പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരം ഏത്? ഹോങ്കോങ്ങിനെ മറികടന്ന് ന്യൂയോർക്ക്; ആദ്യ അഞ്ചിൽ സിംഗപ്പൂരും, 2023ലെ പട്ടിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2023 11:43 AM |
Last Updated: 07th June 2023 11:45 AM | A+A A- |

ന്യൂയോർക്ക്/ ഫയൽ ചിത്രം
ജോലിക്കും പഠനാവശ്യങ്ങൾക്കുമായി രാജ്യം വിട്ട് അന്യനാടുകളിലേക്ക് ചേക്കേറുന്നവർ നിരവധിയാണ്. മാതൃരാജ്യം വിട്ട് ഇവിടങ്ങളിൽ സ്ഥിരതാമസമാക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ജീവിതച്ചെലവടക്കം പല കാര്യങ്ങൾ പരിഗണിച്ചാണ് പോകേണ്ട രാജ്യം തെരഞ്ഞെടുക്കുന്നത്. ഇതിൽ പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം ന്യൂയോർക്കാണ്. ഇസിഎ ഇന്റർനാഷണലിന്റെ 2023ലെ പട്ടികയിലാണ് ഹോങ്കോങ്ങിനെ മറികടന്ന് ന്യൂയോർക്ക് ഒന്നാമതെത്തിയത്. കുതിച്ചുയരുന്ന വാടക സിംഗപ്പൂരിനെ പട്ടികയിൽ ആദ്യ അഞ്ചിൽ എത്തിച്ചു. ജനീവ, ലണ്ടൻ എന്നീ നഗരങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തായിരുന്ന സിംഗപ്പൂരാണ് ഈ വർഷം അഞ്ചാമതുള്ളത്. പട്ടികയിൽ ഏറ്റവുമധികം കുതിപ്പ് കാണിച്ച നഗരം ഇസ്താംബുൾ ആണ്. 2022ലെ പട്ടികയിൽ 108-ാം സ്ഥാനത്തായിരുന്ന ഇസ്താംബുൾ ഇക്കുറി 95-ാം സ്ഥാനത്താണ്. ഉപഭോക്തൃ വസ്തുക്കളുടെയും സേവനങ്ങളുടെയും വില, പ്രവാസികൾ താമസിക്കുന്ന പ്രദേശങ്ങളിലെ വാടക തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്താണ് ഇസിഎ ഇന്റർനാഷണൽ റാങ്കിങ് നടത്തുന്നത്.
റഷ്യൻ പ്രവാസികളുടെ കുത്തൊഴുക്കിൽ ദുബായ് വാടക മൂന്നിലൊന്ന് വർധിച്ചത് നഗരത്തെ 12-ാം സ്ഥാനത്തേക്ക് എത്തിച്ചു. കഴിഞ്ഞവർഷം 23-ാമതായിരുന്നു ദുബായ്. മുക്ക യൂറോപ്യൻ നഗരങ്ങളും റാങ്കിങ്ങിൽ ഉയർന്നപ്പോൾ നോർവീജിയൻ, സ്വീഡിഷ് നഗരങ്ങളുടെ റാങ്കിങ്ങ് താണു. കറൻസി മൂല്യം കുറഞ്ഞതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും മൂലം ചൈനീസ് നഗരങ്ങളുടെ റാങ്കിങ്ങും ഇടിഞ്ഞിട്ടുണ്ട്. ഡോളറിന്റെ മൂല്യം വർദ്ധിച്ചതും ഉയർന്ന പണപ്പെരുപ്പവും എല്ലാ യു എസ് നഗരങ്ങളുടെയും റാങ്കിങ് ഉയർത്തി. സാൻഫ്രാൻസിസ്‌കോ ആദ്യ 10ൽ എത്തി. 120രാജ്യങ്ങളിലെ 207 നഗരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക.
ആദ്യ 20 റാങ്കുകളിൽ ഉള്ള രാജ്യങ്ങൾ
ന്യൂയോർക്ക്, യുഎസ് (2022 റാങ്കിങ്: 2)
ഹോങ്കോംഗ്, ചൈന (1)
ജനീവ, സ്വിറ്റ്‌സർലൻഡ് (3)
ലണ്ടൻ, യുകെ (4)
സിംഗപ്പൂർ (13)
സൂറിച്ച്, സ്വിറ്റ്‌സർലൻഡ് (7)
സാൻ ഫ്രാൻസിസ്‌കോ, യുഎസ് (11)
ടെൽ അവീവ്, ഇസ്രായേൽ (6)
സിയോൾ, സൗത്ത് കൊറിയ (10)
ടോക്കിയോ, ജപ്പാൻ (5)
ബേൺ, സ്വിറ്റ്‌സർലൻഡ് (16)
ദുബായ്, യുഎഇ (23)
ഷാങ്ഹായ്, ചൈന (8)
ഗ്വാങ്ഷൗ, ചൈന (9)
ലോസ് ആഞ്ചലസ്, യുഎസ് (21)
ഷെൻഷെൻ, ചൈന (12)
ബെയ്ജിംഗ്, ചൈന (14)
കോപ്പൻഹേഗൻ, ഡെന്മാർക്ക് (18)
അബുദാബി, യുഎഇ (22)
ചിക്കാഗോ, യുഎസ് (25)
ഈ വാര്‍ത്ത കൂടി വായിക്കൂ
പ്രതിദിന യുപിഐ ഇടപാട് പരിധി അറിയണോ?; എണ്ണത്തിലും നിയന്ത്രണമുണ്ട്, വിശദാംശങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ