

ശരീരത്തിന് അത്യാവശ്യമായ പോഷകഘടകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മാനസികാരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ ഡി പ്രധാനമാണ്. എന്നാൽ ലക്ഷണങ്ങൾ വലിയ രീതിയിൽ പ്രകടമാകാത്തതിനാൽ വിറ്റാമിൻ ഡിയുടെ അഭാവം പലപ്പോഴും തിരിച്ചറിയണമെന്നില്ല അതിനാൽ തന്നെ പലരും വർഷങ്ങൾക്ക് ശേഷമായിരിക്കും ഇത് തിരിച്ചറിയുക.
രാവിലെ എഴുന്നേറ്റിട്ടും ഉന്മേഷമില്ലാത്ത അവസ്ഥ, ചെറിയ ജോലികൾ ചെയ്താലും തളർച്ച അനുഭവപ്പെടൽ എന്നിവ വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. മതിയായ ഉറക്കം ലഭിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ പരിശോധന നടത്തുന്നത് നല്ലതാണ്.
വിറ്റാമിൻ ഡി കാൽസ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇത് കുറയുമ്പോൾ എല്ലുകൾ ദുർബലമാകുകയും നടുവേദന, മുട്ടുവേദന, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.
പടികൾ കയറുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക, സാധാരണ ജോലികൾ ചെയ്യുമ്പോൾ പേശികൾ വേഗത്തിൽ ക്ഷീണിക്കുക എന്നിവയും വിറ്റാമിൻ ഡിയുടെ കുറവിന്റെ സൂചനകളാണ്.
ജലദോഷം, പനി, ശ്വാസകോശ അണുബാധകൾ തുടങ്ങിയവ ഇടയ്ക്കിടെ വരുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാകാം. വിറ്റാമിൻ ഡി പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്നു.
സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ തുടങ്ങിയവയ്ക്കൊപ്പം വിറ്റാമിൻ ഡിയുടെ കുറവും മുടികൊഴിച്ചിലിന് കാരണമാകാം. പ്രത്യേകിച്ച് അമിതമായ മുടികൊഴിച്ചിൽ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധന നടത്താം.
വിറ്റാമിൻ ഡി കുറവുള്ളവരിൽ വിഷാദരോഗ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. നിരാശ, ഉത്സാഹക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയും ഇതുമായി ബന്ധപ്പെട്ടിരിക്കാം.
രാത്രിയിൽ ശരിയായി ഉറങ്ങാൻ കഴിയാതിരിക്കുക, ഇടയ്ക്കിടെ ഉണരുക, രാവിലെ ക്ഷീണത്തോടെ എഴുന്നേൽക്കുക എന്നിവ ചിലപ്പോൾ വിറ്റാമിൻ ഡിയുടെ അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുറിവുകൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുറിവുകൾ എന്നിവ സുഖപ്പെടാൻ സാധാരണയെക്കാൾ കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിൽ അത് വിറ്റാമിൻ ഡിയുടെ അഭാവത്തെ തുടർന്നാകാം.
അമിതമായ വിയർക്കുന്ന പ്രവണതയുണ്ടോ? പ്രത്യേകിച്ച് നെറ്റിയിൽ കൂടുതലായി വിയർപ്പ് അനുഭവപ്പെടുന്നത് ചിലരിൽ വിറ്റാമിൻ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിറ്റാമിൻ ഡി മസ്തിഷ്ക പ്രവർത്തനത്തെയും സ്വാധീനിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മറവി എന്നിവയും ചിലരിൽ കാണപ്പെടാം.
സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭ്യമാകുന്നത്, രാവിലെയോ വൈകുന്നേരമോ 15–30 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡി ലഭ്യമാകാൻ സഹായിക്കും. ചില ഭക്ഷണത്തിൽ നിന്നും വിറ്റാമിൻ ഡി ലഭ്യമാകാൻ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞ, ഫോർട്ടിഫൈഡ് പാൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ഡി സപ്ലിമെന്റുകളും ഉപയോഗിക്കാം.
വിറ്റാമിൻ ഡിയുടെ കുറവ് പലപ്പോഴും നിസാരമായ ക്ഷീണമോ ശരീരവേദനയോ ആയി തോന്നാം. എന്നാൽ അത് അവഗണിച്ചാൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അതിനാൽ ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates