മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കൈയില്‍ പണമില്ല, വീട്ടില്‍ ഒറ്റയ്ക്ക് 40 അടി താഴ്ചയില്‍ കിണര്‍ കുഴിച്ചു; 'ഗംഗ' ഒഴുകിയെത്തി എന്ന് 57കാരി

കൈയില്‍ പണമില്ലാത്തതിനാല്‍ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് പോകാന്‍ കഴിയാത്തതിന്റെ വിഷമം മാറ്റാന്‍ വേറിട്ട പ്രവൃത്തിയുമായി കര്‍ണാടക സ്വദേശിനിയായ 57കാരി
Gowri digs 40-foot well in her backyard in Karnataka to bring 'Ganga' to earth
ഗൗരിഫോട്ടോ: എക്സ്പ്രസ്
Updated on
1 min read

ബംഗലൂരു: കൈയില്‍ പണമില്ലാത്തതിനാല്‍ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് പോകാന്‍ കഴിയാത്തതിന്റെ വിഷമം മാറ്റാന്‍ വേറിട്ട പ്രവൃത്തിയുമായി കര്‍ണാടക സ്വദേശിനിയായ 57കാരി. തന്റെ വീടിന്റെ പിന്‍വശത്ത് 40 അടി താഴ്ചയില്‍ കിണര്‍ കുഴിച്ച് 'ഗംഗ'യെ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗൗരി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ഗൗരി കിണറിനായി കുഴിച്ചത്.

2024 മധ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്ന്, അംഗന്‍വാടി കുട്ടികളുടെയും ജീവനക്കാരുടെയും ദാഹം ശമിപ്പിക്കാന്‍ അവര്‍ കിണര്‍ കുഴിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ഗൗരിയുടെ മറ്റൊരു വേറിട്ട പ്രവൃത്തി. 'മഹാകുംഭമേളയില്‍ പോകാന്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായിരിക്കണം. എനിക്ക് അവിടം വരെ പോകാന്‍ പണത്തിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇവിടെ ഒരു കിണര്‍ കുഴിച്ച് ഗംഗയെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കിണറ്റില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നതില്‍ സന്തോഷം ഉണ്ട്. ഈ മാസം അവസാനം ശിവരാത്രി ദിനത്തില്‍ പുണ്യ സ്‌നാനം നടത്താന്‍ പദ്ധതിയുണ്ട്'- ഗൗരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡിസംബറിലാണ് മഹാകുംഭമേളയെക്കുറിച്ച് ഗൗരി കേട്ടത്. പക്ഷേ പ്രയാഗ്രാജിലേക്ക് പോകാന്‍ തന്റെ പക്കല്‍ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായി. അപ്പോഴാണ് അവര്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 15 ന് അവര്‍ ജോലി ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം ഏകദേശം ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെയാണ് ഗൗരി ജോലി ചെയ്തത്. കൃത്യം രണ്ട് മാസത്തിന് ശേഷം, ഫെബ്രുവരി 15 ന് അവര്‍ കിണര്‍ പൂര്‍ത്തിയാക്കിയെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു.

ആരുടെയും സഹായമില്ലാതെ ഒരു കിണര്‍ കുഴിക്കുന്നത് ഗൗരിക്ക് പുതിയ കാര്യമല്ല. ഇതിനകം സ്വന്തമായി നാല് കിണറുകളാണ് ഗൗരി കുഴിച്ചത്. ഒന്ന് കൃഷിക്കായി തന്റെ പാടത്താണ് കുഴിച്ചത്. മറ്റൊന്ന് തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ ദാഹം ശമിപ്പിക്കാനും മൂന്നാമത്തേത് 2024 മധ്യത്തില്‍ സിര്‍സിയിലെ ഗണേഷ് നഗര്‍ അംഗന്‍വാടി സ്‌കൂളിലുമാണ്.

അംഗന്‍വാടിയില്‍ ഗൗരി കിണര്‍ കുഴിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം എതിര്‍പ്പുമായി രംഗത്തുവന്നു. അന്നത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ കുഴിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ ഉത്തരവിട്ടു. ജില്ലാ ചുമതലയുള്ള മന്ത്രി മങ്കല്‍ വൈദ്യ ആദ്യം അവരെ ആദരിച്ചെങ്കിലും പിന്നീട് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ ഉത്തര കന്നഡ പാര്‍ലമെന്റ് അംഗം അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പിന്തുണയോടെ ഗൗരി കിണര്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com