മൂന്നര മിനിറ്റില്‍ പാസ്ത റെഡിയായില്ല, 40ലക്ഷം രൂപ നഷ്ടപരിഹാരം വേണം; കമ്പനിക്കെതിരെ പരാതിയുമായി യുവതി 

പാസ്ത മൂന്നര മിനിറ്റില്‍ തയ്യാറാക്കാന്‍ കഴിയില്ലെന്നാരോപിച്ച് ഇൻസ്റ്റന്റ് ഫിഡ് കമ്പനിയായ ക്രാഫ്റ്റ് ഹെയ്ന്‍സിനെതിരെ കേസ് നൽകി യുവതി. 40ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്
വെൽവീറ്റ ഷെൽസ് ആൻഡ് ചീസ് പാസ്ത/ചിത്രം: ഫേയ്സ്ബുക്ക്
വെൽവീറ്റ ഷെൽസ് ആൻഡ് ചീസ് പാസ്ത/ചിത്രം: ഫേയ്സ്ബുക്ക്

തിരക്കിട്ടുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ പലര്‍ക്കും ആശ്വാസം തന്നെയാണ് ഇന്‍സ്റ്റന്റ് ഭക്ഷണം. നൂഡില്‍സ് മുതല്‍ പുലാവ് വരെ ഇന്‍സ്റ്റന്റ് പാക്കറ്റുകളില്‍ ലഭിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടില്‍ തന്നെ ഭക്ഷണം തയ്യാറാക്കിയെടുക്കാം എന്നതാണ് കൂടുതല്‍ ആളുകളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പക്ഷെ, നിമിഷനേരം കൊണ്ട് റെഡിയാകും എന്ന അവകാശവാദം ചിലപ്പോഴെങ്കിലും ഇത്തരം ബ്രാന്‍ഡുകളെ കുഴപ്പത്തിലാക്കും. അതാണ് യു എസ് എയില്‍ സംഭവിച്ചതും

ഫ്‌ളോറിഡയില്‍ താമസിക്കുന്ന അമാന്‍ഡ റാമിറെസ് എന്ന സ്ത്രീയാണ് ക്രാഫ്റ്റ് ഹെയ്ന്‍സ് എന്ന കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വെല്‍വീറ്റ ഷെല്‍സ് ആന്‍ഡ് ചീസ് എന്ന വിഭവത്തിനെതിരെയാണ് ആരോപണം. ക്രീമി ചീസ് സോസില്‍ തയ്യാറാക്കുന്ന ഷെല്‍ പാസ്തയാണിത്. മെക്രോവേവില്‍ വയ്ക്കാന്‍ കഴിയുന്ന പാത്രത്തില്‍ വിക്കുന്ന ഈ പാസ്ത മൂന്നര മിനിറ്റില്‍ തയ്യാറാക്കാം എന്നാണ് കമ്പനി പാക്കറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പാസ്ത മൂന്നര മിനിറ്റില്‍ തയ്യാറാക്കാന്‍ കഴിയില്ലെന്നും കമ്പനി ഉപഭോക്താക്കളെ തെറ്റദ്ധരിപ്പിക്കുകയാണെന്നുമാണ് അമാന്‍ഡയുടെ ആരോപണം. 

പാസ്ത മൈക്രോവേവ് ചെയ്യേണ്ട സമയം മാത്രമാണ് മൂന്നര മിനിറ്റെന്നും വിഭവം തയ്യാറാകാന്‍ ഇതിലധികം സമയമെടുക്കുമെന്നുമാണ് അമാന്‍ഡ പറയുന്നത്. ഇത്തരത്തില്‍ ആളുകളെ പറ്റിക്കുന്നതിന് നഷ്ടപരിഹാരമായ 40ലക്ഷം രൂപ ആവശ്യപ്പെട്ടാണ് അമാന്‍ഡ കേസ് നല്‍കിയിരിക്കുന്നത്. പാസ്ത തയ്യാറാക്കാന്‍ ശരിക്കും ആവശ്യമായി വരുന്ന സമയം രേഖപ്പെടുത്തിയിരുന്നെങ്കില്‍ താന്‍ ഉത്പന്നം വാങ്ങില്ലായിരുന്നെന്നും അമാന്‍ഡ പറഞ്ഞു. അതേസമയം കേസ് വളരെ നിസാരമാണെന്നും പരാതിയിലെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നുമാണ് ക്രാഫ്റ്റ് ഹെയ്ന്‍സ് അധികൃതര്‍ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com