പ്രണയത്തകര്‍ച്ച ഇത്ര വേദനിപ്പിക്കുന്നത് എന്തുകൊണ്ടാ? ബ്രേക്കപ്പ് കഠിനമാകുന്നതിന് പിന്നിലെ ശാസ്ത്രം 

വൈകാരികമായ വേര്‍പിരിയല്‍ മൂലം ഒരാള്‍ അനുഭവിക്കുന്ന വേദന യഥാര്‍ത്ഥമാണെന്നും അതിനുപിന്നില്‍ ഒരു കാരണമുണ്ടെന്നും പറയുകയാണ് വിദഗ്ധര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രണയത്തിലാകുക എന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. എന്നാല്‍ ബ്രേക്കപ്പ് ആകുന്നത് എല്ലാവര്‍ക്കും ഒരുപോലെ മറികടക്കാന്‍ കഴിയണമെന്നില്ല. പങ്കാളി നഷ്ടപ്പെടുമ്പോള്‍ നെഗറ്റീവ് വികാരങ്ങള്‍ മനസ്സില്‍ കുന്നുകൂടുകയും ശാരീരികമായി പോലും വേദന തോന്നുന്ന തലത്തിലേക്ക് പലരും എത്തിപ്പെടാറുമുണ്ട്. വൈകാരികമായ വേര്‍പിരിയല്‍ മൂലം ഒരാള്‍ അനുഭവിക്കുന്ന വേദന യഥാര്‍ത്ഥമാണെന്നും അതിനുപിന്നില്‍ ഒരു കാരണമുണ്ടെന്നും പറയുകയാണ് വിദഗ്ധര്‍. 

പ്രണയത്തിലാകുമ്പോള്‍ ഹോര്‍മോണുകളുടെ സ്വാഭാവികമായ ഒഴുക്ക് ഉണ്ടാകും. 'കഡില്‍ കെമിക്കല്‍' അല്ലെങ്കില്‍ 'പ്രണയ ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഒക്‌സിടോക്‌സിന്‍, 'ഫീല്‍ ഗുഡ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഡോപാമൈന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ബ്രേക്കപ്പ് ആകുമ്പോള്‍ ഒക്‌സിടോക്‌സിന്‍, ഡോപാമൈന്‍ ലെവല്‍ താഴും. അതേസമയം സമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഉയരുകയും ചെയ്യും. 

കോര്‍ട്ടിസോള്‍ അളവ് ഉയരുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശരീരഭാരം, മുഖക്കുരു, ഉത്കണ്ഠ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ബ്രേക്കപ്പ് പോലുള്ള തിരിച്ചടികള്‍ വേദനയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങളെയും ഉത്തേജിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ചില സന്ദര്‍ഭങ്ങളില്‍ ഇതൊരു രോഗാവസ്ഥയിലേക്കും എത്താറുണ്ട്. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന തകോട്‌സുബോ കാര്‍ഡിയോമയോപ്പതി ആണ് അത്. വൈകാരികമായും ശാരീരികമായും തീവ്രമായി സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ആണ് ഈ അവസ്ഥയുണ്ടാകുന്നത്. സാധാരണ നിലയില്‍ ഹൃദയം രക്തം പമ്പ് ചെയ്യുന്ന രീതിയില്‍ ഇതുമൂലം മാറ്റമുണ്ടാകുകയും ചിലപ്പോള്‍ ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇതുമൂലം പലര്‍ക്കും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. പലപ്പോഴും ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം കുറച്ച് ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ക്കുള്ളിലോ ഭേദമാകാറുണ്ട്. എന്നാല്‍ അപൂര്‍വ്വ സാഹചര്യങ്ങളില്‍ ഇതുമൂലം മരണം സംഭവിച്ചിട്ടുണ്ടെന്നും വദഗ്ധര്‍ പറഞ്ഞു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com