

കോവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എന്‍ 95 മാസ്‌കിന്റെ വ്യാജനും നമ്മുടെ വിപണികളില്‍ സജീവമാണ്. എന്താണ് എന്‍ 95 മാസ്‌കിനെ മറ്റു മാസ്‌കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാമെന്നും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഫോ ക്ലിനിക്. എന്‍ 95 മാസ്‌കിനെ കുറിച്ച് ഡോ. അശ്വിനി ആറിന്റെ കുറിപ്പാണ് ഇന്‍ഫോ ക്ലിനിക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
കൊറോണയെ നമ്മള്‍ പരിചയപ്പെട്ടു തുടങ്ങിയ കാലത്തു നിന്നു വ്യത്യസ്തമായി, വിപണിയില്‍ ഇന്ന് വിവിധ തരം മാസ്‌കുകള്‍ ലഭ്യമാണ് - എന്‍ 95 മാസ്‌ക്, സര്‍ജിക്കല്‍/മെഡിക്കല്‍ മാസ്‌ക്, തുണി മാസ്‌ക്. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രം ഉപയോഗിച്ച് പോന്നിരുന്ന എന്‍ 95 മാസ്‌ക്, ഇന്ന് പൊതുജനങ്ങളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ലഭ്യത കൂടിയതും വില കുറഞ്ഞതുമാകണം കാരണം. എന്നാല്‍ ഒട്ടു വൈകാതെ തന്നെ വ്യാജന്‍മാരും എത്തി. എന്താണ് എന്‍ 95 മാസ്‌കിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?
നമുക്ക് നോക്കാം...
എന്‍ 95 മാസ്‌ക് ഒരു തരം റെസ്പിറേറ്റര്‍ (respirator)ആണ്. എന്‍ 99, എന്‍100 എന്നിവയാണ് മറ്റുള്ളവ.0.3 മൈക്രോണിന് മുകളില്‍ വലിപ്പമുള്ള എത്ര ശതമാനം കണികകളെ തടയാം എന്നതനുസരിച്ചാണ് ഇവയ്ക്ക് പേര് നല്‍കുന്നത്.
95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാന്‍ ശേഷിയുള്ള മാസ്‌കുകളാണ് എന്‍95. എന്‍99 മാസ്‌കുകള്‍ 0.3 മൈക്രോണിന് മുകളിലുള്ള 99 ശതമാനം കണികകളെയും, എന്‍100 മാസ്‌കുകള്‍ 100% കാണികകളെയും തടഞ്ഞു വയ്ക്കും. ഫില്‍റ്ററിംഗ് ഫേസ് പീസ് എന്നൊരു പേരും റെസ്പിറേറ്ററുകള്‍ക് ഉണ്ട്. ഇതില്‍ ഫില്‍റ്ററിംഗ് ഫേസ് പീസ് 2(FFP2) എന്‍ 95 മാസ്‌കിനു തുല്യവും ഫില്‍റ്ററിംഗ് ഫേസ് പീസ് 3 (FFP3) എന്‍ 99 മാസ്‌കിനു തുല്യവും ആണ്.
എന്‍ 95 സ്രവകണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവര്‍ത്തിക്കുന്നത്, ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് നഷ്ടപ്പെടുത്തും. അതിനാല്‍ ഇവ കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല.
ഏതൊരു മാസ്‌കിനും പ്രധാനമായും രണ്ടു ധര്‍മ്മങ്ങളാണുള്ളത്.
ഉറവിട നിയന്ത്രണം (Source control)ഉപയോഗിക്കുന്നയാള്‍ക്ക് രോഗമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ക്ക് പകരുന്നത് തടയുന്നു.
വ്യക്തിഗത സുരക്ഷ (Personal protection)
ഉപയോഗിക്കുന്നയാള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് രോഗം പകരുന്നത് തടയുന്നു.
എന്‍95 മാസ്‌കുകള്‍ ഉറവിട നിയന്ത്രണവും വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. അതിനാല്‍ തന്നെ, കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പരിചാരകര്‍ തുടങ്ങിയവരാണ് നിര്‍ബന്ധമായും എന്‍95 മാസ്‌ക് ധരിക്കേണ്ടത്.
ച95 മാസ്‌ക് മുഖത്തോട് ചേര്‍ന്ന് സീല്‍ ചെയ്ത രീതിയില്‍ ആണ്, ധരിക്കേണ്ടത്.
അതിനാല്‍ തന്നെ,താടി രോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.എന്‍ 95 മാസ്‌കിനടിയില്‍ മറ്റു മാസ്‌കുകള്‍ ഉപയോഗിക്കരുത്.
വ്യാജ എന്‍ 95 മാസ്‌കുകള്‍ വിപണിയില്‍ സുലഭമാണ്. ഇവയ്ക്ക് മേല്‍പ്പറഞ്ഞ യാതൊരു ഗുണങ്ങളും ഇല്ലെന്നോര്‍ക്കുക. NIOSH, ISI, DRDO/ DRDE, SITRA തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് മാസ്‌കിന്റെ മുകളില്‍ തന്നെ രേഖപ്പെടുത്തിയിരിക്കും.
ലഭ്യതകുറവോ വിലക്കൂടുതലോ അലട്ടാത്ത ഉത്തമ സാഹചര്യങ്ങളില്‍ എന്‍ 95 മാസ്‌ക് ഒറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
ക്ഷാമം നേരിടുന്ന പക്ഷം, അത്യാവശ്യമെങ്കില്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു എന്‍95 മാസ്‌ക് പരിമിതമായി പുനരുപയോഗിക്കാന്‍ CDC മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കില്‍ പോലും, ഒരു എന്‍ 95 മാസ്‌ക് പരമാവധി 5 തവണയേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല. ഓരോ ഉപയോഗത്തിനും ഇടയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ (3 ദിവസം) ഇടവേള വേണം. ഇതിനകം മാസ്‌കില്‍ വൈറസ് ഉണ്ടെങ്കില്‍ തന്നെ നശിച്ചു പോകും എന്ന അനുമാനത്തില്‍ ആണിത്.
ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ഒരാളുടെ പക്കല്‍ കുറഞ്ഞത് 5 മാസ്‌കുകളും വായു സഞ്ചാരമുള്ള (ഒന്ന് മുതല്‍ അഞ്ചു വരെ ലേബല്‍ ചെയ്ത) 5 പേപ്പര്‍ ബാഗുകളും വേണം. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്‌ക് ഒന്ന് എന്ന് ലേബല്‍ ചെയ്ത പേപ്പര്‍ ബാഗില്‍ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്‌ക് രണ്ട് എന്ന് ലേബല്‍ ചെയ്ത ബാഗില്‍, അങ്ങനെ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പര്‍ ബാഗിലെ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരോ മാസ്‌കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നത് വരെ ഇത് തുടരാം.
ഉപയോഗിച്ച മാസ്‌കിന്റെ മുന്‍ഭാഗത്ത് വൈറസ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചരടില്‍ പിടിച്ചു മാത്രം മാസ്‌ക് അഴിച്ചെടുക്കുക.
കുട്ടികളും മറ്റും എടുക്കാത്ത സുരക്ഷിതമായ സ്ഥലത്ത് പേപ്പര്‍ ബാഗില്‍ ഇട്ട മാസ്‌ക് സൂക്ഷിക്കുക.
ഉപയോഗിച്ച മാസ്‌ക് കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല, ഇതു മാസ്‌കിന്റെ ഉള്ളിലെ ഫില്‍റ്ററിനെ ബാധിക്കുകയും മാസ്‌ക് ഉപയോഗശൂന്യമാക്കുകയും ചെയ്യും.
ഓരോ പ്രാവശ്യം ഉപയോഗിക്കുന്നതിനു മുന്‍പും മാസ്‌കിനു കേടുപാടുകള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം, മാസ്‌കിന്റെ ഫിറ്റ് ടെസ്റ്റ് ചെയ്യണം. ഇതിനായി മാസ്‌ക് ധരിച്ച ശേഷം കൈപ്പത്തി മാസ്‌കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.
അഴുക്ക് പുരണ്ടതോ രോഗിയുടെ രക്തമോ ശരീരസ്രവങ്ങളോ തെറിച്ചു വീണ മാസ്‌ക് പുനരുപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍
മാസ്‌കിലേക്ക് ശരീരസ്രവങ്ങളോ രക്തമോ തെറിച്ചു വീഴുന്നത് തടയാന്‍ മാസ്‌കിന് മേലെ ഫേസ് ഷീല്‍ഡ് ഉപയോഗിക്കാം. ഇതിനായി മാസ്്കിനു മുകളില്‍ സര്‍ജിക്കല്‍ /മെഡിക്കല്‍ മാസ്‌കും ഉപയോഗിക്കാറുണ്ടെങ്കിലും, ഇത് തെറ്റായ പ്രവണത ആണ്. കൂടുതല്‍ സംരക്ഷണം തരുന്നില്ല എന്ന് മാത്രമല്ല, ശ്വാസോച്ഛ്വാസം കൂടുതല്‍ പ്രയാസകരമാക്കുന്നു.
വീണ്ടും ഉപയോഗിക്കുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍, ആ മാസ്‌ക് പുനരുപയോഗം ചെയ്യരുത്.പുനരുപയോഗം ചെയ്യുന്ന എന്‍95 മാസ്‌ക് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്ത പക്ഷം ഇതു വളരെ അധികം അപകടകരമാണ്. ഉപയോഗിച്ച മാസ്‌കിന്റെ മുന്‍ഭാഗത്തു വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉപയോഗിച്ച എന്‍ 95 മാസ്‌കുകള്‍ കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിടൈസര്‍ ഉപയോഗിച്ച് ശുചിയാക്കണം. വീണ്ടും ധരിക്കുമ്പോഴും, ഫിറ്റ് ടെസ്റ്റ് ചെയ്യുമ്പോഴും, എന്തിനു ഈ മാസ്‌കില്‍ തൊടുമ്പോഴൊക്കെയും ഇതു വേണം.
ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.
ചില റെസ്പിറേറ്ററുകളില്‍ വാല്‍വുകള്‍ കണ്ടു വരാറുണ്ട്, ഈ വാല്‍വിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവ ഉപയോഗിക്കാന്‍ പാടില്ല.
ഉപയോഗിച്ച എന്‍ 95 മാസ്‌കുകളുടെ നിര്‍മാര്‍ജ്ജനം
കോവിഡ്-19 ഐസൊലേഷന്‍ വാര്‍ഡ് / ടെസ്റ്റ് സെന്റര്‍ / ലബോററ്റോറീസ് ഇവിടങ്ങളിലെ മഞ്ഞ വേസ്റ്റ് ബാഗിലാണ് നിക്ഷേപിക്കേണ്ടത്. ഇതില്‍ ഇടുന്ന എല്ലാ മാലിന്യങ്ങളും ഇന്‍സിനെറേറ്റ് ചെയ്യുകയോ (incineration) ആഴത്തില്‍ കുഴിച്ചിടുകയോ (deep burial) ആണ് പതിവ്.
വീടുകളില്‍: ബ്ലീച് ലയനിയില്‍ മുക്കി വച്ചു അണുവിമുക്തമാക്കിയ ശേഷം കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യാം.
ചുരുക്കി പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്ന മാസ്‌കാണ് എന്‍ 95 എങ്കിലും,ഉദ്ദേശിച്ച ഫലം ലഭിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എന്‍ 95 മാസ്‌ക് വ്യാജന്‍ ആകരുത്,മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ട്ടിഫൈഡ് മാസ്‌ക് ആയിരിക്കണം,ഫിറ്റ് ശരിയാകണം. ഇതോടൊപ്പം, പുനരുപയോഗം കൂടുതല്‍ അപകടത്തിലേക്കു നയിക്കാതിരിക്കാനും ശ്രദ്ധ വേണം!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates