തുളസി ഗബ്ബാര്‍ഡ് ഇന്ത്യക്കാരിയോ?; യുഎസ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഹിന്ദു പേര് വന്നത് എങ്ങനെ?
വാഷിങ്ടണ്‍: കഴിഞ്ഞ ദിവസമാണ് യുഎസ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി തുളസി ഗബ്ബാര്‍ഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഓവല്‍ ഓഫീസിലില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയാണ് ഗബ്ബാര്‍ഡിന് സത്യവാചകം ചൊല്ലി കൊടുത്തത്. ബുധനാഴ്ച സെനറ്റ് നിയമനം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ.
ഇപ്പോള്‍ ഇവരുടെ ഹിന്ദു പേരും സതൃപ്രതിജ്ഞ ചടങ്ങിലെ തുളസി ഗബ്ബാര്‍ഡിന്റെ വേറിട്ട പ്രവൃത്തിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ ഇന്ത്യന്‍ വംശജ ആണോ എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ഭഗവദ്ഗീതയില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ഇവര്‍ ആരാണ് എന്ന് അറിയാനുള്ള ആകാംക്ഷ വര്‍ധിച്ചത്. യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു-അമേരിക്കന്‍ വംശജ കൂടിയാണ് അവര്‍.
തുളസി ഗബ്ബാര്‍ഡ് ഇന്ത്യക്കാരിയാണോ?
അമേരിക്കന്‍-സമോവന്‍ കുടുംബത്തില്‍ ജനിച്ച തുളസി ഗബ്ബാര്‍ഡിന് ഇന്ത്യയുമായി നേരിട്ട് ബന്ധമില്ല. ഹവായിയിലാണ് ഇവര്‍ വളര്‍ന്നതെങ്കിലും 43 കാരിയായ ഗബ്ബാര്‍ഡ് ഹിന്ദു പാരമ്പര്യം പിന്തുടരുന്നു. ഭഗവദ്ഗീതയുമായി ആഴത്തില്‍ ബന്ധമുള്ള ഇവര്‍ ഭഗവദ്ഗീതയിലെ കര്‍മ്മ യോഗ, ഭക്തി യോഗ എന്നിവയെക്കുറിച്ചുള്ള ഗീത പഠനങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്.
കൗമാരകാലം മുതല്‍ തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ഗബ്ബാര്‍ഡ് ഹിന്ദു തത്വങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭഗവദ്ഗീത തന്റെ മൂല്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ രൂപപ്പെടുത്തിയെന്ന് ഗബ്ബാര്‍ഡ് പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്.
2016ല്‍ വാഷിംഗ്ടണില്‍ നടന്ന ഇസ്‌കോണിന്റെ 50-ാം വാര്‍ഷിക ഗാല പരിപാടിയില്‍ അവര്‍ മുഖ്യ പ്രഭാഷകയായിരുന്നു. 1965-ല്‍ ഇസ്‌കോണ്‍ സ്ഥാപിച്ചതിന്റെയും അമേരിക്കയില്‍ ശ്രീല പ്രഭുപാദ എത്തിയതിന്റെയും ഓര്‍മ്മയ്ക്കായിട്ടായിരുന്നു പരിപാടി.നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗീത പഠനത്തില്‍ നിന്നാണ് തനിക്ക് പൊതുസേവനത്തിനുള്ള പ്രചോദനം ഉണ്ടായതെന്നും ഗബ്ബാര്‍ഡ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വൈഷ്ണവ സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന സയന്‍സ് ഓഫ് ഐഡന്റിറ്റി ഫൗണ്ടേഷനുമായും (SIF) അവരുടെ കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.
ഗബ്ബാര്‍ഡിന്റെ അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍ഡ് കൊക്കേഷ്യന്‍ വംശജയാണ്. അവര്‍ ഹിന്ദുമതം പിന്തുടരുന്നു. വൃന്ദാവന്‍, ജയ്, ഭക്തി, ആര്യന്‍ എന്നിവരാണ് ഗബ്ബാര്‍ഡിന്റെ സഹോദരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ