ഇനി തെരുവുനായ്ക്കളുടെ വിശപ്പകറ്റാന്‍ 'പവിയേട്ടന്‍' ഇല്ല; സഹജീവി സ്‌നേഹത്തിന്റെ മാതൃക ഓര്‍മ്മയായി- വിഡിയോ

താന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന തെരുവുനായ്ക്കളെ അനാഥമാക്കി കണ്ണൂര്‍ അഞ്ചരക്കണ്ടി കാവിന്‍ മൂലയിലെ പവിത്രന്‍ (78) ഓര്‍മ്മയായി
'Paviyettan' no longer there to feed the hungry stray dogs
പവിത്രന്‍
Updated on
1 min read

കണ്ണൂര്‍: ഓമനിച്ചു വളര്‍ത്തിയിരുന്ന തെരുവുനായ്ക്കളെ അനാഥരാക്കി കണ്ണൂര്‍ അഞ്ചരക്കണ്ടി കാവിന്‍ മൂലയിലെ പവിത്രന്‍ (78) ഓര്‍മ്മയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കാവിന്‍ മൂലയ്ക്ക് സമീപത്തെ പുറത്തെക്കാടിലെ വീട്ടില്‍ പത്തോളം തെരുവ് നായ്ക്കളെ പവിത്രന്‍ ഭക്ഷണം കൊടുത്തു സ്ഥിരമായി വളര്‍ത്തിയിരുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതു കൂടാതെ കാക്കകളും പൂച്ചകളും ഇദ്ദേഹത്തിന്റെ സന്തത സഹചാരികളായിരുന്നു. ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കാക്കയെ ഇടം കൈവെളളയില്‍ വെച്ചു ഊട്ടിയിരുന്ന പവിത്രന്റെ സഹജീവി സ്‌നേഹം സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്.

നാട്ടുകാര്‍ പവിയേട്ടനെന്നു വിളിക്കുന്ന പവിത്രേട്ടന്‍ കണ്ണൂര്‍ നഗരത്തില്‍ അര നൂറ്റാണ്ടിലേറെക്കാലം ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഇതിനു ശേഷം കാവിന്‍ മൂലയിലും അദ്ദേഹം ജോലി ചെയ്തു. കഴിഞ്ഞ കുറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. വീട്ടില്‍ മാത്രമല്ല എന്നും രാവിലെ ഏഴിന് കാവിന്‍ മൂല ടൗണില്‍ ചായ കുടിക്കാനെത്തിയാല്‍ തെരുവുനായ്ക്കള്‍ക്ക് ബിസ്‌കറ്റും റൊട്ടിയും നല്‍കിയിരുന്നു.

തനിക്ക് കിട്ടിയിരുന്ന ക്ഷേമ പെന്‍ഷനില്‍ നിന്നാണ് ഇതിനായുള്ള തുക കണ്ടെത്തിയിരുന്നത്. പവിത്രന്റെ മരണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകള്‍ കാവിന്‍ മൂലയിലെ വീട്ടിലേക്ക് ഒഴുകി എത്തി. പയ്യാമ്പലം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിട്ടുവെന്ന് പേരുള്ള തെരുവുനായ ഉള്‍പ്പെടെ പത്തെണ്ണമാണ് പവിത്രന്റെ സന്തത സഹചാരിയായുണ്ടായിരുന്നത്.

മനുഷ്യര്‍ തെരുവുനായ്ക്കളെ പേടിച്ചിരുന്ന ഈക്കാലത്ത് സ്‌നേഹം കൊണ്ടു അവയെ കീഴടക്കുകയായിരുന്നു പവിത്രന്‍. ഇദ്ദേഹം എന്തു പറഞ്ഞാലും അതു മനസിലാക്കി ചെയ്യുമായിരുന്നു നായകള്‍. പോകാന്‍ പറഞ്ഞാല്‍ പോകും , വരാന്‍ പറഞ്ഞാല്‍ വരും. കുസൃതി കാണിച്ചാല്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ശകാരിച്ചു അടക്കി നിര്‍ത്തുമായിരുന്നു പവിത്രന്‍. ഇദ്ദേഹത്തിന്റെ തെരുവുനായ സ്‌നേഹത്തെ കുറിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ അവയ്ക്കും വിശക്കില്ലേയെന്നാണ് ചെറു ചിരിയോടെ ചോദിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com