

എ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 16 ശതമാനം കൂടുതലെന്ന് പഠനം. 60 വയസിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റ ഡോറ്റ വിശകലനത്തിലൂടെയാണ് ഈയൊരു നിഗമനത്തിൽ എത്തിയതെന്ന് പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകർ വ്യക്തമാക്കി.
അതേസമയം എബി, ബി രക്തഗ്രൂപ്പ് ഉള്ളവരിൽ കാര്യമായ ബന്ധം കാണിച്ചില്ല. എബി ഗ്രൂപ്പിൽപെട്ട ചിലരിൽ അപകടസാധ്യത കൂടുതലായിരിക്കാം. പക്ഷെ തെളിവുകൾ സ്ഥിരമല്ലെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഒ രക്തഗ്രൂപ്പിൽ പെട്ടവർക്ക് ഇത്തരത്തില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒ രക്തഗ്രൂപ്പ് അല്ലാത്തവരില്‍ വോണ്‍ വില്ലബ്രാന്‍ഡ് ഫാക്ടര്‍, ഫാക്ടർ VIII എന്നിങ്ങനെയുള്ള രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ അളവു അധികമായിരിക്കും. ഇത് പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കാം. കൂടാതെ, എ രക്തഗ്രൂപ്പുള്ളവർക്ക് ഡീപ് വെയിൽ ത്രോംബോസിസ് (ഡിവിടി) ഉണ്ടാകാനുള്ള സാധ്യത അല്‍പം കൂടുതലാണ്, രക്തം കട്ടപിടിക്കാനുള്ള പ്രവണത വ്യവസ്ഥാപിതമായി കൂടുതലായിരിക്കാമെന്നതിന്റെ തെളിവാണിതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇത് മാത്രമല്ല, ജീവിതശൈലി, ചുറ്റുപാടുകള്‍, മറ്റ് അപകട ഘടകങ്ങള്‍ എന്നിവ പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹത്തിന്റെയും കൊളസ്‌ട്രോളിന്റെയും ഭാരത്തിന്റെയും നിയന്ത്രണം, പതിവു വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, ആരോഗ്യ പരിശോധനകള്‍ എന്നിവ പിന്തുടരുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates