മനുഷ്യരെ നിയമം പഠിപ്പിക്കും ഈ നായ!, ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചൊരു യാത്ര; വൈറൽ വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2023 01:09 PM  |  

Last Updated: 24th May 2023 01:09 PM  |   A+A-   |  

dog_wearing_helmet

വിഡിയോ സ്ക്രീൻഷോട്ട്

 

ബൈക്ക് യാത്രയിൽ പിൻസീറ്റിലിരിക്കുന്നവരും ഹെൽമെറ്റ് വയ്ക്കണമെന്നത് ആർക്കും പുതിയ അറിവായിരിക്കില്ല. അത് എത്ര പേർ പാലിക്കുന്നുണ്ടെന്നത് ചോദ്യമായി അവശേഷിക്കുമ്പോഴും ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാരും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം. എന്നിലാതാ, ഈ നിയമം നമ്മളെ പഠിപ്പിക്കുകയാണ് ഒരു നായ!. 

ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമെറ്റും ധരിച്ച് സഞ്ചരിക്കുന്ന നായയുടെ വിഡിയോയാണ് ട്വിറ്ററിൽ ശ്രദ്ധനേടുന്നത്. നിയമം നിയമമാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുൻകാലുകൾ കൊണ്ട് ബൈക്കോടിക്കുന്ന ആളുടെ തോളിൽ പിടിച്ച് ഹെൽമെറ്റും വച്ച് പിന്നിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് കറുത്ത ലാബ്രഡോർ നായ. പിന്നിൽ നിന്ന് നോക്കിയാൽ ബൈക്കിലിരിക്കുന്നത് നായയാണെന്ന് മനസ്സിലാക്കാൻ തന്നെ പ്രയാസമാണ്. 

വിഡിയോ നല്ല സന്ദേശമാണ് പങ്കുവയ്ക്കുന്നതെങ്കിലും ഈ പ്രവർത്തിയോട് പലരും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. നായയെ ഇങ്ങനെയല്ല വളർത്തേണ്ടതെന്നും ഇത്തരം യാത്രകൾ അപകടം വിളിച്ചുവരുത്തുമെന്നുമൊക്കെ പലരും കമന്റിൽ കുറിച്ചു. ഹെൽമറ്റ് വയ്ക്കണമെന്ന നിയമം മാത്രമല്ല പാലിക്കേണ്ടത് മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ റോഡിലുള്ള മറ്റ് ആളുകളുടെ ജീവനും ഭീഷണിയാണെന്നാണ് ഭൂരിഭാ​ഗം ആളുകളുടെയും അഭിപ്രായം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

"ആ മൈക്ക് ഒന്ന് ഓഫാക്കാമോ?", ചിപ്‌സും കൊറിച്ച് മീറ്റിങ്ങിനിരുന്നപ്പോള്‍ പറ്റിയ അബദ്ധം; വൈറല്‍

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ