെ മറഞ്ഞിരിക്കാം.
ഹൃദയസ്തംഭനത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്. ഇത് പലപ്പോഴും സമ്മർദ്ദം, വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെടുത്തിയും അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളായും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് ശരീരഭാരം വർധിക്കുന്നത് ശ്രദ്ധികണം. ഇത് ഒരുപക്ഷെ കൊഴുപ്പ് കൂടുന്നതു കൊണ്ടാകണമെന്നില്ല, ദ്രാവകം കോശങ്ങളിൽ തങ്ങി നിൽക്കുന്നതിന്റെ സൂചനയാകാം ( fluid retention). ഇത് കുടലുകളെ ബാധിക്കുകയും വിശപ്പ് കുറയാനും കുറച്ചു ഭക്ഷണം കഴിച്ചാലുടൻ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
കാലുകളിലെ വീക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. പ്രാരംഭ ഘട്ടത്തിൽ ഇത് വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ ആകാം പ്രത്യക്ഷപ്പെടുക. രാവിലെ എഴുന്നേൽക്കുമ്പോൾ മാറുകയും ചെയ്യാം. ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നതോടെ വീക്കം ദിവസം മുഴുവൻ നീണ്ടു നിൽക്കുകയും ചെയ്യും. ഇത് ഒരിക്കലും അവഗണിക്കരുത്.
ശ്വാസകോശത്തിൽ ദ്രാവകം കെട്ടിനിൽക്കുന്നതു മൂലം ശ്വാസതടസം, ചുമ, കിടക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകാം. പലർക്കും കിടക്കുമ്പോൾ അധിക തലവേദന ആവശ്യമായി വരാം. ചിലർക്ക് ഉറക്കത്തിൽ ശ്വാസതടസവും ചുമയും ഉണ്ടാകാനും ഉറക്കം തടസപ്പെടാനും കാരണമാകും. രാത്രിയിൽ മൂത്രമൊഴിക്കുന്നത് വർധിക്കുന്നതിന് കാരണമാകുന്ന നാട്രിയൂററ്റിക് പെപ്റ്റൈഡ് ഹൃദയസ്തംഭനത്തിൻ്റെ മറ്റൊരു സൂചനയാകാം.
ഓക്കാനം, വിശപ്പില്ലായ്മ
ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടൽ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോൾ, കുടലിലെ പ്രവർത്തനങ്ങളും മന്ദഗതിയിലാകുന്നു. പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കിൽ പെട്ടെന്നുള്ള ഓക്കാനം എന്നിവയൊക്കെ ശരീരം നൽകുന്ന നിശബ്ദമായ സൂചനയായിരിക്കാം.
ആശയക്കുഴപ്പം അല്ലെങ്കിൽ ഓർമക്കുറവ്
ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോൾ അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഇത് ഓർമക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates