വീട്ടിൽ പ്രേതമുണ്ട്! നൈറ്റ് ഗൗൺ ധരിച്ച സ്ത്രീ രൂപം; ഓടിയൊളിച്ച് പൂച്ചകൾ; സിസിടിവി ദൃശ്യങ്ങളുമായി ​​ദമ്പതികൾ (വീഡിയോ)

ഇവരുടെ കിടപ്പു മുറിയുടെ മുൻവശത്തായി ഹാളിൽ ഒരു രൂപം നിൽക്കുന്നതും ഇതു കണ്ട് വളർത്തു പൂച്ചകൾ മേശയ്ക്ക് അടിയിൽ ഒളിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചതായി ദമ്പതികൾ പറയുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വീട്ടിൽ പ്രേതബാധയുണ്ടെന്ന വിചിത്ര അനുഭവം പങ്കിട്ട് ദമ്പതികൾ. വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതായും ദ​മ്പതികൾ അവകാശപ്പെട്ടു. അമേരിക്കയിലെ മിനസോട്ടയിലുള്ള ജോയ്, എമി റാഡ്കേ ദമ്പതികളാണ് വിചിത്ര അനുഭവം പങ്കിട്ട് രം​ഗത്തെത്തിയത്. ഇവരുടെ കിടപ്പു മുറിയുടെ മുൻവശത്തായി ഹാളിൽ ഒരു രൂപം നിൽക്കുന്നതും ഇതു കണ്ട് വളർത്തു പൂച്ചകൾ മേശയ്ക്ക് അടിയിൽ ഒളിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചതായി ദമ്പതികൾ പറയുന്നു. 

രണ്ട് വർഷം മുമ്പാണ് ജോയും എമിയും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. നേരത്തെ ഈ വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീ ഇവിടെ മരിച്ചിരുന്നു. വീട്ടിൽ എന്തൊക്കെയോ അസാധാരണമായി ഉണ്ടെന്ന് അതിനുശേഷം താമസിച്ചവർ പറഞ്ഞതായി ഉടമ ഇവരെ അറിയിച്ചിരുന്നു. 

എന്നാൽ കഴിഞ്ഞ ആഴ്ച വരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളർത്തു മൃഗങ്ങളെ നിരീക്ഷിക്കാനാണ് ഹാളിൽ ക്യാമറ വച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് റൂമിന്റെ മുൻപിൽ ഒരു രൂപം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം രാത്രി 10.40. നൈറ്റ് ഗൗൺ ധരിച്ച്, അലങ്കോലമായ മുടിയുമായി ഒരു സ്ത്രീ രൂപം ദൃശ്യങ്ങളിൽ തെളിയുന്നു. 20 സെക്കന്റ് ഈ രൂപത്തെ കാണാം. ഈ സമയം പൂച്ചകൾ മേശയ്ക്ക് അടിയിൽ ഒളിക്കുന്നതിനാൽ അവയും ഇതുകണ്ടെന്ന് ഉറപ്പാണെന്ന് ജോയ് പറയുന്നു. 

ദൃശ്യങ്ങൾ കണ്ടതോടെ വീട്ടിലുണ്ടായ മരണത്തെക്കുറിച്ച് ജോയ് അന്വേഷണം നടത്തി. പ്രായമായ ഒരു സ്ത്രീയാണ് മരിച്ചത്. വാർധക്യ സഹജമായ പ്രശ്നങ്ങളായിരുന്നു. മരണ സമയത്ത് അവർ ഒരു നൈറ്റ് ഗൗൺ ആണ് ധരിച്ചിരുന്നതെന്നും അറിയാനായി. അതോടെ  സ്ത്രീയുടെ പ്രേതമാണെന്ന് ഇതെന്ന് ജോയ് ഉറപ്പിച്ചു. 

ഈ വീഡിയോ മരണ ശേഷമുള്ള ജീവിതത്തിന്റെ തെളിവാണ് എന്നും ജോയ് വിശ്വസിക്കുന്നു. ഇത് വ്യാജമായി നിർമിച്ചതായിക്കൂടേ എന്ന സംശയം പലരും ഉന്നയിച്ചു. അതിന്റെ എന്ത് ആവശ്യമാണുള്ളതെന്ന് ചോദിച്ച് ജോയ് സംശയം തള്ളിക്കളഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com