

ഒക്ടോബറിൽ സുഖകരമായിരുന്ന പ്രഭാത നടത്തം ഡിസംബറിൽ ചിലപ്പോൾ പ്രയാസകരമായി അനുവപ്പെടാം. ഹൃദയസംബന്ധമായ എന്തെങ്കിലും അസുഖമുള്ള ഒരാൾക്ക്, പടികൾ കയറുമ്പോൾ ശ്വാസംമുട്ടലോ, പുറത്ത് നടക്കുമ്പോൾ നെഞ്ചിൽ ഒരു ഭാരമോ അനുഭവപ്പെട്ടേക്കാം. ഈ ലക്ഷണങ്ങൾ താൽക്കാലികമായതുകൊണ്ട് തന്നെ കാലാവസ്ഥ മാറിയതിന്റെ സ്വാഭാവിക ശാരീരിക പ്രതികരണമായി നമ്മൾ അവഗണിക്കുകയാണ് പതിവ്. എന്നാൽ നമ്മുടെ ഹൃദയം ആവശ്യത്തിന് രക്തം ലഭിക്കാതെ പ്രയാസപ്പെടുന്നുവെന്നതിന്റെ സൂചനകളാണിത്.
ശൈത്യം എത്തുന്നതോടെ അന്തരീക്ഷ താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകും. കാലാവസ്ഥ തണുക്കുമ്പോൾ ജലദോഷം, ചുമ, പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ഹൃദയത്തിൻ്റെ ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുത്ത കാലാവസ്ഥയിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. യുകെയിൽ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി 'ബ്രിട്ടീഷ് മെഡിക്കൽ ജേണലി'ൽ പ്രസിദ്ധീകരിച്ച ഒരു പഠനം,താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് കുറവുണ്ടാകുമ്പോൾ, ആ ദിവസവും തുടർന്നുള്ള 28 ദിവസങ്ങളും ഉൾപ്പെടെയുള്ള കാലയളവിൽ ഹൃദയാഘാത സാധ്യത 2 ശതമാനം വർധിക്കുന്നതായി കണ്ടെത്തി. പ്രത്യേകിച്ച് പ്രായമായവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർധിക്കാൻ കാരണം? തിരിച്ചറിയേണ്ട ലക്ഷണങ്ങൾ ഏതെല്ലാം?
തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ചൂട് നിലനിർത്തുന്നതിനായി രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇതിനെ വാസോകൺസ്ട്രിക്ഷൻ (Vasoconstriction) എന്നാണ് പറയുന്നത്. രക്തക്കുഴലുകൾ ചുരുങ്ങുന്നതോടെ രക്തസമ്മർദം ഉയരുകയും ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ അധ്വാനിക്കേണ്ടിവരികയും ചെയ്യുന്നു. ഇത് ഹൃദയത്തിന് അധിക സമ്മർദമുണ്ടാക്കും.
തണുപ്പ് കാരണം രക്തക്കുഴലുകൾ ചുരുങ്ങുന്നത് രക്തസമ്മർദം വർധിക്കാൻ കാരണമാകാം. ഇതിനകം ഉയർന്ന രക്തസമ്മർദമുള്ളവരിൽ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹൃദയത്തിന് കൂടുതൽ സമ്മർദത്തിൽ പ്രവർത്തിക്കേണ്ടിവരുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാം.
തണുപ്പുള്ള അന്തരീക്ഷത്തിൽ ശരീരത്തിൻ്റെ താപനില നിലനിർത്താൻ ഹൃദയം കൂടുതൽ അധ്വാനിക്കേണ്ടിവരും. ഇതോടെ ഹൃദയപേശികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരാം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം നേരത്തേ തന്നെ കുറഞ്ഞിട്ടുള്ളവരിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാം.
ശൈത്യകാലത്ത് ചിലരിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ പ്രവർത്തനത്തിലും രക്തം കട്ടപിടിക്കുന്ന പ്രക്രിയയിലും മാറ്റങ്ങളുണ്ടാകാം. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കാം. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ചാൽ ഹൃദയാഘാതം സംഭവിക്കാം.
തണുപ്പുള്ള കാലാവസ്ഥയിൽ പെട്ടെന്ന് കഠിനമായ വ്യായാമത്തിലേർപ്പെടുകയോ അമിതമായി ശാരീരിക അധ്വാനം നടത്തുകയോ ചെയ്യുന്നത് ഹൃദയത്തിന് അധികഭാരം നൽകാം. പ്രത്യേകിച്ച് പതിവായി വ്യായാമം ചെയ്യാത്തവർ തണുപ്പത്ത് പെട്ടെന്ന് കഠിനമായ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം.
ശൈത്യകാലത്ത് ചില ശ്വാസകോശ അണുബാധകൾ കൂടുതലായി കാണപ്പെടാം. പനി, ഇൻഫ്ലുവൻസ തുടങ്ങിയ അണുബാധകൾ ശരീരത്തിൽ വീക്കം, ഹൃദയമിടിപ്പിലെ വർധന, ഹൃദയത്തിന് അധിക സമ്മർദം എന്നിവയ്ക്ക് കാരണമാകാം. നേരത്തേ ഹൃദ്രോഗമുള്ളവരിൽ ഇത്തരം അണുബാധകൾ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കാം.
ഹൃദയാഘാതം സംഭവിക്കുമ്പോൾ എല്ലാവരിലും ഒരേ ലക്ഷണങ്ങളായിരിക്കണമെന്നില്ല. ചിലരിൽ പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെടുമ്പോൾ മറ്റു ചിലരിൽ നേരിയ അസ്വസ്ഥതകളായിട്ടായിരിക്കും തുടക്കം. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്.
നെഞ്ചുവേദനയോ അസ്വസ്ഥതയോ
നെഞ്ചിന്റെ മധ്യഭാഗത്ത് സമ്മർദം, മുറുക്കം, ഭാരം, കത്തുന്ന വേദന തുടങ്ങിയവ അനുഭവപ്പെടാം. ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുകയോ ഇടവിട്ട് വീണ്ടും വരികയോ ചെയ്യാം.
കൈകളിലും തോളിലും വേദന
ഒന്നോ രണ്ടോ കൈകളിൽ, തോളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ എന്നിവിടങ്ങളിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.
ശ്വാസംമുട്ടൽ
നെഞ്ചുവേദനയോടെയോ അല്ലാതെയോ ശ്വാസംമുട്ടൽ അനുഭവപ്പെടാം. ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകാം.
അമിതമായി വിയർക്കുക
ശാരീരിക അധ്വാനമില്ലാതെ പെട്ടെന്ന് തണുത്ത വിയർപ്പ് ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണമാകാം.
ഓക്കാനം, തലകറക്കം
ഓക്കാനം, ഛർദി, തലകറക്കം, ബോധം നഷ്ടപ്പെടുന്നതുപോലുള്ള തോന്നൽ എന്നിവയും ചിലരിൽ കാണാം.
അസാധാരണമായ ക്ഷീണം
പ്രത്യേകിച്ച് സ്ത്രീകളിൽ പതിവില്ലാത്ത ക്ഷീണം, തളർച്ച, ദുർബലമാവുക എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം.
തണുപ്പുകാലത്ത് ഹൃദയത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരം ചൂടോടെ സംരക്ഷിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞടുക്കാം. പുലർച്ചെയും രാത്രിയിലെയും തണുപ്പ് നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
ഉയർന്ന രക്തസമ്മർദമുള്ളവർ കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിക്കണം. ഡോക്ടർ നിർദേശിച്ച മരുന്നുകൾ മുടക്കരുത്.
തണുപ്പു കൂടുതലുള്ള സമയത്ത് പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് കടക്കരുത്. ലഘുവായ വ്യായാമങ്ങളിലൂടെ ശരീരത്തെ സജ്ജമാക്കുക.
അമിതമായ ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
തണുപ്പുകാലത്ത് ദാഹം കുറവായിരിക്കാമെങ്കിലും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കൃത്യമായ ഉറക്കശീലം പാലിക്കുകയും മാനസിക സമ്മർദം നിയന്ത്രിക്കുകയും ചെയ്യുക.
നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് മാത്രം ഹൃദയാഘാത സാധ്യത തള്ളിക്കളയാനാവില്ല എന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളിലും പ്രായമായവരിലും പ്രമേഹരോഗികളിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. സംശയകരമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
ശൈത്യകാലത്ത് ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളും കൃത്യമായ ആരോഗ്യപരിശോധനകളും ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates