'ഐതിഹാസികം' നമ്മുടെ പാര​ഗൺ, ലോകപട്ടികയിൽ പതിനൊന്നാമത്; 150 റെസ്റ്റോറന്റുകളിൽ ഏഴ് ഇന്ത്യൻ രുചിപെരുമ

ലോകത്തിലെ ഏറ്റവും ഐതിഹാസികമായ 150 റെസ്റ്റോറന്റുകളും അവിടുത്തെ ജനപ്രിയ വിഭവങ്ങളും ലിസ്റ്റ് ചെയ്തുള്ള പട്ടികയിൽ 11-ാം സ്ഥാനത്ത് നമ്മുടെ സ്വന്തം പാര​ഗൺ ആണ്
ചിത്രം: പാര​ഗൺ, ഫേയ്സ്ബുക്ക്
ചിത്രം: പാര​ഗൺ, ഫേയ്സ്ബുക്ക്

പാര​ഗണിലെ ബിരിയാണി എന്ന് കേൾക്കുമ്പോഴേ 'എന്നാ വണ്ടി കോഴിക്കോട്ടേക്ക് വിട്ടോ...' എന്ന് പറയുന്നവർ ഒരുപാടുണ്ട്. ഇപ്പോഴിതാ, ആ രുചിപെരുമയ്ക്ക് ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഐതിഹാസികമായ 150 റെസ്റ്റോറന്റുകളും അവിടുത്തെ ജനപ്രിയ വിഭവങ്ങളും ലിസ്റ്റ് ചെയ്തുള്ള പട്ടികയിൽ 11-ാം സ്ഥാനത്ത് നമ്മുടെ സ്വന്തം പാര​ഗൺ ആണ്. ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയാണിത്.

പാരഗൺ അടക്കം ഏഴ് ഇന്ത്യൻ റെസ്റ്റോറന്റുകളാണ് പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുള്ളത്. തലമുറകൾ കൈമാറിവന്ന രുചി ഒട്ടും ചോർന്നുപോകാതെ നിലനിർത്തുകയാണ് ഈ റെസ്റ്റോറന്റുകളെന്നാണ് ടേസ്റ്റ് അറ്റ്ലസ് വെബ്സൈറ്റിൽ പറയുന്നത്. പട്ടികയിലുള്ള ഓരോ റെസ്റ്റോറന്റുകൾക്കും ഒരു കഥ പറയാനുണ്ട്, പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയും നല്ല ഓർമ്മകൾ സമ്മാനിക്കുകയും ചെയ്യുന്നവയാണ് ഇവ ഓരോന്നും എന്നാണ് ടേസ്റ്റ് അറ്റ്ലസ് വിലയിരുത്തുന്നത്. 

ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫീഗൽമുള്ളർ ആണ് പട്ടികയിൽ ഒന്നാമതുള്ളത്. 1905ൽ ആണ് ഈ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചത്. 1888 മുതൽ ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തിക്കുന്ന കാറ്റ്‌സ് ഡെലിക്കേറ്റസെൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്തൊനേഷ്യൻ റെസ്റ്റോറന്റ് വാറുങ് മാക് ബെംഗ് (1941) മൂന്നാമതും മെക്‌സിക്കോ സിറ്റിലിലുള്ള ലാ പോളാർ (1934) നാലാമതുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com