കഞ്ചാവ് വലിച്ചാല്‍ കവിത വരുമോ? വീരസാഹസ കഥകൾ കേട്ട് ലഹരിക്ക് പിന്നാലെ ഒഴുകുന്ന കുട്ടികൾ, ചില മിഥ്യാധാരണകളും

ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നമുക്കിടയിൽ ഊട്ടിയുറപ്പിച്ചിരിക്കുന്ന ചില മിഥ്യാധാരണകളുണ്ട്. അവയെ ഒന്ന് മനഃശാസ്ത്രപരമായി പരിശോധിച്ചു നോക്കാം.
Interview with Dr. Manju TK, Clinical Phychologist
World Drugs Day.
Updated on
3 min read

'ഹായ്...ബ്യൂട്ടിഫുൾ പീപ്പിൾ' എന്ന സലീം കുമാർ ഡയലോ​​ഗിന് അന്നും ഇന്നും ആരാധകർ ഏറെയുണ്ട്. ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന ചിത്രത്തിൽ സലീം കുമാറിന്റെ കഥാപാത്രം ഒരു ഘട്ടത്തിൽ കഞ്ചാവ് വലിച്ച ശേഷം പറയുന്നതാണിത്. "ഇത് വലിച്ചാ ഇം​ഗ്ലീഷ് പറയാൻ പറ്റും വെറുതേ ഇസ്കൂളിൽ പോയി സമയം കളഞ്ഞു..." എന്ന് ആ കഥാപാത്രം പറയുമ്പോൾ കേരളത്തിലെ ചില യൂത്തന്മാരും തലയാട്ടി. കഞ്ചാവ് അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചാൽ ഇം​ഗ്ലീഷ് മാത്രമല്ല, കവിത വരെ അനർ​ഗളനിർ​ഗളമായി ഒഴുകുമെന്നാണ് ചിലരുടെ വിചാരം. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നമുക്കിടയിൽ ഊട്ടിയുറപ്പിച്ചിരിക്കുന്ന ചില മിഥ്യാധാരണകളുണ്ട്. അവയെ ഒന്ന് മനഃശാസ്ത്രപരമായി പരിശോധിച്ചു നോക്കാം.

ക്രിയേറ്റീവ് ആയ ആളുകളൊക്കെ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന പൊതുബോധം പണ്ടേ നമ്മൾക്കിടയിൽ നിലനിൽക്കുന്ന ഒരു മിഥ്യാധാരണയാണെന്ന് ഇടപ്പാൾ ഹോസ്പിറ്റൽസ് ആശുപത്രി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ മഞ്ജു ടികെ സമകാലിക മലയാളത്തോട് പറയുന്നു. സിനിമക്കാരും എഴുത്തുകാരും നാടകക്കാരുമെല്ലാം ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് ക്രിയേറ്റിവിറ്റി ഉണരുന്നതെന്ന ഒരു കാഴ്ചപ്പാട് സമൂഹത്തിലുണ്ട്. എന്നാല്‍ ഒരാളുടെ സർ​ഗാത്മക കഴിവ് അവരുടെ ജന്മസിദ്ധവും പരിശീലനത്തിന്റെ ഫലവുമാണ്. ദീർഘകാലം ലഹരി ഉപയോ​ഗിക്കുന്നതിലൂടെ ഉറക്കം, ശ്രദ്ധ, ഓർമശക്തി എന്നിവയെ ബാധിക്കാം.

ഉത്തേജനങ്ങളായി ഉപയോഗിക്കുന്ന ചില ലഹരി വസ്തുക്കള്‍ ഒരു ചെറിയ കാലയളവിലേക്ക് ഒരു ഉണര്‍വ് നല്‍കുമായിരിക്കും. ഇത് നമ്മുടെ മൂഡ് അപ് ലിഫ്റ്റ് ചെയ്യാം. പലരീതിയിലാണ് ഇത് ആളുകളെ സ്വാധീനിക്കുക. കേള്‍ക്കുന്നവര്‍ വിചാരിക്കും ലഹരി കഴിച്ചാല്‍ സാഹസികരാകും, ക്രിയേറ്റീവ് ആകും, സങ്കടം മറക്കും എന്നൊക്കെ, എന്നാല്‍ ഇത് തല്‍ക്കാലികമാണ്. താല്‍ക്കാലികമായി കിട്ടുന്ന ഈ ആശ്വാസത്തെ ആളുകള്‍ക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണയായി വരും. ഇത് ആസക്തിയായി മാറാം- ഡോ. മഞ്ജു പറയുന്നു.

മദ്യവും മദിരാക്ഷിയും

ലഹരിയെ കുറിച്ച് പൊതുവായ ധാരണ ഉണ്ടാക്കുന്നതിൽ ഒരു പരിധിവരെ സിനിമകൾക്ക് പങ്കുണ്ട്. തൊണ്ണൂറു കാലഘട്ടത്തിൽ ഇറങ്ങിയ ചില മലയാള സിനിമകളിൽ തന്നെ 'മദ്യവും മദിരാക്ഷിയും' എന്ന പരാമർശങ്ങൾ ഉപയോ​ഗിച്ചു കാണാറുണ്ട്. ഇതിൽ മദിരാക്ഷി എന്ന് പരാമർശിക്കുന്നത് സ്ത്രീകളെ ലൈം​ഗിക ചുവയോടെ കാണുന്നതിനെയാണ്. മദ്യത്തിനൊപ്പം ഇതും പ്രധാനമാണെന്നോ അല്ലെങ്കിൽ മദ്യപിച്ചാൽ ലൈം​ഗിക താൽപര്യം ഉണരുമെന്നൊക്കെ ചിന്തിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഇതിന് നേരെ വിപരീതമാണ് യാഥാർഥ്യം. ലഹരിയുടെ തുടര്‍ച്ചയായുള്ള ഉപയോഗം അവരുടെ ലൈംഗികാരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

സാമ്പത്തികമായി മെച്ചപ്പെട്ട സമൂഹത്തിനിടയിലേക്ക് ലഹരിയും മയക്കുമരുന്നും വ്യാപകമായി എത്തിയപ്പോഴാണ് സമൂഹത്തിൽ ലഹരി ഉപയോ​ഗത്തെ കുറിച്ച് ചർച്ചകൾ വലിയ രീതിയിൽ ഉയരുന്നത്. വളരെക്കാലമായി ലഹരി ഉപയോ​ഗം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്, അതുപക്ഷേ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന സമൂഹത്തിലായിരുന്നു അധികവും. അത്തരം പ്രദേശങ്ങളിലെ കുട്ടികളെ ലഹരി റാക്കറ്റുകൾ ഉപയോ​ഗിച്ചിരുന്നു.

മുന്‍പ് ഒരു ഘട്ടത്തില്‍ കറുപ്പിന്റെ ഉപയോഗമായിരുന്നെങ്കില്‍ ഇന്ന് സിന്തറ്റിക് ലഹരികള്‍ ആ സ്ഥാനം പിടിച്ചെടുത്തു. കറുപ്പ് ഔഷധമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ട്. സിന്തറ്റിക് മയക്കുമരുന്നിലേക്ക് വരുമ്പോള്‍ ഇതിന്റെ അളവിനെ കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല. മദ്യം പോലെ ഒരു അളവു പറയാൻ സിന്തറ്റിക് ലഹരിയുടെ കാര്യത്തിൽ സാധ്യമല്ല. ഉള്ളിലേക്ക് എടുക്കുന്നതെന്താണെന്നോ, അതിന്റെ അളവിനെ കുറിച്ചോ ആരും ബോധവാന്മാരല്ലെന്നും ഡോ. മഞ്ജു പറയുന്നു.

സമപ്രായക്കാരുടെ സമ്മര്‍ദവും കുടുംബവും

സമപ്രായക്കാരുടെ സമ്മര്‍ദം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ലഹരി ഉപയോഗത്തിലും അത് കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. അത് ആ പ്രായത്തിന്റെ പ്രത്യേകതയാണ്. മുതിര്‍ന്നവരെക്കാള്‍ സമപ്രായക്കാരാണ് കൂടുതല്‍ സമയവും ഒന്നിച്ചുണ്ടാവുക. അവസാനിപ്പിക്കണമെന്ന് തോന്നിയാലും കൂട്ടത്തില്‍ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമായിരിക്കില്ല. അതേസമയം ആദ്യമായി തുടങ്ങുന്നത് പലപ്പോഴും ഇതിനോടുള്ള കൗതുകത്തിന്റെ പേരിലായിരിക്കും. ചുറ്റുമുള്ളവരുടെ വീരസാഹസ കഥകൾ കേട്ട് വിശ്വസിച്ചു ...'എന്നാല്‍ പിന്നെ ഒന്ന് പരീക്ഷിച്ചേക്കാം' എന്ന തോന്നലിലാണ് പലരും ലഹരി ആദ്യമായി ഉപയോഗിക്കുക.

വീട്ടിലെ മുതിര്‍ന്നവര്‍ ലഹരി ഉപയോഗിക്കുന്നവരാണെങ്കില്‍ അത് സ്വാഭാവികമായും കുട്ടികളെ സ്വാധീനിക്കും. ഒരു ഘട്ടത്തില്‍ പറഞ്ഞു വന്നിരുന്നത് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളാണ് ഇത്തരം മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ്. എന്നാല്‍ ഇന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റ് എല്ലാ സുരക്ഷിതത്വവുമുള്ള വീടുകളിലെ കുട്ടികളും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് വലിയൊരു സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നു വരുന്നത്.

കുട്ടികളെ വളര്‍ത്തുമ്പോള്‍

അച്ഛന്‍, അമ്മ, മക്കള്‍ എന്ന അണുകുടുംബത്തിലേക്ക് ഒതുങ്ങിയപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ വീട്ടില്‍ അധികം മുതിര്‍ന്നവര്‍ ഇല്ലെന്നത് ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍ നേരിടുന്ന വലിയൊരു മാനസിക സമ്മര്‍ദമാണ്. പേരന്റിങ് പ്രധാനമായും രണ്ട് തരത്തിൽ തിരിക്കാം. കുട്ടികളുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്ന മാതാപിതാക്കള്‍ ഇന്ന് ധാരാളമുണ്ട്. അവരുടെ ഒരോ ചുവടും നിരീക്ഷിക്കുകയും അവരെ ഒരു ചട്ടക്കൂട്ടില്‍ ഇടുകയും ചെയ്യുന്ന പേരന്റിങ് രീതിയാണ് ഒന്നാമത്തേത്. യഥാര്‍ഥത്തില്‍ കൗമാരപ്രായത്തില്‍ കുട്ടികൾ അര്‍ഹിക്കുന്ന ഒരു പ്രൈവസി ഇന്ന് പല വീടുകളിലും ഇല്ല. മാതാപിതാക്കളുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പല കുട്ടികള്‍ വളരുന്നത്. ഇത്തരം കുട്ടികള്‍ 16-17 വയസില്‍ വീടു വിട്ടു നില്‍ക്കുന്ന സാഹചര്യത്തിൽ അനുഭവിക്കുന്ന അമിത സ്വാതന്ത്ര്യം ഉപയോ​ഗപ്പെടുത്താം. അത് ചിലരെ പിയർപ്രഷർ മൂലം ലഹരി ഉപയോ​ഗത്തിലേക്ക് തള്ളിവിടാം.

Interview with Dr. Manju TK, Clinical Phychologist
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍; ലോകത്ത് രണ്ടാമത്

അതേസമയം, തിരിച്ചും സംഭവിക്കാം. ജോലിക്ക് പോയി തിരിച്ചു വന്നാല്‍ നേരെ ഫോണ്‍ എടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും കൂടിവരികയാണ്. അവിടെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ഇന്ററാക്ഷന്‍ സ്‌പേയ്‌സ് വളരെ കുറവാണ്. പഴയ കാലം പോലെ ഒരു പിയര്‍ ഗ്രൂപ്പ് വീടുകളിൽ ഇന്നില്ല. ഇന്നത്തെക്കാലത്ത് ഒരു വീട്ടില്‍ രണ്ട് കുട്ടികള്‍ ഉണ്ടാവും. അവര്‍ തമ്മില്‍ മൂന്നോ നാലോ വയസിന് വ്യത്യാസം ഉണ്ടാകും. മൂത്ത കുട്ടി കൗമാരത്തിലേക്ക് കടക്കുമ്പോള്‍ ഇളയ കുട്ടി ചെറിയ കുട്ടിയായിരിക്കും. അവരു തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസവുമുണ്ടാകും. മാതാപിതാക്കളാകട്ടെ, തൊഴില്‍ സമ്മര്‍ദവും മറ്റ് ഉത്തരവാദിത്വങ്ങളും കാരണം കുട്ടികളോട് ശരിയായ ആശയവിനിമയം നടത്തണമെന്നില്ല. ഇത് കുട്ടികളെ മൊബൈൽ ഫോണുകളിലും മറ്റ് കാര്യങ്ങളിലേക്കും ആകര്‍ഷിക്കാന്‍ കാരണമാകും. എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോഴും കുട്ടികളുമായി ഇടപഴകുകയും ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടു കൊടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

മയക്കു മരുന്നിന്റെ ഉപയോ​ഗം

ഇത്തരം സിന്തറ്റിക് ഡ്ര​ഗ്സിന് മണമോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നവരെ ആദ്യ കാലഘട്ടത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പെരുമാറ്റത്തില്‍ ചില വ്യത്യാസം ഉണ്ടാകാം. എന്നാല്‍ ഇത് ഉപയോഗിച്ച് ആദ്യ ഒന്നോ രണ്ടോ തവണയില്‍ തിരിച്ചറിയണമെന്നില്ല. പിന്നീട് ഒരു ഘട്ടം കഴിഞ്ഞ് ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങുമ്പോഴാണ് വീട്ടുകാർ പോലും അന്വേഷിക്കുക. പുറമെ പ്രകടമാവുക പലപ്പോഴും വിഡ്രോവല്‍ ലക്ഷണങ്ങളായിരിക്കും. രോഗികളെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടേറിയതാക്കുന്നത്. പലപ്പോഴും ഈ വിഡ്രോവല്‍ ലക്ഷണങ്ങള്‍ ലഹരി കഴിക്കാനുള്ള പ്രേരണ വര്‍ധിപ്പിക്കാം. വിഡ്രോവല്‍ ഡിന്‍ഡ്രോമിന്റെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ അവർ ആദ്യം ചെയ്യുക ലഹരി എടുക്കുക എന്നതാണ്. പലരും ഈ വിഡ്രോവല്‍ സിന്‍ഡ്രോം മറച്ചു വയ്ക്കാന്‍ വീണ്ടും വീണ്ടും ലഹരി ഉപയോ​ഗിക്കാറുണ്ട്.

Interview with Dr. Manju TK, Clinical Phychologist
നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത്, ലഹരി ഉപയോ​ഗം മൂലം ഉണ്ടാകുന്ന അഞ്ച് മാനസികപ്രശ്നങ്ങൾ

സമൂഹത്തിന്റെ പൊതുബോധം

പിടിക്കപ്പെട്ടാൽ സമൂഹവും കുടുംബവും ആ വ്യക്തിയെ മഹാ മോശം വ്യക്തിയെന്ന് മുദ്രകുത്തുന്ന രീതിയാണുള്ളത്. അത് അവരിൽ കുറ്റബോധം ഉണ്ടാക്കാം. അതുണ്ടാക്കുന്ന സമ്മർദം മറികടക്കാൻ വീണ്ടും ലഹരി ഉപയോ​ഗിക്കുന്നവരുണ്ട്. കൂടാതെ നിരന്തരമായ ലഹരി ഉപയോ​ഗം പല തരത്തിലുള്ള മാനസിക രോ​ഗങ്ങൾക്കും കാരണമാകും. ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് അവരെ തള്ളിവിടാം. ലഹരി ഉപയോ​ഗത്തെ തുടർന്നുണ്ടാകുന്ന പെരുമാറ്റരീതികളും ലക്ഷണങ്ങളും വ്യക്തികൾക്കനുസരിച്ച് മാറ്റം വരാം. വിഡ്രോവല്‍ സിന്‍ഡ്രോം മറികടന്ന്, തിരിച്ചറിവു ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുന്ന കുറ്റബോധം ചിലരെ ആത്മഹത്യയിലേക്ക് വരെ തള്ളിവിട്ട കേസുകളും ഉണ്ടായിട്ടുണ്ട്.

ലഹരി ഉപയോഗത്തില്‍ മനുഷ്യര്‍ ബോധ്യമുള്ളവരാവുക എന്നതാണ് പ്രധാനം. ഇതുമൂലം ശാരീരികമായും മാനസികമായും സാമൂഹികമായും ബാധിക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികൾ ബോധവാന്മരാവുകയും, ഞാന്‍ ഇത് ഉപയോഗിക്കണോ എന്ന് സ്വയം ചിന്തിക്കുകയും ചെയ്യണം. മുൻ കാലങ്ങളില്‍ പുകവലി വ്യാപകമായിരുന്നു. എന്നാൽ ഇന്നത്തെ യുവാക്കളിൽ പുകവലി ശീലം വളരെ കുറഞ്ഞിട്ടുണ്ട്. അത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ശക്തമായ ക്യാമ്പയിന്റെ ഫലമായാണ്. ലഹരി ആസക്തിയുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ മുക്തി പോലുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശാസ്ത്രിയമായി ആസക്തിയില്‍ നിന്ന് വ്യക്തികളെ പിന്തിരിയാൻ നിലവിൽ സഹായിക്കുന്നത് അത്തരം കേന്ദ്രങ്ങളാണ്. മരുന്നുകളുടെയും സൈക്കോളജിക്കല്‍ പിന്തുണയും ഇത്തരം കേന്ദ്രങ്ങളിൽ ലഭ്യമാണ്. വീട്ടിൽ അല്ലെങ്കിൽ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല. ഒരു ടീം വര്‍ക്ക് ഇതിന് ആവശ്യമാണ്- ഡോ. മഞ്ജു പറയുന്നു.

Summary

World Drugs Day: Interview with Dr. Manju TK, Clinical Psychologist, Edappal Hospitals, Edappal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com