

കല്ല്യാണമൊന്നും ആയില്ലെ? 25 വയസ്സായില്ലേ ഇനിയിപ്പോ ഇങ്ങനെ നടന്നാ മതിയോ? നാലുപേർ കൂടുന്ന ഏത് പരിപാടിക്കെത്തിയാലും പെൺകുട്ടികൾ പതിവായി നേരിടേണ്ടിവരുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. സമൂഹം കൽപ്പിച്ചിരിക്കുന്ന വിവാഹപ്രായം പിന്നിട്ടിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെൺകുട്ടികൾക്ക് ചുറ്റുമുള്ള ബന്ധുക്കളും നാട്ടുകാരും സമ്മാനിക്കുന്ന മാനസിക സമ്മർദം അത്ര ചെറുതല്ല. സമ്മർദ്ദങ്ങൾക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താൽപര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികളും പറയുന്നത്. പ്രമുഖ ഡേറ്റിങ് ആപ്പായ ബംബിൾ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.
വിവാഹപ്രായമെന്ന് കരുതപ്പെടുന്ന പ്രായത്തിൽ ദീർഘകാല ദാമ്പത്യത്തിലേക്ക് കടക്കാൻ നാലുവശത്തു നിന്നും നിർബന്ധമുണ്ടെന്ന് 33 ശതമാനം പേരും പ്രതികരിച്ചു. ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരിൽ അഞ്ചിൽ രണ്ടുപേരും പരമ്പരാഗത രീതിയിൽ ജീവിതപങ്കാളികളെ കണ്ടെത്താൻ വീട്ടുകാർ നിർബന്ധിക്കുന്നുണ്ടെന്ന് പ്രതികരിച്ചു.
വിവാഹപ്രായം എത്തിയിട്ടും കല്യാണം വേണ്ടെന്നാണ് തീരുമാനമെങ്കിൽ എന്തോ പ്രശ്നമുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഉടൻ പരിഹാരം കണ്ടെത്തേണ്ട ഒന്നാണെന്ന തരത്തിലായിരിക്കും സമൂഹവും ബന്ധുക്കളും ഇടപെടുന്നത്. വിവാഹത്തിന് നിർബന്ധിക്കുക മാത്രമല്ല ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചവരെ മോശക്കാരായി മുദ്രകുത്തുന്ന പ്രവണതയും ആളുകൾക്കുണ്ട്. എന്നാൽ വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതൽ സുഖകരമായി തോന്നുന്നതായി 81 ശതമാനം പെൺകുട്ടികളും പ്രതികരിച്ചു. അവാഹിതരായ ഇന്ത്യക്കാർ പ്രത്യേകിച്ച് പെൺകുട്ടികൾ, തനിച്ചുള്ള ജീവിതം നയിക്കാൻ ബോധപൂർവമായ ഉറച്ച തീരുമാനമെടുക്കുന്നതായി കാണാം. സമൂഹത്തെക്കാൾ കൂടുതൽ ഇവർ വ്യക്തിഗത താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകിത്തുടങ്ങിയതായും സർവ്വേയിലെ പ്രതികരണങ്ങളിൽ വ്യക്തമാണ്.
ഡേറ്റിങ്ങിൽ ഏർപ്പെടുന്ന വ്യക്തിക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവയ്ക്കാനാവില്ലെന്നാണ് 63 ശതമാനം പേരും പ്രതികരിച്ചത്. ഏറ്റവും അനുയോജ്യനെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്തുന്ന കാലം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് 83 ശതമാനം പെൺകുട്ടികളും പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates