കൊത്താൻ പാഞ്ഞടുത്ത് ഉഗ്ര വിഷമുള്ള പാമ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടിത്തക്കാരൻ
By സമകാലിക മലയാളം ഡെസ്ക് | Published: 01st December 2022 02:12 PM |
Last Updated: 01st December 2022 02:12 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ഉഗ്ര വിഷമുള്ളതും അല്ലാത്തതുമായ പാമ്പുകളടക്കമുള്ള ഉരഗ വർഗങ്ങൾ ഓസ്ട്രേലിയൻ ജനവാസ മേഖലയിൽ ധാരാളമായി വിഹരിക്കാറുണ്ട്. പാമ്പ് പിടിത്തക്കാർക്ക് അതുകൊണ്ടു തന്നെ നല്ല തിരക്കുമാണ് അവിടെ. ജോലിക്കിറങ്ങുമ്പോൾ അത്രയും ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ചിലപ്പോൾ പണി പാളും. അത്തരത്തിലൊരു സംഭവമാണ് ഓസ്ട്രേലിയയിൽ അടുത്തിടെ നടന്നത്.
ബുണ്ടാബർഗിലുള്ള ജെയ്ക് സ്റ്റിൻസൺ എന്ന പാമ്പുപിടുത്തക്കാരനാണ് തല നാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയത്. ജെയ്ക് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. പാമ്പ് ജെയ്ക്കിനു നേരെ പാഞ്ഞു വരുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
ഉഗ്ര വിഷമുള്ള ഈസ്റ്റേൺ ബ്രൗൺ വിഭാഗത്തിൽപ്പെട്ട പാമ്പാണ് വീഡിയോയിലുള്ളത്. എന്നാൽ ഇതിനെ എവിടെ നിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. അപ്രതീക്ഷിതമായി പാമ്പ് തനിക്കു നേരെ പാഞ്ഞടുത്തെങ്കിലും മനഃസാന്നിധ്യം കൈവിടാതെ ജെയ്ക് സാവധാനത്തിൽ പിന്നോട്ട് നീങ്ങുകയായിരുന്നു.
പെട്ടെന്ന് പ്രകോപിതരാവുന്ന ഇനമാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന് തോന്നിയാൽ മാത്രമേ അവ കടിക്കാൻ മുതിരാറുള്ളു. പാമ്പ് തനിക്കു നേരെ പാഞ്ഞടുത്തത് പ്രതിരോധം എന്ന നിലയിലാണെന്ന് ജെയ്ക് മനസിലാക്കിയിരുന്നു. ധാരാളം പാമ്പുകളെ മുൻപ് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ഇതാദ്യമായിരുന്നു. പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അത് പലതവണ വഴുതി മാറി പോയിരുന്നു.
വീടിന്റെ പരിസരങ്ങളിൽ ഈ ഇനത്തിൽപ്പെട്ട പാമ്പുകളെത്തുന്ന സംഭവങ്ങൾ ഓസ്ട്രേലിയയിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആക്രമണകാരികൾ എന്ന നിലയിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇനമാണ് ഇവയെന്നു ജെയ്ക് പറയുന്നു. തന്നെ ആക്രമിക്കാൻ എത്തുന്നവരെ ഭയപ്പെടുത്താൻ പാമ്പ് നടത്തുന്ന ശ്രമങ്ങളാണ് അവ ആക്രമണകാരികളാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.
ഈസ്റ്റേൺ ബ്രൗൺ പാമ്പുകളുടെ വിഷം ശരീരത്തിൽ പ്രവേശിച്ചാൽ രക്തം വേഗത്തിൽ കട്ട പിടിക്കുകയാണു ചെയ്യുന്നത്. കടിയേറ്റ് നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്യും. എന്നാൽ അങ്ങേയറ്റം ഭീഷണി നേരിടുന്ന സമയങ്ങളിൽ മാത്രമേ ഇവ കടിക്കുമ്പോൾ വിഷമേൽപ്പിക്കാറുള്ളൂ.
ഈ വാർത്ത കൂടി വായിക്കൂ
ചായയ്ക്കൊപ്പം ഒരു കിടിലന് കോമ്പിനേഷന്; മോരപ്പം തയ്യാറാക്കാം, റെസിപ്പി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ