

നല്ല ഉറക്കം തോന്നുമ്പോള്‍ അല്ലെങ്കില്‍ ക്ഷീണം അനുഭവപ്പെടുമ്പോഴൊക്കെ നമ്മള്‍ നീട്ടി വലിച്ച് കോട്ടുവായ ഇടാറുണ്ട്. അത് കണുന്നവരിലേക്കും കോട്ടുവായ പകര്‍ന്നു പോകുന്നതും ശ്രദ്ധിച്ചിട്ടുണ്ടാവും, അല്ലേ?.
ഒരു ദിവസം ആറ് മുതല്‍ 23 തവണ വരെ മനുഷ്യര്‍ കോട്ടവായ ഇടാറുണ്ടെന്നാണ് ഗവേഷകര്‍ പലകാലങ്ങളിലായി നടത്തിയ പഠനങ്ങളില്‍ പറയുന്നത്. ഓരോ കോട്ടുവായ സമയത്തും ശ്വാസം തുറന്ന വായയിലൂടെ എടുക്കുകയും ഏതാനും സെക്കന്‍റുകള്‍ പിടിച്ചുവെച്ച ശേഷം പുറത്തേക്ക് വിടുകയും ചെയ്യുന്നു.
മനുഷ്യര്‍ മാത്രമല്ല നായയും പൂച്ചയും മീനും ചിമ്പാൻസികളുമൊക്കെ ഉള്‍പ്പെട്ട ജീവജാലങ്ങളും കോട്ടുവായ ഇടാറുണ്ട്. ഉറക്കച്ചടവ്, ക്ഷീണം, മാനസികസമ്മര്‍ദം ഇവയൊക്കെയാണ് പൊതുവെ കോട്ടുവായ്ക്ക് കാരണങ്ങളാവുക. എന്നാല്‍ ഇതൊന്നുമല്ലാതെ ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെടുന്ന കോട്ടുവായകളാണ് ഏറെയും.
കോട്ടുവായ പകരുന്ന ഒന്നാണോ?
അടുത്തിരിക്കുന്നയാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ കോട്ടുവായ ഇടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യരിലും മൃഗങ്ങളിലുമൊക്കെ ഒരു അനൈച്ഛികചേഷ്ടയാണ് (റിഫ്ലക്സ് റിയാക്ഷന്‍) കോട്ടുവായ. അടുത്തിരിക്കുന്ന ആളുടെ കോട്ടുവായ പകരുന്നത് തികച്ചും യാന്ത്രികമായി അനുഭവപ്പെടാം. എന്നാല്‍ ഇത് യാന്ത്രികമല്ലെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്ന ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കോട്ടുവായ പകരുന്ന സ്വഭാവം ഒരു കുട്ടിയില്‍ ആരംഭിക്കുന്നത് നാല് അല്ലെങ്കില്‍ അഞ്ച് വയസു മുതലാണ്. ഈ പ്രായത്തിലാണ് കുട്ടികള്‍ സഹാനുഭൂതി വളര്‍ത്തിയെടുക്കാന്‍ തുടങ്ങുന്നത്. സഹാനുഭൂതി എന്നാല്‍ മറ്റൊരാളുടെ വികാരങ്ങളെ മനസിലാക്കാനും പങ്കുവെക്കാനുമുള്ള കഴിവുണ്ടാകുക എന്നാണ്. ഈ സഹാനുഭൂതിയാണ് കോട്ടുവായ മറ്റുള്ളവരിലേക്ക് പകരാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നത്.
അപരിചിതരെക്കാള്‍ അടുപ്പമുള്ളവര്‍ കോട്ടുവായ ഇടുമ്പോഴാണ് അത് പകരുന്ന പ്രവണത കൂടുതലുള്ളതെന്ന് ഗവേഷകര്‍ കണ്ടെത്തി. കോട്ടുവായ ജീവികളുടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. അടുത്തിരിക്കുന്ന ആള്‍ കോട്ടുവായ് ഇടുന്നത് കാണുമ്പോള്‍ നിങ്ങളുടെ മസ്തിഷകം അവരുടെ വികാരങ്ങളെ മനസിലാക്കുകയും നിങ്ങളും അത് അനുകരിക്കുകയും ചെയ്യുന്നു. ഇത് ജീവികളില്‍ സാമൂഹിക ബന്ധങ്ങളും ഏകോപനവും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുതിരുമ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ കഴിയുന്നത് ഇത്തരത്തില്‍ പകരുന്ന കോട്ടുവായ ഇടുന്നതിന്‍റെ എണ്ണം കൂട്ടും. അതേസമയം വളരെ പ്രായമാകുമ്പോള്‍ ഇതിന്‍റെ എണ്ണം കുറയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത മനുഷ്യരിലും ചിമ്പാന്‍സികളിലും കണ്ടുവരുന്നു. അരുമകളായ മൃഗങ്ങളുടെ കോട്ടുവായയും മനുഷ്യരിലേക്കും പകരാറുണ്ട്.
കോട്ടുവായ പകരുന്നതിന് പിന്നിലെ ശാസ്ത്രം
നിങ്ങളുടെ മസ്തിഷത്തിലുള്ള 'മിറര്‍' ന്യൂറോണുകള്‍ മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുന്നത് കാണുമ്പോള്‍ ആക്ടീവാകുന്നു. ശേഷം അതുപോലെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കോട്ടുവായ പകരുന്നതിന് പിന്നിലും ഈ ന്യൂറോണ്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ ചെയ്യുന്നത് അതുപോലെ പകര്‍ത്തുകയാണ് ഈ സാഹചര്യത്തില്‍ മസ്തിഷ്‌കം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates