
കൊച്ചി: ദിവസം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പോലും വെള്ളമില്ലാതായാല്‍ നമുക്ക് മുന്നോട്ടുപോകാനാവില്ല. വെള്ളം തീരെയില്ലാതാവുന്ന അവസ്ഥ ചിന്തിക്കാനേ കഴിയില്ല. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രവും തീരെ വികസനവും ഇല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ മലാവിയിലെ കാര്യം പറയുകയേ വേണ്ട. അവിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് പോയ യുവ മലയാളി ദമ്പതികള്‍ എത്തിയതോടെ ഒരു നാടിന്റെ തന്നെ തലവരയാണ് മാറ്റിവരച്ചത്.
മലാവിയില്‍ കാര്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിലേയ്ക്ക് നിലമ്പൂര്‍ സ്വദേശികളായ അരുണ്‍ സി അശോകന്‍ 2019ലാണ് എത്തുന്നത്. വെള്ളമില്ലാതെ ഗ്രാമവാസികള്‍ കഷ്ടപ്പെടുന്നതു കണ്ടാണ് ഇതിന് എന്തു പരിഹാരം എന്ന് അരുണ്‍ ആലോചിച്ചു തുടങ്ങിയത്. ചാക്കുകള്‍ ഉപയോഗിച്ച് ചെറിയ അണക്കെട്ടുകള്‍ നിര്‍മിക്കാനും സംഭരിച്ച വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാനുമാണ് അവരെ ആദ്യം പഠിപ്പിച്ചതെന്ന് അരുണ്‍ പറയുന്നു. പിന്നീടാണ് കിഴര്‍ കുഴിക്കുക എന്ന സാധ്യത പരിശോധിച്ചത്. മണ്ണിന് ഉറപ്പില്ലാത്തതിനാല്‍ കിണര്‍ പ്രായോഗികമല്ലെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. അപ്പോഴാണ് കേരള മാതൃകയില്‍ വശങ്ങള്‍ കെട്ടിയുറപ്പിച്ച കിണര്‍ പറ്റുമോ എന്നു ശ്രമിച്ചത്. മലാവിയിലെ വിവിധ ഗ്രാമങ്ങളിലായി ഇതുവരെ ഏഴ് കിണറുകളാണ് കുഴിച്ചത്. ഭര്‍ത്താവിന്റെ ആഗ്രഹത്തിനനുസരിച്ച് ഭാര്യ സുമിയും ഒപ്പം നിന്നു.
''കിണര്‍ നിര്‍മിക്കാന്‍ മണ്ണിന്റെ ഉറപ്പില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. പിന്നീട് ഇഷ്ടികയും സിമന്റും ഉപയോഗിച്ച് മണ്ണ് ഇടിഞ്ഞ് വീഴാതിരിക്കാന്‍ കിണറിന്റെ ഉള്‍ഭാഗം കെട്ടി. അത്തരത്തിലുള്ള ഏഴ് കിണറുകളാണ് നിര്‍മിച്ചത്. ഇപ്പോള്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുകയും ചെയ്യുന്നു''- അരുണ്‍ പറയുന്നു..
എല്ലാം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് അരുണ്‍ പറയുന്നത്. അമ്മാവനാണ് തന്നെ മലാവിയിലേയ്ക്ക് കൊണ്ടുവന്നതെന്നും മലാവിയിലെ ഒരു കമ്പനിയിലെ വെയര്‍ഹൗസ് മാനേജരായാണ് ജോലിക്കെത്തിയതെന്നും 33 കാരനായ അരുണ്‍ പറയുന്നു. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണ കമ്പനിയിലെ ജോലിയിലേയ്ക്ക് മാറിയപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. ആഫ്രിക്കയിലെ കഠിനമായ ജീവിത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും അതാണ് ഇത്തരമൊരു ഉദ്യമത്തിന് വഴിത്തിരിവായതെന്നും അരുണ്‍ പറയുന്നു.
തന്റെ ചിന്തകള്‍ വഴിമാറി സഞ്ചരിച്ച ആ സാഹചര്യത്തെക്കുറിച്ച് അരുണ്‍ പറയുന്നു,'' കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയുടെ ഭാഗമായി അണക്കെട്ടുകള്‍ നിര്‍മിക്കുന്നതും മറ്റുമായിട്ടുള്ള വലിയ പദ്ധതികളാണ് ചെയ്യേണ്ടിയിരുന്നത്. അതിനായി ചിലപ്പോള്‍ ദൂര ഗ്രാമങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. ചിസാസില എന്ന ഗ്രാമത്തിലേയ്ക്ക് അങ്ങനെയൊരിക്കല്‍ സന്ദര്‍ശനം നടത്തി. അവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ കുറച്ച് കുട്ടികളെ കണ്ടു. അന്വേഷിച്ചപ്പോള്‍ ഗ്രാമവാസികള്‍ അതൊരു സ്‌കൂളാണെന്ന് പറഞ്ഞു. പുല്ല് മേഞ്ഞ മേല്‍ക്കൂരയും നാല് തൂണുകളുമായിരുന്നു ഉണ്ടായിരുന്നത്. മഴ പെയ്താല്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് ഗ്രാമവാസികള്‍ എന്നോട് പറഞ്ഞു. പിന്നീട് അവരെ കുറിച്ചായി ചിന്ത. അങ്ങനെ ഒന്ന് മുതല്‍ നാലാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചു. ടാര്‍പോളിന്‍ ഷീറ്റുള്ള ഒരു ഷെഡ് പണിയാന്‍ ആണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അധ്യാപകരും ഗ്രാമവാസികളും അവര്‍ക്ക് ഒരു സ്ഥിരം കെട്ടിടം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ഇഷ്ടിക നിര്‍മിക്കാന്‍ ഗ്രാമവാസികള്‍ സഹായിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 20,000 ഇഷ്ടികകള്‍ നിര്‍മിച്ചു. കെട്ടിടത്തിന് അത് മതിയായിരുന്നു, ദുബായില്‍ ജോലി ചെയ്തിരുന്ന സുഹൃത്തായ ആഷിഖിനോടും വിവരം പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ സാമ്പത്തികമായ സഹായം ചെയ്തു. ഒന്നര വര്‍ഷമെടുത്താണ് സ്‌കൂള്‍ പണിതത്. ഒരിക്കലും ക്രൗഡ് ഫണ്ടിങിനെ ആശ്രയിച്ചില്ല. ഇന്നിപ്പോള്‍ ആ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകള്‍ ഉണ്ട്. അരുണ്‍ പറയുന്നു. അതായിരുന്നു ആദ്യ സംരംഭം. ഭാര്യ സുമി എന്നോടൊപ്പം ചേര്‍ന്നതിന് ശേഷം മറ്റ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും തുടങ്ങി. വ്യത്യസ്ത പാചക രീതികള്‍ അവരെ പഠിപ്പിച്ചു. ചെറിയ കടകള്‍ സ്ഥാപിക്കാനും അവരുടെ സാധനങ്ങള്‍ വില്‍ക്കാനും ഞങ്ങള്‍ അവരെ സഹായിച്ചു.
ഇരുവര്‍ക്കും മലാവി ഡയറീസ് എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നുമൊക്കെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പൊനെല ഗ്രാമത്തില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മിക്കുന്ന ജോലിയിലാണ് ഇരുവരും ഇപ്പോള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക