കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് നേർത്ത കരച്ചിൽ, പൊക്കിൾകൊടി അറ്റുപോകാത്ത പിഞ്ചു കുഞ്ഞ്; അത്ഭുത രക്ഷപ്പെടൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 11:24 AM  |  

Last Updated: 08th February 2023 11:24 AM  |   A+A-   |  

baby_rescued_in_syria

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ രക്ഷപെടുത്തുന്നു, കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ/ ചിത്രം: പിടിഐ

 

ദുരന്തത്തെയും മരണത്തെയും വകഞ്ഞുമാറ്റി കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവരുന്ന ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നേർത്ത കരച്ചിൽ കേട്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലേക്കെത്തി രക്ഷാപ്രവർത്തകർ കണ്ടത് പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെയാണ്. പൊക്കിൾകൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കോടുന്നതാണ് ആ വിഡിയോ

‌വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അദ്ഭുത രക്ഷപ്പെടൽ. അമ്മയെ ഉൾപ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി.

കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ/ ചിത്രം: പിടിഐ

ഭൂകമ്പം തകർത്ത പത്ത് പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കിയിലും സിറിയയിലുമായി മരണസംഖ്യ 7800 കടന്നു. തുർക്കിയിൽ മാത്രം 5800 ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. 40,000 ഓളം പേർ ചികിത്സയിലുണ്ട്. സിറിയയിൽ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. 5775 കെട്ടിടങ്ങൾ പൂർണമായി തകർന്നതായി തുർക്കി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

തുർക്കി അധികൃതരുടെ കണക്കുപ്രകാരം മൂന്നു ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായി. തുർക്കിയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ സിറിയയിലെ ഹമയിൽ വരെ കെട്ടിടങ്ങൾ തകർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭൂകമ്പം മുതലെടുത്ത് ഐഎസ് ഭീകരർ; സിറിയയിലെ ‘ബ്ലാക്ക് പ്രിസണി’ൽ നിന്ന് 20 തടവുകാർ ജയിൽ ചാടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ