

ഇന്ന് ഒക്ടോബര്‍ 24, ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും വേണ്ടിയാണ് എല്ലാ വര്‍ഷവും ലോക പോളിയോ ദിനം ആചരിക്കുന്നത്.
ലോകാരോഗ്യ സംഘന (ഡബ്ല്യുഎച്ച്ഒ), യുനിസെഫ് തുടങ്ങിയ ആഗോള ആരോഗ്യ സംഘടനകളുമായി സഹകരിച്ച് റോട്ടറി ഇന്റര്‍നാഷണലാണ് ലോക പോളിയോ ദിനം സംഘടിപ്പിക്കുന്നത്. പോളിയോ വിമുക്ത ലോകം കൈവരിക്കുന്നതില്‍ വാക്‌സിനേഷന്റെയും ഹെല്‍ത്ത് പ്രോഗ്രാമുകളുടെയും പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പരിപാടി. പോളിയോ ദിനത്തിന്റെ ഇത്തവണത്തെ തീം, ചരിത്രം, പ്രാധാന്യം പോളിയോ തുള്ളിമരുന്നിന്റെ പ്രാധാന്യം എന്നിവ അറിയാം.
തീം
2024ലെ ലോക പോളിയോ ദിനത്തിന്റെ തീം, 'എല്ലാ കുട്ടികളിലേക്കും എത്തിക്കുകയെന്ന ആഗോള ദൗത്യം', എല്ലാ കുട്ടികള്‍ക്കും പോളിയോയ്‌ക്കെതിരെ വാക്‌സിനേഷന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പ്രത്യേകിച്ച് വൈറസ് ഭീഷണിയായി തുടരുന്ന പ്രദേശങ്ങളില്‍.
പ്രാധാന്യം
പോളിയോ രോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു വേദിയായി വര്‍ത്തിക്കുന്നതിനാല്‍ ലോക പോളിയോ ദിനത്തിന് കാര്യമായ പ്രാധാന്യമുണ്ട്. കാലക്രമേണ പോളിയോ കേസുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടും, രോഗം ഇതുവരെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളില്‍ വൈറസ് പടരുന്നത് തടയാനും ആഗോളതലത്തില്‍ പോളിയോ വീണ്ടും ഉയര്‍ന്നുവരുന്നത് തടയാനും തുടര്‍ച്ചയായ പിന്തുണയും സാമ്പത്തിക സഹായവും വാക്‌സിനേഷനും ആവശ്യമാണ് എന്ന് ലോക പോളിയോ ദിനം ഓര്‍മ്മിപ്പിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും പോളിയോ രോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും ഈ ദിനം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.
ചരിത്രം
സുരക്ഷിതവും ഫലപ്രദവുമായ ആദ്യത്തെ പോളിയോ വാക്‌സിന്‍ വികസിപ്പിച്ച മെഡിക്കല്‍ ഗവേഷകനായ ഡോ. ജോനാസ് സാല്‍ക്കിന്റെ ജന്മദിനം ഓര്‍മ്മിക്കുന്നതിനാണ് പോളിയോ ദിനം ആചരിക്കുന്നത്.
റോട്ടറി ഇന്റര്‍നാഷണല്‍ 1988 ലാണ് ലോക പോളിയോ ദിനം ആചരിച്ചു തുടങ്ങിയത്. വാക്‌സിന്‍ കണ്ടുപിടിത്തത്തിന് ശേഷം പോളിയോ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പിന്നീട് റോട്ടറി ഇന്റര്‍നാഷണലും പങ്കാളികളും ആഗോള പോളിയോ നിര്‍മാര്‍ജന സംരംഭം (ജിപിഇഐ) ആരംഭിച്ചു.
പോളിയോ തുള്ളിമരുന്ന് എന്തുകൊണ്ട്?
പോളിയോ തുള്ളിമരുന്ന്, അല്ലെങ്കില്‍ ഓറല്‍ പോളിയോ വാക്‌സിന്‍ (ഒപിവി), പോളിയോയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്, രോഗത്തിനെതിരായ പ്രതിരോധത്തില്‍ ഫലപ്രദവും കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ നല്‍കാവുന്നതുമായ ഒരു രൂപമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഒരു കുട്ടിക്ക് രോഗം ബാധിച്ചാല്‍, ചികിത്സയില്ല, പ്രതിരോധ വാക്‌സിനേഷനിലൂടെയുള്ള പ്രതിരോധമാണ് ഏക പരിഹാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates