

പ്രമേഹം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാം. ഇതിനായി ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ചില ഇലകളുണ്ട്. എന്നാല്‍ ഈ ഇലകളുടെ ഉപയോഗം മൂലം പ്രമേഹം മുഴുവനായി മാറുമെന്നല്ല. ഒരു പരിധിവരെ നിയന്ത്രിക്കാം. മറ്റു മരുന്നുകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവുകയുമില്ല. എന്നാലും പ്രമേഹ രോഗത്തിന് വേണ്ടത് വിദഗ്ധ ചികിത്സ തന്നെയാണെന്ന് ഓര്‍ക്കേണ്ട കാര്യം തന്നെയാണ്.
മള്‍ബറി ഇല, അരയാലില, ഞാവല്‍ ഇല, തുളസി ഇല, ഉലുവ ഇല, പേരക്ക ഇല എന്നീ ഇലകള്‍ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ഇതില്‍ മള്‍ബറി ഇലയൊഴിച്ചുള്ളവ വളരെ സുലഭമായി ചുറ്റുവട്ടത്തുനിന്നും ലഭ്യമാകും.
മള്‍ബറി ഇല
ചെറുകുടലിലെ എ-ഗ്ലൂക്കോസിഡേസ് എന്ന എന്‍സൈമിനെ നിയന്ത്രിക്കാന്‍ മള്‍ബറി ഇലകള്‍ക്കാവും. അങ്ങനെ പ്രമേഹം നിയന്ത്രണവിധേയമാകുന്നു. ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാന്‍ മള്‍ബറി ഇലകള്‍ സഹായിക്കുമെന്ന് ന്യൂട്രീഷണല്‍ സയന്‍സ് ആന്‍ഡ് വൈറ്റമിനോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്.
അരയാലില
21 ദിവസം തുടര്‍ച്ചയായി അരയാലിലയുടെ നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കുകയും ശരീരത്തില ഇന്‍സുലിന്‍ അളവ് കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രമേഹത്തിനുള്ള ആയുര്‍വേദ ചികിത്സാ രീതിയിലെല്ലാം ഒരു പ്രധാന ഘടകം തന്നെയാണീ അരയാലില. ഇതിനുള്ള ആന്റിഹൈപ്പര്‍ഗ്ലൈസീമിക് ആക്ടിവിറ്റിയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.
ഞാവല്‍ ഇല
ഞാവലിന്റെ ഇലയും പഴവും പ്രമേഹരോഗികള്‍ക്ക് മരുന്നാണ്. ഹൈപ്പോഗ്ലൈസീമിക് എഫക്ടുള്ള ഫ്‌ലവനോയ്ഡുകള്‍, ടാനിന്‍, ക്വര്‍സെറ്റിന്‍ എന്നിവയാല്‍ സമൃദമായ ഞാവലിലയ്ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ കുറയാതെ സംരക്ഷിക്കാന്‍ കഴിയും.
തുളസി ഇല
വളരെയേറെ ഔഷധഗുണങ്ങളുള്ള സസ്യമാണ് തുളസി. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ തുളസിയില കഴിക്കുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിറുത്താനും സഹായിക്കും.
ഉലുവ ഇല
ഉലുവ ഇലയില്‍ ഉയര്‍ന്ന അളവിലുള്ള നാരുകളും സാപോനിന്‍സും െ്രെടഗോനെലിനും രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഉലുവയുടെ ഇല മാത്രമല്ല. ഉലുവയും പ്രമേഹത്തെ പ്രതിരോധിക്കുന്ന നല്ല മരുന്നാണ്.
പേരക്ക ഇല
ചോറ് കഴിച്ചശേഷം പേരക്കയില ചേര്‍ത്ത ചായ കുടിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണവിധേയമാക്കാമെന്ന് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates