ഇരട്ടി വലിപ്പമുള്ള പാമ്പിനെ വിഴുങ്ങാൻ ശ്രമിച്ച് സ്പിറ്റിങ് കോബ്ര; തൊണ്ടയിൽ കുടുങ്ങി! പിന്നീട് സംഭവിച്ചത് 

ജനിച്ച് മൂന്നാഴ്ച മാത്രം പ്രായമുള്ള സ്പിറ്റിങ് കോബ്ര തന്നേക്കാൾ വലിപ്പമുള്ള പാമ്പിനെ വിഴുങ്ങി അപകടത്തിലായി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തീവ അപകടകാരികളായ പാമ്പുകളാണ് സ്പിറ്റിങ് കോബ്രകൾ. മൂന്ന് മീറ്റർ ദൂരെ വരെ വിഷം ചീറ്റാൻ കഴിയുന്ന പാമ്പുകളാണ് ഇവ. ഇപ്പോഴിതാ ജനിച്ച് മൂന്നാഴ്ച മാത്രം പ്രായമുള്ള സ്പിറ്റിങ് കോബ്ര തന്നേക്കാൾ വലിപ്പമുള്ള പാമ്പിനെ വിഴുങ്ങി അപകടത്തിലായി. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നേറ്റൽ പ്രവിശ്യയിലാണ് സംഭവം നടന്നത്. സ്പിറ്റിങ് കോബ്രയുടെ തൊണ്ടയിലാണ് മറ്റൊരു പാമ്പ് കുടുങ്ങിയത്. 

വെള്ളത്തിൽ മാത്രം കാണപ്പെടുന്ന വിഷമില്ലാത്തയിനം ബ്രൗൺ സ്നേക്കിനെയാണ് സ്പിറ്റിങ് കോബ്ര ആഹാരമാക്കാൻ ശ്രമിച്ചത്. ക്വാസുലുവിലെ ഒരു വീടിനു സമീപമാണ് ഇവയെ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ നിക്ക് ഇവാൻ ഇവിടെയെത്തുമ്പോൾ പാതി വിഴുങ്ങിയ പാമ്പുമായി കോബ്ര കിടക്കുന്നതാണ് കണ്ടത്. ഇരയെ ഒന്നോടെ വിഴുങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

അൽപസമയത്തിനു ശേഷം മുക്കാലോളം അകത്താക്കിയ പാമ്പിനെ സ്പിറ്റിങ് കോബ്ര പുറത്തേക്ക് കളയുകയായിരുന്നു. കടുത്ത വിഷമുള്ള പാമ്പുകളാണ് മൊസാംബിക് സ്പിറ്റിങ് കോബ്രകൾ. ഇവയുടെ കടിയേറ്റാൻ ഉടൻ തന്നെ ചികിത്സ കിട്ടിയില്ലെങ്കിൽ മരണ കാരണമായേക്കാം.

ശത്രുക്കളിൽ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സ്പിറ്റിങ് കോബ്ര എന്ന വിഷം തുപ്പുന്ന മൂർഖൻ വിഭാഗവും സമാന ഗണത്തിൽ പെട്ട മറ്റ് പാമ്പുകളും വിഷം ഉപയോഗിക്കുന്നത്. വിഷം ചീറ്റുക മാത്രമല്ല കടിക്കുമ്പോഴും ഇവ വിഷം കുത്തി വയ്ക്കും. എന്നാൽ ഇവയുടെ ദംശനത്തിലൂടെ ശരീരത്തിലെത്തുന്ന വിഷം മറ്റ് മൂർഖൻ ഇനത്തിൻറെ വിഷം പോലെ ജീവഹാനി ഉണ്ടാക്കില്ല. പക്ഷേ കടിയേൽക്കുന്ന ഭാഗത്തെ സെല്ലുകൾ നശിക്കാനും കടുത്ത വേദയുണ്ടാക്കുന്ന മുറിവ് രൂപപ്പെടാനും ഇവയുടെ വിഷം കാരണമാകാറുണ്ട്.

ഇവയുടെ കടിയേൽക്കുന്നതിനേക്കാൾ ഭയപ്പെടേണ്ടത് സ്പിറ്റിങ് കോബ്രയുടെ വിഷം ചീറ്റുന്ന രീതിയാണ്, ഉന്നം തെറ്റാതെ വിഷം ചീറ്റുന്ന ഇവ മിക്കപ്പോഴും ഉന്നം വയ്ക്കുന്നത് ശത്രുവെന്ന് തോന്നുന്ന ജീവിയുടെ കണ്ണിലേക്കായിരിക്കും. സാധാരണ ഗതിയിൽ ഇവ ചീറ്റുന്ന വിഷത്തിൻറെ അളവിൽ ഒരംശം കണ്ണിലെത്തിയാൽ  കടുത്ത നീറ്റൽ അനുഭവപ്പെടും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിലേക്കു പോലും ഇവയുടെ വിഷം കാരണമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com