

അർജന്റീനയിലെ ഉസുവായയിൽ നിന്ന് പുറപ്പെട്ട ക്രൂസ് കപ്പലിൽ എട്ട് പേർക്ക് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതോടെ വീണ്ടുമൊരു മഹാമാരിക്കാലം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകം. വൈറസ് ബാധ സ്ഥീരീകരിച്ചവരിൽ മൂന്ന് പേർ മരിച്ചതായും അഞ്ച് പേർ ചികിത്സയിലുമാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. അറ്റ്ലാന്റിക് വഴി കേപ് വെർദെയിലേക്ക് യാത്ര ചെയ്യുന്ന എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂസ് കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം.
എന്നാൽ വൈറസ്ബാധ വ്യാപനത്തിൽ ഇന്ത്യയിൽ അടിയന്തര ആശങ്കയ്ക്ക് കാര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്ന് കപ്പൽ പുറപ്പെടുന്നത്.
കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റാവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്.
പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ പ്രകടമായി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് പോസിറ്റീവായി കണ്ടെത്തിയത്. ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റാവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്.
രോഗലക്ഷണങ്ങൾ പ്രകടമായി നാലു ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു. പിസിആർ പരിശോധനയിൽ ആറു കേസുകളും ഹാന്‍റാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ 147 യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. ഇതിനിടെ 34 പേർ കപ്പൽ വിട്ടുപോയിരുന്നു. നാല് രോഗികൾ ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
ഹാന്റാവൈറസ് വ്യാപനത്തെ കോവിഡ്-19 മഹാമാരിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കോവിഡ് പോലുള്ള സാഹചര്യമല്ല ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ പകർച്ചവ്യാധി വിഭാഗം എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർക്കോവ് പറഞ്ഞു. കോവിഡിലും ഫ്ലൂവിലും നിന്ന് വ്യത്യസ്തമായി ഹാന്‍റാ വൈറസ് ചുമയിലൂടെയോ തുമ്മലിലൂടെയോ എളുപ്പത്തിൽ പടരില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം ആൻഡിസ് വിഭാഗത്തിൽ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു.
രോഗലക്ഷണങ്ങളുള്ള ആളുമായി വളരെ അടുത്തതും ദീർഘമായതുമായ സമ്പർക്കത്തിലൂടെ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളു. കോവിഡ് പോലെ ലോക ജനസംഖ്യയ്ക്ക് ആകെ അപകടസാധ്യത വളരെ കുറവാണെന്നും, കപ്പലിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചതിന് നിലവിൽ തെളിവുകളൊന്നും ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, വൈറസിനെ ഗൗരവമായി കാണണമെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എട്ട് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഇൻകുബേഷൻ കാലയളവ് ഉള്ളതിനാൽ കൂടുതൽ കേസുകൾ ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി.
കോവിഡ് പോലെ പരിചിതമല്ലാത്ത പുതിയ ഒന്നല്ല ഹാന്റാവൈറസ്. 30 മുതൽ 50 തരം വരെ ഹാന്റാവൈറസുകൾ ഉണ്ട്. അതിൽ ചില ഹാന്റാ വൈറസുകൾ വളരെ നിരുപദ്രവകാരികൾ ആണ്. ഏഷ്യയിൽ കാണപ്പെടുന്ന ഹാന്റാവൈറസ് പ്രധാനമായും വൃക്കകളെ ബാധിക്കുന്ന തരം ഹാന്റാ വൈറസ് ആണ്. തെക്കേ അമേരിക്കയിലും മറ്റും കാണപ്പെടുന്ന ഹാന്‍റാ വൈറസിന്റെ വകഭേദമാണ് ആൻഡിസ് വൈറസ് . ഇവയാണ് ഇപ്പോൾ കപ്പലിൽ വ്യാപിച്ചിരിക്കുന്നത്. ഇവ ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞാൽ മരണനിരക്ക് 50 ശതമാനത്തോളമാണ്. അങ്ങനെ വരുമ്പോഴേക്കും ഇത് വളരെ ഗുരുതരമായിട്ടുള്ള ഒരു സാഹചര്യം തന്നെയാണ് സൃഷ്ടിക്കുക.
വൈറസ് ബാധിച്ച എലികളിൽ നിന്നാണ് പ്രധാനമായും ഹാന്റാവൈറസ് മനുഷ്യരിലേക്ക് പകരുക. പ്രത്യേകിച്ച് അവയുടെ വിസർജ്യങ്ങൾ, മൂത്രം, അല്ലെങ്കിൽ ഉമിനീർ എന്നിവയിലൂടെ. ഈ വിസർജ്യങ്ങൾ കലർന്ന പൊടി ശ്വസിക്കുന്നതിലൂടെയും വൈറസ് പകരാം. കപ്പലിൽ കണ്ടെത്തിയ ആൻഡിസ് വൈറസ്, മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ഏക ഹാന്‍റാ വൈറസ് വകഭേദമാണ്. നിലവിൽ, ഹാന്‍റാ വൈറസിന് ചികിത്സയോ പ്രത്യേക വാക്സിനോ ലഭ്യമല്ല.
1950കളിൽ കൊറിയൻ യുദ്ധസമയത്ത് കൊറിയയിലെ ഹാന്റാൻ നദിക്ക് സമീപമാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ലോകമെമ്പാടും 20-ൽ അധികം ഹാന്‍റാ വൈറസ് വകഭേദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ രോഗം വരുത്തുന്ന ചുരുക്കം വകഭേദങ്ങൾ മാത്രമേയുള്ളുയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates