സൂര്യന്റെ ഉപരിതലത്തിൽ സ്ഫോടനം; ഭൗമ കാന്തിക കൊടുങ്കാറ്റ് നാളെ ഭുമിയിൽ പതിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 12:51 PM  |  

Last Updated: 30th March 2022 12:51 PM  |   A+A-   |  

geomagnetic_storm

ഫയല്‍ ചിത്രം

 

നാളെ ഭൂമിയിൽ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് ശാസ്ത്രജ്ഞർ. സൂര്യനിൽ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങൾ (കൊറോണൽ മാസ് എജക്ഷൻ) നാളെ ഭൂമിയിൽ പതിക്കുന്നതിനാലാണിത്.

സൂര്യന്റെ ഉപരിതലത്തിൽ നിന്നുള്ള ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നാണ് കൊറോണൽ മാസ് എജക്ഷൻ. ഈ കണങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനെയാണ് ഭൗമ കാന്തിക കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. ഇവ ഉയർന്ന വേഗതയിൽ ഭൂമിയിലേക്ക് സഞ്ചരിക്കുകയാണെന്ന് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇത് സഞ്ചാരപാതയിലെ ഉപഗ്രഹങ്ങളെയും, പവർ ഗ്രിഡുകൾ തുടങ്ങിയ മനുഷ്യനിർമ്മിത ഘടനകളെയും തകർക്കും. ഭൂമിയിൽ പതിക്കുമ്പോൾ നമ്മുടെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തുക വരെ ചെയ്‌തേക്കും.

"മാർച്ച് 28ന് സൂര്യന്റെ 12975, 12976 എന്നീ മേഖലകളിൽ നിന്ന് സൗരജ്വാലകൾ പുറത്തുവന്നു. ഈ തീജ്വാലകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പതിക്കുന്നതിനാൽ കൊറോണൽ മാസ് എജക്ഷൻ മുലമുണ്ടാകുന്ന നേരിയ ഭൂകാന്തിക കൊടുങ്കാറ്റുകൾക്ക് സാധ്യതയുണ്ട്. മാർച്ച് 31ന് 496 മുതൽ 607 കിലോമീറ്റർ/സെക്കൻഡ് വേ​ഗതയിൽ ഇത് ഭുമിയിൽ പതിക്കുമെന്നാണ് കരുതുന്നത്", ബഹരാകാശ ശാസ്ത്ര സെന്ററിലെ ​ഗവേഷകർ ട്വിറ്ററിലൂടെ അറിയിച്ചു.