'അടുക്കള കണ്ടാൽ പണിയെടുക്കാൻ തോന്നില്ല!'; എന്നും വൃത്തിയാക്കണ്ട, ഈ അഞ്ച് കാര്യങ്ങൾ ശീ‌ലമാക്കാം

കൃത്യമായി പ്ലാൻ ചെയ്താൽ വളരെ എളുപ്പത്തിൽ അടുക്കളയെ വൃത്തിയായി സൂക്ഷിക്കാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാചകം ചെയ്യുന്നത് പലർക്കും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. ഒരുപാട് ആളുകൾ വളരെ രസകരമായ ഒരു വിനോദമായി പാചകത്തെ കാണുന്നുമുണ്ട്. പക്ഷെ ഇങ്ങനെയൊരു അനുഭവം വേണമെങ്കിൽ പാചകം ചെയ്യുന്ന ഇടം നല്ല വൃത്തിയോടെയും ചിട്ടയോടെയും ആയിരിക്കണം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അടുക്കും ചിട്ടയുമുള്ള അടുക്കളയിൽ ജോലി ചെയ്യാനുള്ള ഉത്സഹാം കൂടുതലായിരിക്കും എന്നുമാത്രമല്ല പാകം ചെയ്യുന്ന ഭക്ഷണം വൃത്തിയാണെന്നും ഉറപ്പുവരുത്താനാകും. പക്ഷെ, അടുക്കള മുഴുവൻ എല്ലാ ദിവസവും വൃത്തിയാക്കുന്നത് വളരെയധികം സമയം വേണ്ടതും ശ്രമകരവുമായ ഒരു കാര്യമാണ് എന്നാണോ വിചാരിച്ചിരിക്കുന്നത്? എന്നാൽ അങ്ങനെയല്ല, കൃത്യമായി പ്ലാൻ ചെയ്ത് ഇക്കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ അടുക്കളയെ വൃത്തിയായി സൂക്ഷിക്കാം. 

അടുക്കള വൃത്തിയായി സൂക്ഷിക്കാൻ പാലിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

വ്യക്തിശുചിത്വം - വൃത്തിയുള്ള അടു‌ക്കള നേടാനുള്ള ആദ്യപടിയാണ് ഇത്. അടുക്കളയിൽ പാചകം ചെയ്തതോ പാചകം ചെയ്യാൻ ഉപയോ​ഗിക്കുന്നതോ ആയ ഏത് വസ്തുവിൽ സ്പർശിക്കുന്നതിന് മുമ്പും കൈകൾ വൃത്തിയായി കഴുകണം. നളങ്ങൾ വെട്ടി വൃത്തിയാക്കാനും മുടി കെട്ടിവയ്ക്കാനുമെല്ലാം ശ്രദ്ധിക്കണം. മുഖവും കൈകളും ഇടയ്ക്കിടെ തുടയ്ക്കാൻ പ്രത്യേകമായി ഒരു ടവൽ സൂക്ഷിക്കാം. 

ഭക്ഷണം ശരിയായി സ്റ്റോർ ചെയ്യാം - പാകം ചെയ്ത ഭക്ഷണവും പാചകത്തിന് ഉപയോ​ഗിക്കുന്ന ചേരുവകളുമെല്ലാം ശരിയായ പാത്രങ്ങളിൽ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ അവ കൃത്യമായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ചേരുവകളും സൂക്ഷിക്കാൻ കൃത്യമായ ഒരു ഇടം കണ്ടെത്തണം. ഓരോ തവണ ഉപയോ​ഗിച്ചതിന് ശേഷവും അതേ ഇടത്തിൽ തിരിച്ചുവയ്ക്കാനും ഓർക്കണം. ഇത്തരം അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഭക്ഷണം കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാനും സഹായിക്കും. അതുമാത്രമല്ല, ഭക്ഷണം തെറ്റായ രീതിയിൽ സ്റ്റോർ ചെയ്യുന്നത് ദോഷകരമായ സൂക്ഷ്മാണുക്കൾ സ്ഥാനംപിടിക്കാൻ ഇടയാക്കും. ‌

പാത്രങ്ങൾ വൃത്തിയായി കഴുകുക - എല്ലാ പാത്രങ്ങളും അടുക്കളയിൽ ഉപയോ​ഗിക്കുന്ന മറ്റ് ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാത്രങ്ങളിൽ മിച്ചംവന്ന ഭക്ഷണാവശിഷ്ടങ്ങൾ ബാക്ടീരിയ വളരാൻ കാരണമാകുകയും ഭക്ഷ്യവിഷബാധ പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കഴുകുന്നതിനൊപ്പം തന്നെ പ്രധാനമാണ് എല്ലാം വൃത്തിയായി തുടച്ച് സൂക്ഷിക്കുക എന്നതും. കഴുകിയ ഉടനെ വൃത്തിയുള്ള കോട്ടൺ തുണി ഉപയോ​ഗിച്ച് തുടച്ചുവേണം എല്ലാ ഉപകരണങ്ങളും സൂക്ഷിക്കാൻ. 

ഓവൻ, സിങ്ക്, കിച്ചൻ കൗണ്ടർ - പലരും മറക്കുന്ന ഒരു കാര്യമാണ് ഇത്, പക്ഷെ അടുക്കള വൃത്തിയായി ‌സൂക്ഷിക്കാൻ വളരെ പ്രധാനപ്പെട്ട പങ്ക് ഇവ മൂന്നിനും ഉണ്ട്. ഓവൻ, സിങ്ക്, കിച്ചൻ കൗണ്ടർ എന്നിവിടങ്ങളിൽ ഭക്ഷണാവശിഷ്ടം ഉണ്ടെങ്കിൽ അത് ബാക്ടീരിയക്കുള്ള വാസസ്ഥലമായിരിക്കും.  അതുമാത്രമല്ല അടുക്കളയിൽ അസഹനീയമായ ​ഗന്ധം പരക്കാനും ഇത് കാരണമാകും. 

വേസ്റ്റ് ബിൻ അത്യാവശ്യമാണ് - അടുക്കളയിൽ കുറഞ്ഞത് രണ്ട് വേസ്റ്റ് ബിന്നുകളെങ്കിലും സൂക്ഷിക്കണം. എല്ലാ ദിവസവും ഇവ കൃത്യമായി നീക്കം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണം. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com