73 വർഷത്തിനു ശേഷം ആ രഹസ്യം ചുരുളഴിഞ്ഞു, മൃതദേഹം ആരുടേതെന്നു കണ്ടെത്തി, വിചിത്രം 

ഏഴ് പതിറ്റാണ്ടിലേറെയായി തിരയുന്ന ദുരൂഹതയ്ക്കാണ് ഇപ്പോൾ തുമ്പ് കണ്ടെത്തിയിരിക്കുന്നത്
ഡെറിക് ട്വിറ്ററിൽ പങ്കുവച്ച ചിത്രം
ഡെറിക് ട്വിറ്ററിൽ പങ്കുവച്ച ചിത്രം

73 വർഷം മുമ്പ് കടൽതീരത്ത് ദൂരൂഹസാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ചുരുളഴിച്ച് വിദഗ്ധർ. ഏഴ് പതിറ്റാണ്ടിലേറെയായി തിരയുന്ന ദുരൂഹതയ്ക്കാണ് ഇപ്പോൾ തുമ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത് മെൽബൺ സ്വദേശിയായ കാൾ വെബ് എന്നയാളുടേതാണെന്നാണ് അഡ്‌ലെയ്ഡ് സർവകലാശാലയിലെ ഡെറിക് അബോട്ടിന്റെ കണ്ടെത്തൽ.

'സോമർട്ടൺ മനുഷ്യൻ'

1948 ഡിസംബർ 1ന് അഡ്‌ലെയ്ഡിലെ സോമർട്ടൺ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് 'സോമർട്ടൺ മനുഷ്യൻ' എന്നാണ് ഇയാൾ പിന്നീട് അറിയപ്പെട്ടത്. ഏകദേശം 40കൾ തോന്നിക്കുന്ന ഇയാൾ അഞ്ചടി 11 ഇഞ്ച് ഉയരക്കാരനാണ്. പാതി വലിച്ച സി​ഗരറ്റ് അയാളുടെ കോളറിൽ കണ്ടെത്തി. പോക്കറ്റിൽ ഒരു പേർഷ്യൻ കവിതയുടെ അവസാന വാക്കുകളും ഉണ്ടായിരുന്നു. കീറിയ കടലാസിലെ പേർഷ്യൻ പദങ്ങൾ "തമം ഷുദ്" എന്നായിരുന്നു, "ഇത് പൂർത്തിയായി" എന്നാണ് അതിനർത്ഥം. ഇതിനോടൊപ്പം യുദ്ധകാലത്തെ ഒരു കോഡും മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരു പുസ്കത്തിൽ കണ്ടെത്തി. മരിച്ച വ്യക്തി ഒരു ചാരനാണെന്ന തലത്തിലായിരുന്നു ഈ കണ്ടെത്തലുകളെല്ലാം. 

ബസ്, ട്രെയിൻ ടിക്കറ്റുകൾ, ഒരു ച്യൂയിംഗ് ഗം, കുറച്ച് തീപ്പെട്ടികൾ, രണ്ട് ചീപ്പുകൾ, ഒരു പായ്ക്ക് സിഗരറ്റ് തുടങ്ങിയവ അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്നു, പക്ഷേ തിരിച്ചറിയൽ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആളെ തിരിച്ചറിയാൻ ഇയാളുടെ വിരലടയാളം പൊലീസ് ലോകമെമ്പാടും അയച്ചുനൽകി. പക്ഷെ ഫലമുണ്ടായില്ല. 

"അജ്ഞാത മനുഷ്യൻ ഇവിടെയുണ്ട്"

1949 മുതൽ അദ്ദേഹത്തെ ഒരു സെമിത്തേരിയിൽ അടക്കിയിരിക്കുകയായിരുന്നു. "സോമർട്ടൺ ബീച്ചിൽ കണ്ടെത്തിയ അജ്ഞാത മനുഷ്യൻ ഇവിടെയുണ്ട്", എന്നാണ് ശവകുടീരത്തിൽ എഴുതിയിരുന്നത്. കേസ് തീർപ്പാക്കാൻ കഴിഞ്ഞ വർഷം മേയിൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തു. അധികാരികൾ സംരക്ഷിച്ച മുടിയിൽ നിന്നുള്ള ഡിഎൻഎ ഉപയോഗിച്ച് "സോമർട്ടൺ മനുഷ്യനെ" വിശകലനം ചെയ്യാനുള്ള ദൗത്യം ഡെറിക് അബോട്ട് ഏറ്റെടുത്തു. ഇതിനായി ഡെറിക് പ്രശസ്ത യുഎസ് ഫോറൻസിക് വിദഗ്ധനായ കോളിൻ ഫിറ്റ്സ്പാട്രിക്കിന്റെ സഹായം തേടി. 

ആരാണയാൾ?

ഈ തിരച്ചിൽ 4,000 പേരുടെ ചുരുക്കപട്ടികയിൽ എത്തി. ഒടുവിൽ അത് ഒരാളിലേക്ക് ചുരുങ്ങി - കാൾ വെബ്. ഇയാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ കണ്ടെത്തിയതായും ഡെറിക് പറഞ്ഞു. 1905 നവംബർ 16ന് മെൽബണിന്റെ പ്രാന്തപ്രദേശമായ ഫുട്‌സ്‌ക്രേയിലാണ് വെബ് ജനിച്ചത്. ആറ് സഹോദരങ്ങളിൽ ഇളയവനായിരുന്നു ഇയാൾ. ഡോഫ് വെബ് എന്നറിയപ്പെടുന്ന ഡൊറോത്തി റോബർട്ട്സണെ അയാൾ വിവാഹം കഴിച്ചു. ഈ കഥയിലെ അവശേഷിക്കുന്ന രഹസ്യങ്ങൾ കൂടി ചുരുളഴിക്കാനുള്ള പരിശ്രമത്തിലാണ് ഡെറിക്ക് ഇപ്പോൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com