പഴയ സന്തോഷങ്ങള്‍ പൊടിതട്ടിയെടുക്കുന്ന മില്ലെനിയല്‍സ്; കുട്ടിക്കളിയൊന്നുമല്ല, ഇതാണ് കിഡള്‍ട്ടിങ്; ഈ ട്രെന്‍ഡില്‍ നിങ്ങളുണ്ടോ? 

മറ്റൊന്നും ഓർത്ത് ആകുലപ്പെടാതെ ഓരോ നിമിഷവും ആസ്വദിച്ച ആ കാലഘട്ടം തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടോ? മില്ലെനിയല്‍സിനിടയിലെ 'കിഡള്‍ട്ടിങ്' ട്രെൻഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെറുപ്പത്തില്‍ ഏറ് പന്ത് കളിച്ചത് മറന്നോ? തൊങ്കി പിടിത്തം, ഓടി തൊട്ട് കളി, കൊത്തംകല്ല് കളി എന്നുവേണ്ട കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിറമുള്ള ഒരുപാട് കാര്യങ്ങളാണ് പലര്‍ക്കും പറയാനുള്ളത്. മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടാതെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചിരുന്ന ആ കാലഘട്ടം തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പക്ഷെ, വലുതാകുന്തോറും ഇത്തരം ത്രില്ലെല്ലാം പതിയെ നഷ്ടപ്പെട്ടുതുടങ്ങും. പിന്നെ ഒന്നിനോടും താത്പര്യമില്ലാതാകും, സമയം കുറയും. അങ്ങനെ ആ നിഷ്‌കളങ്ക ബാല്യത്തോട് വിട പറയും. 

ചെറുപ്പക്കാരുടേത് അല്ലെങ്കില്‍ കുട്ടികളുടേത് എന്ന് വിശേഷിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് സ്വന്തം ബാല്യം തന്നെ വീണ്ടെടുക്കുകയാണ് വലിയൊരു വിഭാ​ഗം ആളുകൾ. മില്ലെനിയല്‍സിനിടയില്‍ കാണുന്ന ഈ ട്രെന്‍ഡിനെയാണ് 'കിഡള്‍ട്ടിങ്' എന്ന് വിശേഷിപ്പിക്കുന്നത്. 'കിഡ്' (കുട്ടി), 'അഡള്‍ട്ടിങ്' (പ്രായപൂര്‍ത്തിയായ ആള്‍) എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്താണ് 'കിഡള്‍ട്ടിങ്' എന്ന പദം ഉണ്ടായത്. ഉത്തരവാദിത്തങ്ങള്‍ക്കിടയിലും മുതിര്‍ന്നവര്‍ യുവത്വത്തിന്റെ ഉന്മേഷം പുനരുജ്ജീവിപ്പിക്കുന്നതാണ് ഇത്. 

കോവിഡ് മഹാമാരിയുടെ തുടക്കത്തിലാണ് ഈ ട്രെന്‍ഡ് തുടങ്ങിയത്. പല മുതിര്‍ന്ന ആളുകളും സ്വന്തം ആവശ്യത്തിനായി ടോയ്‌സടക്കം വാങ്ങി. മുതിര്‍ന്നവര്‍ക്കായുള്ള ഹാപ്പി മീല്‍സ് അവതരിപ്പിച്ച് മക്‌ഡൊണാള്‍ഡ്‌സ് പോലുള്ള ബ്രാന്‍ഡുകള്‍ പോലും ഈ ട്രെന്‍ഡിനൊപ്പം ചേര്‍ന്നു. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും കിഡള്‍ട്ടിങ് ചിരിച്ചുതള്ളേണ്ട ഒന്നല്ല. ഈ മാറ്റം പലര്‍ക്കും വലിയ ആശ്വാസമായിട്ടുണ്ട്. 

കുട്ടിക്കാലത്തെ സന്തോഷം, കൗതുകം, കളികള്‍ എല്ലാം തിരിച്ചുപിടിക്കുകയാണ് പലരും. ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് മുതല്‍ മറ്റൊന്നും ചിന്തിക്കാതെ സന്തോഷിക്കാന്‍ കഴിയുന്നതുവരെ ഈ ട്രെന്‍ഡിന്റെ ഭാഗമായുള്ള നേട്ടമാണ്. മാനസികാരോഗ്യത്തില്‍ പോസിറ്റീവായ മാറ്റം ഇതുവഴി ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഈ സന്തോഷനിമിഷങ്ങള്‍ക്ക് കഴിയും. ക്രിയാത്മകമായി ചിന്തിക്കാനുള്ള കഴിവിനെ ഉണര്‍ത്താനും ഈ തിരിച്ചുപോക്ക് ഗുണകരമാകും. ഒരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അതില്‍ പൂര്‍ണ്ണമായു മുഴുകാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ ഇത് സഹായിക്കും. ഓരേ താത്പര്യങ്ങളുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാനും ജീവിതത്തില്‍ ജോലിയും ഇഷ്ടങ്ങളും തമ്മില്‍ ഒരു ബാലന്‍സ് കണ്ടെത്താനും കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com