

തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ജോലിയും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾക്കും ശേഷം സ്വന്തം ആരോഗ്യത്തിനും മാനസിക സന്തോഷത്തിനും മിക്കയാളുകളും വേണ്ടത്ര പ്രധാന്യം നൽകാറില്ല. നിരന്തരമായ തിരക്കും സമ്മർദവും ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്വയം കരുതലിനായി (Self-Care Day) മാറ്റിവെക്കുന്നത് മികച്ചതാണ്.
ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സ്വയം സമയം കണ്ടെത്തുന്ന ദിവസമാണ് സെൽഫ് കെയർ ഡേ (Self-Care Day). ദൈനംദിന ജീവിതത്തിലെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും പലപ്പോഴും സമ്മർദത്തിന് കാരണമാകാറുണ്ട്. ഈ ദിനം മനസ്സിനെ ശാന്തമാക്കുകയും ആശങ്കകൾ കുറയ്ക്കുകയും ചെയ്യുന്നു. ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, വീടിന് പുറത്ത് അൽപം നടക്കുക എന്നിവ മനസ്സിന് ആശ്വാസം നൽകും.
നമ്മുടെ ശരീരം ഒരു യന്ത്രം പോലെയാണ്. ഇടവേളയില്ലാതെ പ്രവർത്തിപ്പിച്ചാൽ അത് ക്ഷീണിക്കും. മതിയായ ഉറക്കവും ആരോഗ്യകരമായ ഭക്ഷണവും ലഘുവായ വ്യായാമവും ഉൾപ്പെടുത്തിയ ഒരു സെൽഫ് കെയർ ദിനം ശരീരത്തിന്റെ ഊർജം വീണ്ടെടുക്കാൻ സഹായിക്കും.
മെഡിറ്റേഷൻ, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് നിരന്തരം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് ഒരു അയവു നൽകും. മാനസിക സമ്മർദം അമിതമാകുമ്പോൾ അത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകാം.
വിശ്രമം സമയം പാഴാക്കലല്ല. ശരിയായ വിശ്രമത്തിന് ശേഷം ജോലിയിലേക്കോ പഠനത്തിലേക്കോ മടങ്ങുമ്പോൾ കൂടുതൽ ശ്രദ്ധയും ഊർജവും ലഭിക്കും. ഇതിലൂടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിക്കും.
സ്വന്തം മാനസികാവസ്ഥ നല്ലതായിരിക്കുമ്പോൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ നല്ല ബന്ധം പുലർത്താൻ കഴിയും. സ്വയം സന്തോഷവാനായ ഒരാൾക്ക് മറ്റുള്ളവരെയും സന്തോഷത്തോടെ സമീപിക്കാൻ സാധിക്കും.
സ്വന്തം ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. സ്വന്തം ആരോഗ്യവും സന്തോഷവും പ്രധാനമാണ് എന്ന തിരിച്ചറിവ് വ്യക്തിത്വവികസനത്തിന് സഹായകമാണ്.
കുറച്ച് സമയം മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒഴിവാക്കുക.
ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക.
പ്രകൃതിയിലൂടെയോ പാർക്കിലോ നടക്കുക.
യോഗയോ ധ്യാനമോ ചെയ്യുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ സമയം ചെലവഴിക്കുക.
മതിയായ ഉറക്കം ഉറപ്പാക്കുക.
ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates