ബീജിംഗ്: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകമൊട്ടാകെ പുരോഗമിക്കവെ, ആശങ്ക ഉയര്‍ത്തുന്ന മുന്നറിയിപ്പുമായി ചൈനയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍. കോവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ്- 2 എന്ന വൈറസിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും വരും വര്‍ഷങ്ങളിലും ഇത് തിരിച്ചുവരുമെന്നും ചൈനയില്‍ ഏറ്റവും വലിയ ആരോഗ്യ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പത്തോജന്‍ ബയോളജി ഡയറക്ടര്‍ ജിന്‍ ക്വി മുന്നറിയിപ്പ് നല്‍കി.
സീസണല്‍ അണുബാധയായ പനി മൂലം വര്‍ഷം തോറും മൂന്ന് ലക്ഷം മുതല്‍ ആറരലക്ഷം വരെ ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമാനമായ നിലയില്‍ കൊറോണ വൈറസ് ബാധയും തുടരും. പകര്‍ച്ചവ്യാധിയായി മനുഷ്യനൊപ്പം ദീര്‍ഘകാലം കൊറോണ വൈറസും നിലനില്‍ക്കുമെന്ന്് ജിന്‍ ക്വി മുന്നറിയിപ്പ് നല്‍കുന്നു. ഇതും സീസണല്‍ രോഗമായി വരും വര്‍ഷങ്ങളിലും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനമായ അഭിപ്രായമാണ് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞനായ ആന്റണി ഫൗസി ഉള്‍പ്പെടയുളളവരും പ്രകടിപ്പിച്ചത്. ഇന്ത്യയിലെ ആരോഗ്യ വിദഗ്ധരും ഈ മുന്നറിയിപ്പ് തന്നെയാണ് നല്‍കിയത്. കൂടുതല്‍ ആളുകളിലേക്ക് പകരുന്നതും നിരവധിയാളുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതും കോവിഡ് വ്യാപനത്തിന്റെ സാധ്യതയാണ് കാണിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗം പരത്താനുളള സാധ്യത കൂടുതലാണ്.ഇത് നിയന്ത്രിക്കാന്‍ ഏറെ പ്രയാസകരമാണ് എന്ന കാരണത്താല്‍ സുരക്ഷാ മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ദിലീപ് മാവാലങ്കര്‍ പറയുന്നു. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യ കണക്കാക്കുമ്പോള്‍ ദീര്‍ഘകാലം സുരക്ഷാ മാര്‍ഗങ്ങളെ ആശ്രയിക്കുന്നത് എത്രമാത്രം പ്രായോഗികം ആണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates