

കണ്ണൂര്‍: കേസിന്റെ പേരില്‍ പൂട്ടിയ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ കുരുവിക്ക് ജില്ലാ ഭരണകൂടം ഇടപെടലില്‍ മോചനം. കണ്ണൂര്‍ ഉളിക്കലിലാണ് നിയമ കുരുക്കിനും ചില്ലുകൂടിനും ഉള്ളില്‍ കുഞ്ഞിക്കുരുവിയുടെ ജീവിതം തടങ്കലിലായത്. കിളിയുടെ നിസ്സഹായാവസ്ഥ കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്.
ഉളിക്കലിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം കേസില്‍ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ചില്ലുകൂടില്‍ കുരുവി കുടുങ്ങിയത്. കടപൂട്ടി സീല്‍ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാന്‍ വഴിയില്ലാതായി.
ചില്ലുകൂട്ടിനുള്ളില്‍ പറക്കുന്ന കുരുവിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്ന ശ്രമങ്ങള്‍ നാട്ടുകാര്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നല്‍കാനും ശ്രമം നടത്തി. ഒടുവില്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ കോടതി ഇടപെടലില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് അവരും നിലപാട് എടുത്തു.
വിഷയം ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് കുരുവിയെ പുറത്തെത്തിക്കാന്‍ അദ്ദേഹം നടപടിയെടുത്തത്. കട തുറന്ന് കിളിയെ മോചിപ്പിക്കാന്‍ ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയതോടെ കിളി മോചനം നേടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates